Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുത്തശ്ശി വിളമ്പും കണിരുചി

vishu-1 കണിയുടേതും വർണങ്ങളുടേതും മാത്രമല്ല രുചിയുടെ കൈനീട്ടം കൂടി പകരുന്നതാണ് വിഷു. ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ, സരിൻ രാംദാസ്

പഴയകാലത്തെ വിഷുരുചിയിലെ മിന്നും താരങ്ങളെ അതേ വാസനയോടെ അവതരിപ്പിക്കുന്നു, നാല് മുത്തശ്ശിമാർ

കണിയുടേതും വർണങ്ങളുടേതും മാത്രമല്ല രുചിയുടെ കൈനീട്ടം കൂടി പകരുന്നതാണ് വിഷു. തൊടിയിൽനിന്നു പറിച്ചെടുത്ത നാട്ടുരുചിക്കൂട്ടുകൾ. വാഴയിലയിൽ ഉണക്കലരിമാവും തേങ്ങയും ചക്കരയും വേവുന്നതിന്റെ ഗന്ധം. നെയ്യിൽ മൊരിയുന്ന കാരോലപ്പങ്ങൾ. കൽച്ചട്ടിയിൽ കുറുകുന്ന മാമ്പഴക്കാളൻ. പഞ്ചാരയും പാലും അരിയും ചേർന്നൊരു മാധുര്യം. വിഷുരുചികൾ ഏറെയുണ്ട് ഓർത്തെടുക്കാൻ...



മധ്യതിരുവിതാകൂറിലെ വിഷുരുചി

‘‘അഹങ്കാരിയായിരുന്ന രാവണനെ പേടിച്ച് ചാഞ്ഞും ചെരിഞ്ഞുമുദിക്കാറുണ്ടായിരുന്ന സൂര്യൻ രാവണവധത്തിനുശേഷം നേരെയുദിച്ച ദിവസമാണ് വിഷുവെന്നാണ് പുരാണകഥ. കൊല്ലവർഷം തുടങ്ങുന്നതിനു മുമ്പു മേടത്തിലായിരുന്നു ആണ്ടുപിറപ്പ്. പിന്നീടാണ് ചിങ്ങത്തിലായത്.’’ കാണക്കാരി ക ണിയാൻകുന്നേൽ സുമ ശിവദാസ് വിഷുവിന്റെ ചരിത്രം ഓർമകളിൽ നിന്ന് വായിച്ചെടുക്കുന്നു.



 ‘‘കണി കണ്ടു കഴിഞ്ഞാൽ കൈനീട്ടം കിട്ടും. നാലണയൊ ക്കെയാണ് കിട്ടുക. അത് അപ്പോത്തന്നെ അമ്മ മേടിച്ചെടുക്കും. ഉത്സവത്തിനു വള വാങ്ങാൻ തരാമെന്ന കരാറിൽ. സദ്യ കാര്യായിട്ടൊന്നുമില്ല. അന്ന് സാമ്പാറൊന്നും ഇല്ലേയില്ല. വിഷുവിനു ചക്കവിയൽ നിർബന്ധമാണ്. കണിക്കുവെച്ച ചക്കയും മാങ്ങയും വെള്ളരിയുമെല്ലാമാണ് അവിയലിന്റെ പ്രധാന കഷണങ്ങൾ. ചക്കയുടെ മുള്ള് കുറച്ചു കനത്തിൽ ചെത്തി ചകിണിയും നീക്കി നീളത്തിലും അൽപം കനത്തിലും മുറിച്ചെടുക്കും.

പടവലങ്ങയും വെള്ളരിക്കയും അതേ രീതിയിൽത്തന്നെ. മുരിങ്ങയ്ക്ക കടിച്ചെടുക്കാൻ പാകത്തിൽ നീളത്തിൽ മുറിച്ചിടും. തൊടിയിലെ അച്ചിങ്ങപ്പയർ ഒടിച്ചതും കുറച്ചു ചക്കച്ചുളയും ചക്കക്കുരുവുമിട്ടു എല്ലാംകൂടി ഒന്നു വേവിക്കും. അവിയലിനൊരു പാകമുണ്ട്. അധികം വേവിച്ചാൽ ഒരു പുഴുക്കു ചുവ വരും. ചക്കവിയലിൽ പുളിക്കു മാങ്ങയാണ് ചേർക്കുക. തൈരല്ല. അതും തേങ്ങ ഒന്നൊതുക്കിയതും ചേർത്ത് ഇലയിട്ടു മൂടിവെക്കണം. അതുപോലെ ചക്കക്കുരുവും പടവലങ്ങയും മുരിങ്ങയ്ക്കയും കൂടിയൊരു കൂട്ടുതോരനുണ്ട്.

suma-sivadas സുമ ശിവദാസ്.

ചക്കക്കുരുവും പടവലങ്ങയും ചെറുതായരിയും. മുരിങ്ങയ്ക്ക നീളത്തിൽത്തന്നെ. മൂത്തുപോയതാണെങ്കിൽ പൊളന്നിട്ടു ഉള്ളിലുള്ളത് ഒരു കരണ്ടികൊണ്ടു കോരിയെടുക്കാം. ഇതു മൂന്നും ഉപ്പും മുളകും മഞ്ഞളുമിട്ടു വേവിച്ച് തേങ്ങയും ചുവന്നുള്ളിയും കൂടി ചതച്ചു ചേർത്തശേഷം കുത്തരിയിട്ടു കടുകു വറുക്കണം. ഉച്ചയൂണിനു ഇലനിറഞ്ഞു വിഭവങ്ങളൊന്നുമുണ്ടാകില്ല.



ഉറുമ്പുകൾക്കും കൊടുക്കും വിഷുസദ്യ.  ഉച്ചയ്ക്ക് വിളക്കത്ത് വിളമ്പിയ സദ്യയാണ് ഇതിന്നെടുക്കുക. അമ്മ ഒരു പാത്രത്തിൽ ചോറും പരിപ്പും പപ്പടവും പായസവും കൂട്ടി കുഴച്ചെടുക്കും. നടക്കല്ലിന്റെയും വീടിന്റെയും മൂലകളിലെല്ലാം ഓരോ ഇലക്കീറുകളിൽ തിരി കത്തിച്ച് നീട്ടി വയ്പ്പിക്കും. ഓരോ ഉരുള ചോറ് ആ ഇലക്കീറിൽ വയ്ക്കും.’’ ‍ജാലകത്തിലൂടെ പുറത്തേക്കു നോക്കിയിരിക്കുന്ന ആ കണ്ണുകളിലിപ്പോഴുമുണ്ട്  കണിക്കൊന്നയുടെ നന്മയും ഗ്രാമത്തിന്റെ വിശുദ്ധിയും.

കോവിലകം കാളൻ

മാമ്പഴം  – നാല്, മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ,
ഉപ്പ് – ആവശ്യത്തിന്, ശർക്കര പാനി – രണ്ടുവലിയ സ്പൂൺ,
പുളിയുള്ള തൈര് – ഒന്നര ലീറ്റർ,
അരപ്പിന് - തേങ്ങ ചുരണ്ടിയത് – ഒരു കപ്പ്,
 ‍ജീരകം – രണ്ടു നുള്ള്‌, പച്ചമുളക് – എട്ട് –10 എണ്ണം,
കടുക് വറുക്കാൻ - നെയ്യ് – ഒരു വലിയ സ്പൂൺ,
കടുക് – ഒരു ചെറിയ സ്പൂൺ, കറിവേപ്പില – രണ്ടു കതിർപ്പ്,
വറ്റൽമുളക് – അഞ്ച്, ഉലുവപ്പൊടി – ഒരു നുള്ള്

kovilakam-kalan കോവിലകം കാളൻ.


തയാറാക്കുന്ന വിധം


മാമ്പഴത്തിന്റെ തൊലി കൈകൊണ്ടു ചീന്തിക്കളഞ്ഞ് ഒരു കൽച്ചട്ടിയിലാക്കി മഞ്ഞൾപ്പൊടിയും ഉപ്പും ചേർത്തു നികക്കെ വെള്ളമൊഴിച്ചു വേവിക്കുക. വെള്ളം വറ്റാറായാൽ ശർക്കരപാനി ചേർത്തു തിളപ്പിച്ചു വറ്റിക്കണം. അരപ്പിനുള്ളവ  നല്ല മയമായി അരച്ചു തൈരിൽ കലക്കി വറ്റിക്കിടക്കുന്ന കൂട്ടിലേക്ക്  ചേർക്കുക. തുടർച്ചയായി ഇളക്കി തിളച്ചാലുടൻ വാങ്ങുക. ഇറക്കി വച്ചിട്ടും അൽപനേരംകൂടി ഇളക്കികൊണ്ടിരിക്കണം. തൈര് പിരിയാതിരിക്കാനാണ് ഇത് ചെയ്യുന്നത്. ഇനി കടുകു വറുത്തിടാം. വറ്റൽമുളക് മുറിച്ചിടാൻ പാടില്ല. ഒരു നുള്ള് ഉലുവപ്പൊടി ചേർത്ത് ഉപയോഗിക്കാം.


ഉത്തരദേശത്തിലെ വിഷുക്കണി

‘‘പണ്ട് വിഷുവെന്നാൽ കണിയായിരുന്നു. ആണ്ടുപിറപ്പിനു ശുഭകരങ്ങളായതെല്ലാം കണി കണ്ടുണരണം. തലേന്നേ അച്ഛ ൻ കണികാണാനുള്ള സമയം ഗണിച്ചു വയ്ക്കും. ഇല്ലത്തിന്റെ പടിഞ്ഞാറ്റയിലാണ് കണിയൊരുക്കുക. കണിത്തട്ടിനു മുകളിലായി മേലാപ്പു തൂക്കുന്നത് ഞങ്ങൾ കുട്ടികളാണ്. ഒരിക്കൽ തൂക്കിയ ഒരു ചുവപ്പു മേലാപ്പ് എനിക്കിപ്പോഴും ഓർമയുണ്ട്.’’ പത്മിനി അന്തർജനത്തിന്റെ മുഖത്തു കാണാം ആ മേലാപ്പു ചന്തം മുഴുവനും. കാസർകോട് പുതുക്കുന്ന് ആറ്റുപുറത്തില്ലത്തിരുന്ന് അവർ വിഷുവോർമകൾ പങ്കുവച്ചു.


‘‘ഞങ്ങളെല്ലാം കണികണ്ടു വരുമ്പോഴേക്കും കാര്യസ്ഥൻ വന്നു നിൽക്കുന്നുണ്ടാകും. കൊടിവിളക്കും വിത്തുമെടുത്ത് അച്ഛൻ പാടത്തേക്കു പോകും. കൈക്കോട്ടും കലപ്പയുമെടുത്ത് കാര്യസ്ഥൻ പിറകേയും. കൊടിയിലയിൽ കാരോലപ്പവും തേങ്ങയുമൊക്കെയായി ആൺകുട്ടികളും.  പാടത്ത്  കരിക്കിൻവെള്ളം തളിച്ച് കാരോലപ്പം നേദിച്ച് അച്ഛൻ ഒരു പിടി വിത്തിടും

. ‘പോതുകൊള്ളൽ’ എന്നാണ് ഈ ചടങ്ങിന്റെ പേര്. വിഷുവിനു കണി കഴിഞ്ഞാൽ പ്രാധാന്യം ഇതിനാണ്. മടങ്ങിവന്ന് പശുക്കളെയെല്ലാം കണി കാണിക്കുന്ന ചടങ്ങുണ്ട്. ചന്ദനം അരച്ച് നെറ്റിയിൽ തൊടീച്ച് വിളക്കിന്റെ വെട്ടത്തിൽ കണികാണിച്ച് ചക്കയും വെള്ളരിക്കയും കൊത്തിനുറുക്കിയതും വെളിച്ചെണ്ണയിൽ തയാറാക്കിയ കാരോലപ്പവും തിന്നാൻ കൊടുക്കും.
നേരം പുലരുമ്പോൾ തുടങ്ങും കണിയും കൊണ്ട് കുട്ടികളുടെ വരവ്. അവർക്കു കൊടുക്കാനായി കാരോലപ്പവും  മുറുക്കും  കായടയും ധാരാളം ഉണ്ടാക്കി വച്ചിട്ടുണ്ടാകും. ചക്ക എരിശ്ശേരിയാണ് പ്രധാനം.

padmini-antharjanam പത്മിനി അന്തർജനം.

കുറച്ച് കടല കുതിർത്തു വേവിച്ചതും  മൂത്തുവിളഞ്ഞ ചക്ക നുറുക്കിയതും ചക്കകുരു ചതച്ചതും ഒരു കലത്തിലാക്കി ഉപ്പും മഞ്ഞളും  കുരുമുളകുപൊടിയുമിട്ട് വേവിക്കും. ഇതിലേക്ക് ഒരു മുറി തേങ്ങ ചുരണ്ടിയതും രണ്ടു പച്ചമുളകും കുറച്ചു ജീരകവുമിട്ട് അരച്ചത് ചേർക്കണം. തിളച്ചു വരുമ്പോൾ കടുക്, ഉഴുന്നുപരിപ്പ്, കറിവേപ്പില എന്നിവ വറുത്തതിലേക്ക് ഒരു മുറി തേങ്ങ ചുരണ്ടിയത് ആട്ടുകല്ലിൽ ഒന്നൊതുക്കിയത് ഇടണം. തേങ്ങ മൂത്തു വരുമ്പോൾ എരിശ്ശേരിയിലിട്ടു അടച്ചു വയ്ക്കണം.

അടച്ചുവച്ചില്ലെങ്കിൽ മണം കാറ്റു കൊണ്ടുപോകും. ഉച്ചക്ക് ഉണ്ണാൻ ഇലയിടുന്നതിനു മുമ്പുണ്ടാക്കുന്ന പെരക്കിനുമുണ്ട് നാടൻ രുചി. കക്കിരിക്ക കനം കുറച്ചരിഞ്ഞതു ഉപ്പു തിരുമ്മി വയ്ക്കും. തേങ്ങയും കുറച്ചു കടുകും തൈരും  ചേർത്തരച്ചത് വിളമ്പുന്നതിനു തൊട്ടുമുമ്പു ചേർത്താൽ കക്കിരിക്ക പെരക്കായി. വെയിലാറുമ്പോൾ കായടയും മുറുക്കും കാരോലപ്പവും തിന്നു പറമ്പിലൂടെയിറങ്ങി നടക്കും. അത്രതന്നെ. എന്നാലും അക്കാലം ഒരു രസം തന്നെ’’.

രുചിയൂറും കായട

ഉണക്കലരി – ഒരു കിലോ, ഉഴുന്ന് – രണ്ടരക്കപ്പ്,  തേങ്ങ – ഒന്ന്,
ജീരകം – രണ്ടു ചെറിയ സ്പൂൺ, വറ്റൽ മുളക് – എട്ട്,
മഞ്ഞൾപ്പൊടി – ഒരു ചെറിയ സ്പൂൺ, പഞ്ചസാര – രണ്ടു ചെറിയ സ്പൂൺ
ഉപ്പ് – ആവശ്യത്തിന്, എള്ള് – രണ്ടു വലിയ സ്പൂൺ

kayada കായട.


തയാറാക്കുന്ന വിധം


ഉണക്കലരി രണ്ടു മണിക്കൂർ കുതിർക്കുക. ഉഴുന്ന് ഇളം പാകത്തിൽ വറുത്തെടുത്ത് മിനുസത്തിൽ പൊടിച്ചു വയ്ക്കുക. തേങ്ങയുടെ പാലു പിഴിഞ്ഞെടുക്കുക. ഒന്നാംപാൽ ഒരു കപ്പു വേണം. രണ്ടാംപാലും മൂന്നാംപാലും കൂടി ചേർത്ത് ഒരു കപ്പും. അരി കുതിർത്തതും ജീരകവും മുളകും മഞ്ഞളും പഞ്ചസാരയും ഉപ്പും കൂടി രണ്ടാംപാലിൽ അരച്ചെടുക്കുക. അരച്ചെടുത്തതും ഉഴുന്ന് പൊടിച്ചതും എള്ളും കൂടി ഒന്നാംപാലിൽ കുഴയ്ക്കുക. ചപ്പാത്തിയേക്കാളും ഉറച്ച പാകം. ഈ മാവ് ചെറിയ നെല്ലിക്കാ വലുപ്പത്തിലുള്ള ഉരുളകളാക്കിയശേഷം അലക്കി വൃത്തിയാക്കിയ തോർത്തിൽ വച്ച് കൈകൊണ്ടു പരത്തുക. തിളച്ച എണ്ണയിലേക്കിട്ടു ചുവക്കെ വറുത്തു കോരുക.


വള്ളുവനാട്ടിലെ വിഷുമധുരം

മുറിനാളികേരത്തിൽ എണ്ണയിട്ടു കത്തിക്കുന്ന തിരിയുടെ വെളിച്ചത്തിൽ കണികാണുന്ന ഓർമകളോടെയാണ്  ആതവനാട് ചെറുകുന്നത്ത് ഭാർഗവിയമ്മ വിഷുരുചികളെ തിരിച്ചു പിടിച്ചത്.
‘‘കാലത്ത് അമ്പലത്തിൽ പോയി വന്നതിനു ശേഷമേ പ്രാതൽ തരുള്ളൂ. വിഷൂന്റന്ന് കാലത്ത് പിട്ടും പപ്പടോം പഴോം ആയിരിക്കും. അന്നത്തെ അരിക്കൊക്കെ ചെറിയൊരു മധുരോണ്ട്.

അതോണ്ടന്നെ പിട്ടുണ്ടാക്കിയാ (പുട്ട്) എന്തു രുചിയാന്നറിയ്യോ. ഇപ്പോ ഒന്നിനും  ഒരു സ്വാദില്ലാണ്ടായി. എന്തിന് മ ണ്ണ്ന്നെ കേടു വന്നു.
ഉച്ചയ്ക്ക് മത്തൻ കൊണ്ടൊരു ഓലനുണ്ടാകും. ചക്കച്ചുള വറുക്കാനെടുക്കണേന്റെ കടയും തലയും മുറിച്ചതോണ്ടോരു എരിശ്ശേരി. പിന്നെ വെള്ളരിക്കയും മാങ്ങയും കൊണ്ടൊരു കറി.  ചെനച്ച മാങ്ങ വേണം. പഴുത്താലും കുഴപ്പോന്നൂല്യ.

bhargavi-amma ഭാർഗവിയമ്മ.

തോലൊന്നു ചീന്തി രണ്ടുഭാഗവും ഒന്നു പൂണ്ടപോലെയാക്കി വെള്ളരിക്കാകഷണങ്ങളും കൂടി കൽച്ചട്ടിയിലിട്ട് ഒരച്ച് ശർക്കരേം കുറച്ച് മുളകുപൊടീം  മഞ്ഞളും  ഉപ്പൂം  വെള്ളോം. തിളച്ച് വറ്റാറാകുമ്പോ തേങ്ങയും ജീരകവും നന്നായരച്ചതും കുറച്ച് തൈരും ചേർക്കും. എന്നിട്ട് കടുകു വറക്കാ. എന്താ രുചീന്നറിയ്യോ. നാഴിയരിയുടെ ചോറുണ്ണും.

പച്ചപ്പയറോണ്ട് ഉപ്പേരിണ്ടാവും. പണിക്കാര് കണികാണാൻ വരുമ്പോൾ ഓരോ കുട്ടിച്ചാക്ക് പയർ കൊണ്ടരല് പതിവുണ്ട്. അതുപോലെ കുട്ടിച്ചെമ്പുകളിൽ നെറയേ നെയ്യപ്പോം. നല്ല സ്വർണ്ണം പോലെ തിളങ്ങും കുട്ടിചെമ്പുകൾ. ഇവർക്കെല്ലാം  കൈനീട്ടം കൊടുക്കും. പിന്നെ മുന്നാഴി അരീം വെളിച്ചെണ്ണേം  പപ്പടോം. ഉപ്പേരിയുണ്ടാക്കിക്കഴിഞ്ഞ് ബാക്കി പയർ കൊണ്ടാട്ടം ഉണക്കി വെച്ചാ മഴക്കാലത്ത് കുശാലായി.’’പറഞ്ഞു നിർത്തുമ്പോൾ മുഖത്തു തെളിയുന്നുണ്ട് നെയ്യപ്പമൊന്നു കടിച്ചു പാവാടയൊതുക്കിപ്പിടിച്ചു ഊഞ്ഞാലാടുന്നതിന്റെ ഓർമത്തിരയിളക്കങ്ങൾ.

ഇടിച്ചുപിഴിഞ്ഞ പായസം

ഉണക്കലരി – ഇടങ്ങഴി, ശർക്കര – അരക്കിലോ.
തേങ്ങ – രണ്ട്, ചുക്കും ജീരകവും
പൊടിച്ചത് – ഒരു ചെറിയ സ്പൂൺ

payasam ഇടിച്ചു പിഴിഞ്ഞ പായസം.


തയാറാക്കുന്ന വിധം


ഉണക്കലരി കഴുകി പാത്രത്തിലാക്കി രണ്ടു കപ്പു വെള്ളമൊഴിച്ചു വേവിക്കാൻ വയ്ക്കുക. തേങ്ങ ചുരണ്ടി തലപ്പാലും രണ്ടും മൂന്നും പാലും പിഴിഞ്ഞു വയ്ക്കുക. മൂന്നാമത്തെ പാൽ അരിയിലേക്ക് ചേർക്കുക. അരി വെന്തുവരുമ്പോൾ രണ്ടാംപാലും ശർക്കര പാനിയാക്കിയതും ചേർക്കുക. കുറുകി വരുമ്പോൾ തലപ്പാൽ ചേർക്കുക. നന്നായൊന്നു തിളച്ചാൽ ചുക്കും ജീരകവും പൊടിച്ചതു ചേർത്തു വിളമ്പാം.

അനന്തപുരിയിലെ വിഷുസദ്യ

‘‘കണിത്തട്ടിലിട്ടിരിക്കുന്ന നാണയത്തുട്ടുകളാണ് വിഷുവെന്നു പറയുമ്പോൾ ആദ്യം ഓർമ വരുന്നത്.’’ ചന്ദ്രമണീദേവിയമ്മയ്ക്ക് ഇപ്പോഴുമുണ്ട് ഓർമകളിൽ ആ കൈനീട്ടക്കിലുക്കം. തിരുവനന്തപുരത്തെ മലയൻകീഴിനടുത്തുള്ള തച്ചോട്ടുകാവ് മണിഭവനത്തിലിരുന്ന് വിഷുവോർമകളെ തെളിച്ചെടുക്കുമ്പോൾ  ആയമ്മയുടെ മുഖത്തേക്ക് കുട്ടിക്കാലത്തെ പാൽച്ചിരി തിരികെവന്നിരുന്നു.

തിരുവനന്തപുരത്ത് നിറയെ കൃഷ്ണന്റെ അമ്പലങ്ങളുണ്ട്. അമ്പലത്തിനടുത്തുള്ള ചെറുപ്പക്കാരെല്ലാംകൂടി വിഷുത്തലേന്ന് വൈകീട്ട് ഭജന പാടാനിറങ്ങും. തെങ്ങോ കവുങ്ങോ വെട്ടിക്കീറി ഒരു ചപ്രമുണ്ടാക്കി അതിൽ ക‍ൃഷ്ണവിഗ്രഹം വെച്ചലങ്കരിച്ച്  എഴുന്നെള്ളീച്ചോണ്ടു വരും.  ഒാരോ വീടുകളിലെത്തുമ്പോഴും ചപ്രമിറക്കി വച്ച്  ചിങ്കിയും ചപ്ലാംകട്ടയും കൊണ്ട് താളം പിടിച്ച് അവർ ഭജനകൾ പാടും.  

 അനന്തപത്മനാഭന്റെ നാട്ടിൽ കണിക്കും കൈനീട്ടത്തിനും സദ്യയ്ക്കുമെല്ലാം തുല്യപ്രാധാന്യമുണ്ട് വിഷു പ്രാതൽ ഇ ഡ്ഢലിയായിരിക്കും. അതിലൊരു   മാറ്റമുണ്ടാകില്ല. പിന്നെയൊരു വിഷുവിഭവം കടലചുണ്ടലാണ്. കടല തലേന്നേ കുതിർക്കാനിടും. പിറ്റേന്ന് ഉപ്പിട്ട് വേവിച്ച് വെളിച്ചെണ്ണയൊഴിച്ചു കടുകു വറുക്കും. കൊട്ടത്തേങ്ങ കനംകുറച്ചരിഞ്ഞ്  ചെറുതായൊന്നു മൂപ്പിച്ച് വേവിച്ച കടലയിലേക്കു ചേർത്താൽ ഇത്രയും രുചിയുള്ള വേറൊരു വിഭവമില്ല.

chanramani ചന്ദ്രമണീദേവി.

ഈ കടല ചുണ്ടൽ കട്ടിപായസം കൂട്ടിയാണ് കഴിക്കേണ്ടത്. ചമ്പാവരി വേവിച്ചു ഉണ്ട ശർക്കര പൊടിച്ചിട്ടു വരട്ടിയെടുക്കും. അതിലേക്ക് നെയ്യൊഴിച്ചു മുകളിൽ കുറച്ചു തേങ്ങയും  തിരുമ്മിയിട്ടാൽ കട്ടിപായസമായി.  വിഷുവായെന്നറിയിക്കുന്നത് കൊന്നപ്പൂ മാത്രമല്ല വിഷുപക്ഷിയും കൂടിയാണ്. നീട്ടി നീട്ടി പാടിക്കൊണ്ടേയിരിക്കും. ഇപ്പോ വിഷുപക്ഷിയുമില്ല പാട്ടുമില്ല. അതിനെവിടെ, വാഴത്തോപ്പും പച്ചിലമരങ്ങളും. ഒക്കെ ഇല്ലാതായില്ലേ.’’ മുറ്റത്തേക്ക് കണ്ണുപായിച്ചിരിപ്പിലുണ്ട് നഷ്ടപ്പെട്ടുപോയ ആ വിഷുപ്പാട്ടിലെ ഈണം.കണികാണാൻ പൂത്തവൾ ഇതളുകളുതിർക്കുമ്പോഴും തീരുന്നില്ല അടുക്കളയിലെ മേളാങ്കം. അതങ്ങനെ തട്ടിയും മുട്ടിയും കലമ്പിയും വർഷങ്ങൾക്കിപ്പുറം ഓർമ്മകളിൽ ഉണർന്നുകൊണ്ടേയിരിക്കും.

പൊടിത്തൂവൽ

സാമ്പാർപരിപ്പ് – അരക്കപ്പ്,
പടവലങ്ങ ചെറുതായരിഞ്ഞത് – രണ്ടു കപ്പ്,
തേങ്ങ ചുരണ്ടിയത് – അരക്കപ്പ്, കടുക് – ഒരു ചെറിയസ്പൂൺ, ഉഴുന്നുപരിപ്പ് – രണ്ടു ചെറിയ സ്പൂൺ, പച്ചമുളക് – രണ്ട്, കറിവേപ്പില – രണ്ടു കതിർപ്പ്, എണ്ണ – ഒരു വലിയ സ്പൂൺ

podithooval പൊടിത്തൂവൽ.


തയാറാക്കുന്ന വിധം


പരിപ്പ് വേവിച്ചു വെക്കുക. വെന്തു കുഴഞ്ഞു പോകരുത്. അമർത്തിയാൽ ഞെങ്ങുന്ന പാകം. ഒരു ചട്ടിയിൽ വെളിച്ചെണ്ണ ചൂടാക്കി കടുക് പൊട്ടിച്ച് ഉഴുന്നുപരിപ്പു വറുത്തതിലേക്ക് പടവലങ്ങയും പരിപ്പും ചേർക്കുക. വെള്ളം ചേർക്കരുത്. വേവാകുമ്പോൾ തേങ്ങയും പച്ചമുളകും ചെറുതായൊന്നു ചതച്ചതു ചേർത്ത് കറിവേപ്പിലയുമിട്ട് ഒരു മിനിറ്റ് നന്നായൊന്നിളക്കിയശേഷം ഉപയോഗിക്കാം.