Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഈ കുടുംബം 100 വർഷങ്ങളിലേറെ ചിലവഴിച്ചത് ആകാശത്ത്; പ്രണയമാണ് ആകാശത്തോട്

pilots-family ചിത്രത്തിന് കടപ്പാട്; പിടിഐ

സ്വപ്നത്തെ പിന്തുടർന്ന് ആകാശം കീഴടക്കിയവരുണ്ട്. അവരുൾപ്പെട്ട കുടുംബത്തിന് അഭിമാനമായവർ. പക്ഷേ, ഭാസിൻസ് കുടുംബത്തിലെ ഒന്നോ രണ്ടോ പേരല്ല, കുടുംബം മുഴുവൻ ആകാശവിതാനങ്ങളിൽ കരിയർ രൂപപ്പെടുത്തിയവർ. കുടുംബത്തിലെ അഞ്ചുപേരുംകൂടി 100 മണിക്കൂറല്ല. 100 വർഷങ്ങളിലേറെ ചെലവഴിച്ചത് ആകാശത്ത്.

കൃത്യമായിപറഞ്ഞാൽ 8,76,000 മണിക്കൂറുകൾ! കഥ തുടങ്ങുന്നത് മുത്തഛൻ ക്യാപ്റ്റൻ ജയ് ദേവ് ഭാസിനിൽ. 1954–ൽ കമാൻഡർ പദവിയിൽ എത്തുന്ന രാജ്യത്തെ ആദ്യത്തെ ഏഴുപൈലറ്റുമാരിൽ ഒരാൾ. ജയ്ദേവിന്റെ ഭാവി മരുമകൾ നിവേദിത ജയ്ൻ അദ്ദേഹം ജോലി ചെയ്യുന്ന ഇന്ത്യൻ എയർലൈൻസിൽ ചേരുമ്പോൾ രാജ്യത്തു പൈലറ്റ് പദവിയിലെത്തുന്ന ആദ്യത്തെ മൂന്നുവനിതകളിൽ ഒരാളായിരുന്നു.

നിവേദിതയും ഭർത്താവ് ക്യാപ്റ്റൻ രോഹിത് ഭാസിനും ഇന്ന് കമാൻഡർ പദവിയിലെത്തിയ രണ്ടുമക്കളുടെ മാതാപിതാക്കൾ. രോഹന്റെയും  നീഹാരികയുടെയും അച്ഛനമ്മമാർ. അങ്ങനെ ജയ് ദേവ് ഭാസിനിൽ തുടങ്ങി രോഹനിൽ എത്തിനിൽക്കുന്ന മൂന്നു തലമുറയുടെ കുടുംബകഥ ആകാശത്തെ പ്രണയിച്ചവരുടെ കഥയാണ്. വിമാനങ്ങളുടെ ചിറകുകളിലേറി സ്വപ്നത്തിലേക്കു കുതിച്ചവരുടെ അത്യപൂർവ വിജയകഥ.

ഓർമവച്ചകാലം മുതലേ ഞാൻ പൈലറ്റ് ആകാൻ ആഗ്രഹിച്ചു. ഏതാണ്ട് അഞ്ചോ ആറോ വയസ്സിലേ തീരുമാനിച്ചിരുന്നു എന്നെങ്കിലുമൊരിക്കൽ വിമാനം പറപ്പിക്കുമെന്ന്– 54 വയസ്സുള്ള നിവേദിത ജയ്ൻ ആവേശത്തോടെ  ആകാശ സ്വപ്നങ്ങളെക്കുറിച്ചു പറയുന്നു. ജീവിതത്തിലെ അവിസ്മരണീയ ദിവസത്തെക്കുറിച്ചു പറയുമ്പോൾ നിവേദിതയുടെ കണ്ണുകൾ അസാധാരണായി തിളങ്ങുന്നു.

വാക്കുകളിൽ ആവേശത്തിന്റെ കുതിപ്പ്. ഒരു സുഹൃത്തിന്റെ ജൻമദിന പാർട്ടിയിൽ പങ്കെടുത്തുകൊണ്ടിരുന്നപ്പോഴാണ് അച്ഛൻ നിമയനഉത്തരവുമായി എന്റെ അടുത്തേക്ക് വന്നത്. ഇന്ത്യൻ എയർലൈൻസിൽ നിന്നു ലഭിച്ച അപ്പോയിന്റ്മെന്റ് ഓർഡർ. ആ ദിവസം ഇന്നുമെന്റെ ഓർമയിൽ ഒരിക്കലും മറക്കാനാവാത്ത വിധത്തിൽ മുദ്രിതമായിക്കിടക്കുന്നു.

pilot-family-02 ചിത്രത്തിന് കടപ്പാട്; പിടിഐ.

1984 ജൂൺ 29  : ഗൃഹാതുരതയോടെ നിവേദിത ഓർമിക്കുന്നു. 20–ാം വയസ്സിലാണു നിവേദിത ഇന്ത്യൻ എയർലൈൻസിൽ ചേരുന്നത്. അടുത്ത ഒരുദശകത്തിനുള്ളിൽ രാജ്യത്തെ വനിതകൾക്കു വഴികാട്ടിയാകുന്ന അനേകം നാഴികക്കല്ലുകൾ നിവേദിത പിന്നിട്ടു. 26–ാം വയസ്സിൽ ഒരു വയസ്സുള്ള മകളുടെ അമ്മയായ നിവേദിത ബോയിങ് 737 ന്റെ അമരക്കാരിയായി. ജെറ്റ് വിമാനം പറപ്പിക്കുന്ന ലോകത്തെതന്നെ ഏറ്റവും ചെറുപ്പക്കാരിയായ യുവതി.

ഏഴുവർഷത്തിനുശേഷം എയർബസ് 300 ന്റെ നിയന്ത്രണം ഏറ്റെടുത്തപ്പോൾ ലോകമെങ്ങുമുള്ള വനിതകളോട് അസാധ്യമായി ഒന്നുമില്ലെന്നു പറയുകയായിരുന്നു നിവേദിത. 1985– ൽ വനിതകൾ മാത്രം ഉൾപ്പെട്ട ടീം വിമാനം പറപ്പിച്ച് ചരിത്രമെഴുതിയപ്പോൾ സഹ പൈലറ്റ് ആയിരുന്നു  നിവേദിത. ലോകത്തിനു മാതൃകയായതിനൊപ്പം തന്റെ മക്കളെയും ആകാശത്തിലേക്കു കൈപിടിച്ചുയർത്തിയ നിവേദിത നേട്ടങ്ങളുടെയും വിജയകിരീടങ്ങളുടെയും വലിയൊരു ചരിത്രം തന്നെ തന്റെ പേരിൽ എഴുതിച്ചേർത്തു. 

ഇപ്പോൾ 26 വയസ്സുള്ള നീഹാരിക കുട്ടിക്കാലത്തെക്കുറിച്ചോർക്കുമ്പോൾ തനിക്കു വഴികാണിച്ച അമ്മയെക്കുറിച്ച് അഭിമാനത്തോടെ  പറയുന്നു – കുട്ടിയായിരുന്നപ്പോൾ അമ്മ ജോലിക്കുപോകാൻവേണ്ടി ഒരുങ്ങുന്നത് ഞാൻ കണ്ടുനിൽക്കുമായിരുന്നു. അമ്മയെപ്പോലെ വിശേഷപ്പെട്ട യൂണിഫോം അണിയുന്നത്  അന്നേ സ്വപ്നം കണ്ടു. ആഗ്രഹിച്ചു. കഠിനമായി പ്രയത്നിച്ചു.

നാലുവർഷമായി ഇൻഡിഗോ വിമാനക്കമ്പനി ജീവനക്കാരിയാണ് നീഹാരിക. എയർബസ് 320 പറപ്പിച്ച് കമാൻഡർ‌ പദവിയിൽ നീഹാരിക എത്തിയത് അടുത്തുകാലത്ത്. നീഹാരികയുടെയും രോഹന്റെയും കുട്ടിക്കാലത്ത് അച്ഛനമ്മമാർ എപ്പോഴും അടുത്തുണ്ടാകില്ല. അവർ യാത്രകളിലായിരിക്കും. വിമാനങ്ങളിൽ കുതിക്കുകയായിരിക്കും. പക്ഷേ കുട്ടികൾ അതു വലിയ പ്രശ്നമായി കണ്ടിട്ടില്ല. അവർ ജീവിതവുമായി വളരെവേഗം പൊരുത്തപ്പെട്ട് അച്ഛനമ്മമാരുടെ പാത പിന്തുടർന്നു. 

തിരക്കേറിയ ജോലിക്കൊപ്പം രണ്ടു കുട്ടികളെ വളർത്തുന്നത് എത്രമാത്രം ബുദ്ധിമുട്ടുള്ള പണിയാണെന്ന് എനിക്കറിയാം. പക്ഷേ എന്റെ മാതാപിതാക്കൾ ആ ജോലി മികച്ചരീതിയിൽ കൈകാര്യം ചെയ്തു മാതൃകയായി –നീഹാരിക പറയുന്നു. ഇന്ത്യൻ എയർലൈൻസിൽ ജോലി ചെയ്യുന്നതിനിടെ അമ്മയായ ആദ്യത്തെ പൈലറ്റ് ആണ് നിവേദിത. അവർ ഒരു കുട്ടിക്കു ജൻമം കൊടുത്തതിനുശേഷമാണ് കമ്പനി പ്രസവാവധി ഉൾപ്പെടുത്തുന്നതുതന്നെ. 

തിരക്കേറിയ വർഷങ്ങളിൽ ഒന്നിൽക്കൂടുതൽ തവണ ജോലി രാജിവക്കുന്നതിനെക്കുറിച്ച് ആലോചിച്ചിട്ടുണ്ടെന്നു പറയുന്നു നിവേദിത. പ്രത്യേകിച്ചു കുട്ടികളുടെ കൗമാരകാലത്ത്. ജോലിയും കുടുംബവും ഒരുമിച്ചുകൊണ്ടുപോകാൻ നന്നേ ബുദ്ധിമുട്ടിയ ദിവസങ്ങൾ.എങ്ങനെയോ അക്കാലം അതിജീവിച്ചു. മക്കൾ മിടുക്കരായി വളർന്നു.

അവരും ആകാശത്തെ പ്രണയിച്ചു. ഉയരങ്ങളെ സ്വപ്നം കണ്ടു. ആഗ്രഹിച്ച ജോലി തന്നെ നേടിയെടുത്തു. പൈലറ്റ് എന്നതല്ലാതെ മറ്റൊരു ജോലിയും തങ്ങൾ സ്വപ്നം കണ്ടിട്ടില്ലെന്നു പറയുന്നു നീഹാരികയും രോഹനും. അവർ ആകാശങ്ങളിൽ സ്വപ്നക്കുടു കെട്ടി. ജീവിതവിജയത്തിന്റെ അവിസ്മരമീയ കഥകൾ മെനഞ്ഞു. അപൂർവസുന്ദരമായ ഒരു കുടുംബകഥയിലെ കഥാപാത്രങ്ങളായി.