Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിവാഹദിനത്തിൽ അമ്മ മകൾക്കു കാത്തുവെച്ച സർപ്രൈസ്

michelle-obama

വിവാഹത്തിന്റെ ക്ഷണക്കത്തുകൾ അയക്കുന്ന ചുമതല അമ്മയെ ഏൽപിക്കുമ്പോൾ ആരെയൊക്കെയാകും വിളിക്കുക എന്നു തീർച്ചപ്പെടുത്താൻ ആവില്ല. അപ്രതീക്ഷിത അതിഥികൾ ഉണ്ടാകാം. നാടകീയ കത്തുകൾ ലഭിച്ചേക്കാം. കുറേക്കാലമായി കാണുകയോ കേൾക്കുകയോ ചെയ്യാതിരുന്നവരും ഉണ്ടാകാം. അമേരിക്കയിൽ ടെക്സസിലെ വധു ബ്രൂക് അലന്റെ കാര്യം തന്നെ നോക്കുക. മാർച്ചിൽ നടന്ന അലന്റെ വിവാഹത്തിലേക്ക് അമ്മ വിളിച്ചവരിൽ അമേരിക്കയിലെ മുൻ പ്രസിഡന്റ് ബറാക് ഒബാമയും ഭാര്യ മിഷേലും ഉണ്ടായിരുന്നു. 

അപ്രതീക്ഷിത അതിഥികളെ അമ്മ വിളിച്ചതിനെക്കുറിച്ച് അലൻ അറിയുന്നതുതന്നെ ഒബാമയുടെ അഭിനന്ദനസന്ദേശം അമ്മ കാണിച്ചപ്പോൾ. എങ്ങനെ അത്ഭുതപ്പെടാതിരിക്കും ! സ്നേഹവും സന്തോഷവും നിറഞ്ഞുനിന്ന അന്തരീക്ഷത്തിൽ വിവാഹം അനുഗ്രഹിക്കപ്പെട്ടു എന്നു പ്രതീക്ഷിക്കട്ടെ. ഓരോ വർഷം കടന്നുപോകുമ്പോഴും ഇപ്പോഴത്തെ വിവാഹത്തിനാൽ അടുപ്പിക്കപ്പെട്ട മനസ്സുകളുടെ യോജിപ്പ് കൂടിവരട്ടെയെന്നും ആശംസിക്കുന്നു.

ഒബാമയുടെ സന്ദേശത്തിലെ വരികൾ. ജീവിതം മുഴുവൻ നീളുന്ന ഒരു ബന്ധത്തിന്റെ തുടക്കമാണിത്. ഈ സന്ദർഭത്തിൽ സന്തോഷം നിറഞ്ഞ നിമിഷങ്ങൾ നിങ്ങൾക്കുണ്ടാകട്ടെയെന്ന് നിറഞ്ഞ ഹൃദയത്തോടെ ഞങ്ങൾ ആശംസിക്കുന്നു. ഒബാമയുടെ സന്ദേശം അലൻ ട്വിറ്ററിൽ പങ്കുവച്ചു. അമ്മയും മകളും തമ്മിൽ പങ്കുവച്ച സന്ദേശങ്ങളുടെ സ്ക്രീൻഷോട്ടും അലൻ പങ്കുവച്ചു. അതു മറ്റൊരു കാര്യം കൂടി വ്യക്തമാക്കുന്നു: ട്രംപിനെ ക്ഷണിച്ചില്ല !

അലന്റെ ട്വിറ്റർ പെട്ടെന്നുതന്നെ തരംഗമായി. ആയിരക്കണക്കിനുപേർ സന്ദേശം പങ്കുവച്ചു. ജൻമദിനം മുതൽ ബിരുദദാനം വരെയുള്ള ചടങ്ങുകളിൽ തങ്ങൾക്ക് ഒബാമയിൽ നിന്നു ലഭിച്ച സന്ദേശങ്ങൾ പലരും പങ്കുവച്ചു. അമേരിക്കൻ പ്രസിഡന്റുമാർക്ക് അയക്കുന്ന സന്ദേശങ്ങൾ നോക്കുന്നത് വൈറ്റ് ഹൗസ് ഗ്രീറ്റിങ്സ് ഓഫിസാണ്. ബിൽ ക്ലിന്റൺ പ്രസിഡന്റായിരുന്ന കാലത്ത് വൈറ്റ് ഹൗസിൽനിന്നു ലഭിച്ച ഒരു കത്ത് ഏറെ കൗതുകമുണർത്തിയിരുന്നു.

ഒരു പൂച്ചയുടെ 34–ാം ജൻമദിനത്തിൽ പങ്കെടുക്കാൻ കഴിയാത്തതിൽ ഖേദിക്കുന്നു എന്നറിയിക്കുന്ന കത്തായിരുന്നു അത്. നവമാധ്യമങ്ങളിൽ തന്റെ ട്വിറ്റർ സന്ദേശങ്ങൾ തരംഗമായതിനെക്കുറിച്ച് അലൻ തമാശയോടെ പിന്നീടും എഴുതി. ചിലരെയൊക്കെ താൻ വിവാഹത്തിനു ക്ഷണിക്കാതിരുന്നത് അവരെക്കുറിച്ച് അറിയാത്തതുകൊണ്ടല്ല എന്നു കൂടി അലൻ എഴുതി. ഒബാമയുടെ അഭിനന്ദന സന്ദേശത്തിനൊപ്പം ഈ വാക്കുകൾ കൂടി എഴുതുമ്പോൾ ആരെയാണ് ഉദ്ദേശിക്കുന്നത് എന്നു വ്യക്തം.