Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തോൽക്കാനോ; മനസ്സില്ല കൗസല്യയ്ക്ക്

kausalya-002 കൗസല്യ.

ഉദുമൽപേട്ടയിലെ ദുരഭിമാനക്കൊല വീണ്ടും വാർത്തയിൽ വന്നതു കഴിഞ്ഞ ദിവസമാണ്. പ്രതികൾക്കു കോടതി വിധിച്ച വധശിക്ഷയിലൂടെ.ഈ ദാരുണ സംഭവത്തിലെ ദുരന്തനായിക കൗസല്യ ഇപ്പോൾ മറ്റൊരാളാണ്. അക്കഥ ഇതാ...

സ്വന്തം പിതാവ് അയച്ച വാടകഗുണ്ടകളുടെ വെട്ടേറ്റു തല പിളർന്നു നടുറോഡിൽ വീണ പെൺകുട്ടിയാണു കൗസല്യ. പ്രാണനെപ്പോലെ സ്നേഹിച്ചിരുന്ന ഭർത്താവ് വടിവാൾ മുനയിൽ പിടഞ്ഞു തീർന്നതു കൺമുന്നിൽ കാണേണ്ടിവന്ന പെൺകുട്ടി. ജീവിതമെന്തെന്നു പഠിച്ചുതുടങ്ങുന്നതിനു മുൻപേ ഒരായുസ്സിന്റെ വേദന മുഴുവനായി മനസ്സിലും ശരീരത്തിലും അനുഭവിച്ചു തീർത്തവൾ. 

വിശേഷണങ്ങൾ ഇങ്ങനെ ഒരുപാടുണ്ടെങ്കിലും, തോൽവി സമ്മതിച്ചു പിന്മാറിയവരുടെ പട്ടികയിലല്ല ഇന്നു കൗസല്യയുടെ സ്ഥാനം. കൗസല്യ ഇന്നു തമിഴ്നാട്ടിലെ അറിയപ്പെടുന്ന സാമൂഹികപ്രവർത്തകയാണ്. ഡോ. ബി.ആർ. അംബേദ്കറിന്റെയും പെരിയോർ രാമസ്വാമി നായ്ക്കറുടെയും പാതയിലാണവരുടെ സഞ്ചാരം. ‘‘നൂറ്റാണ്ടുകളായിട്ടും മാറ്റമില്ലാതെ തുടരുന്ന ജാതിവാദമാണ് എന്റെ ഭർത്താവ് ശങ്കറിനെ ഇല്ലാതാക്കിയത്, എന്റെ ജീവിതം തകർത്തുകളഞ്ഞത്. ജാതിയെ ഇല്ലാതാക്കാതെ ഈ നാട്ടിൽ മനുഷ്യനായി ജീവിക്കുക സാധ്യമല്ല’’- കൗസല്യ പറയുന്നു. 

2016 മാർച്ചിലാണ് ഏറെ വാർത്താപ്രാധാന്യം നേടിയ ഉദുമൽപേട്ട ദുരഭിമാനക്കൊല നടക്കുന്നത്. തേവർ സമുദായാംഗമായ കൗസല്യയെ പ്രണയിച്ചു വിവാഹം കഴിച്ച ദലിത് വിഭാഗത്തിൽപെട്ട കള്ളർ സമുദായാംഗമായ ശങ്കറിനെ കൗസല്യയുടെ പിതാവ് ചിന്നസ്വാമി ഏർപ്പെടുത്തിയ വാടകഗുണ്ടകൾ വെട്ടിക്കൊലപ്പെടുത്തി. തലയ്ക്കും കൈകൾക്കും മാരകമായി മുറിവേറ്റ കൗസല്യ ആഴ്ചകളോളം കോയമ്പത്തൂരിലെ ആശുപത്രിയിൽ കഴിഞ്ഞു. 

kausalya-001 കൗസല്യ.

പൊള്ളാച്ചിയിലെ എൻജിനീയറിങ് കോളജിൽ സഹപാഠികളായിരുന്നു ശങ്കറും കൗസല്യയും. ഇവരുടെ പ്രണയം വീട്ടിലറിഞ്ഞതോടെ വഴക്കായി. കൗസല്യയും ശങ്കറും പഴനി പാദവിനായകം കോവിലിൽ വിവാഹിതരായി. എട്ടു മാസത്തിനു ശേഷം, കോളജ് ഡേയ്ക്കു ധരിക്കാനുള്ള വസ്ത്രം വാങ്ങാൻ പോകുമ്പോഴാണു പൊതുസ്ഥലത്തു ശങ്കർ കൊല്ലപ്പെടുന്നതും കൗസല്യയ്ക്കു വെട്ടേൽക്കുന്നതും. 

ഈ കേസിൽ, കൗസല്യയുടെ പിതാവ് ചിന്നസ്വാമി ഉൾപ്പെടെ ആറു പേരെ കോടതി കഴിഞ്ഞ ദിവസം വധശിക്ഷയ്ക്കു വിധിച്ചു. കുപ്പി നിറയെ വിഷവുമായി ഭർത്താവിന്റെ കുഴിമാടത്തിനു മുൻപിലെത്തി ജീവനൊടുക്കാൻ ശ്രമിച്ച ഭൂതകാലമുണ്ട് കൗസല്യയ്ക്ക്. പിന്നീട്, ആ കുഴിമാടത്തിൽ നിന്നു തന്നെയാണു ജീവിതം തുടരാനുള്ള ഊർജം കൗസല്യ കൈക്കൊണ്ടതും. 

വിധിയിൽ കരഞ്ഞും തപിച്ചും കാലം കഴിക്കാൻ കൗസല്യ ഒരുക്കമായിരുന്നില്ല. കൗസല്യ ഇന്ന് അനേകം ദലിത് സ്ത്രീകൾക്ക് അത്താണിയാണ്. മുട്ടി പറ്റെ വെട്ടി നിർത്തി, ടിഷർട്ടും ജീൻസും ധരിച്ചു തെരുവിലിറങ്ങി ജാതീയതയ്ക്കെതിരെ കൗസല്യ മുദ്രാവാക്യം വിളിക്കുന്നു. 

ശങ്കറിന്റെ ഓർമകളാണു തന്നെ ജീവിക്കാൻ പ്രേരിപ്പിക്കുന്നതെന്നു കൗസല്യ പറയുന്നു. ശങ്കറിന്റെ ദാരുണാന്ത്യമുണ്ടാക്കിയ ഏകാന്തത തരണം ചെയ്യാൻ കൗസല്യയെ സഹായിച്ചതു വായനയായിരുന്നു. അംബേദ്കറിന്റെയും പെരിയോർ രാമസ്വാമിയുടെയും പുസ്തകങ്ങളുടെ വലിയൊരു ശേഖരം കൗസല്യയുടെ പക്കലുണ്ട്. അതിൽ ചിലതെല്ലാം ശങ്കർ നേരത്തേ സമ്മാനിച്ചവ. 

ദുരഭിമാനക്കൊലപാതകങ്ങൾക്കെതിരെ െതരുവിലിറങ്ങാൻ കൗസല്യ ഒട്ടും കാത്തിരുന്നില്ല. വിവിധ ദലിത് സംഘടനകളുമായും ജനാധിപത്യ മഹിളാ അസോസിയേഷൻ പോലുള്ള സംഘടനകളുമായും ബന്ധപ്പെട്ടു പ്രവർത്തനമാരംഭിച്ചു. സാമൂഹികപ്രവർത്തകരുമായുള്ള പരിചയവും സമ്പർക്കവും കൗസല്യയെ മറ്റൊരാളാക്കി മാറ്റി. ശങ്കറിന്റെ ഓർമ നിലനിർത്താൻ ശങ്കർ തനിപ്പയർച്ചി മൺറം എന്ന സംഘടന ആരംഭിച്ചു. 

ദലിത് സ്തീകളെ സ്വയംപര്യാപ്തരാക്കുക, ദുരഭിമാനക്കൊലയ്ക്കിരയായവരുടെ കുടുംബങ്ങളെ സംരക്ഷിക്കുക തുടങ്ങിയവയാണു ലക്ഷ്യം. ദുരഭിമാനക്കൊലയ്ക്കെതിരെ തമിഴ്നാട്ടിലെമ്പാടും പ്രചാരണപ്രവർത്തനങ്ങളും നടത്തുന്നു. സംഘടനയിൽ കോയമ്പത്തൂർ, ഉദുമൽപേട്ട കേന്ദ്രീകരിച്ചാണു പ്രവർത്തനം. ഇതിനിടെ ബിരുദ പഠനത്തിനും ചേർന്നു. വാദ്യോപകരണങ്ങളും കരാട്ടെയും അഭ്യസിച്ചു. 

സർക്കാർ ജോലിയിൽ നിന്നു ലഭിക്കുന്ന വരുമാനം കൊണ്ടു ശങ്കറിന്റെ പിതാവ് വേ‍ലുച്ചാമിയും രണ്ടു സഹോദരങ്ങളുമടങ്ങുന്ന കുടുംബത്തെയും പോറ്റുന്നു. ഇപ്പോൾ ഉദുമൽപേട്ടയ്ക്കടുത്ത ഹോസ്റ്റലിലാണു താമസം. മാസത്തിലൊരിക്കൽ ശങ്കറിന്റെ വീട്ടിലെത്തും. പലരിൽ നിന്നായി കിട്ടിയ സഹായം ഉപയോഗിച്ച് ശങ്കറിന്റെ പഴയ ഒറ്റമുറി വീട് കൗസല്യ മാറ്റിപ്പണിതു. അടച്ചുറപ്പുള്ള വീട് ശങ്കറിന്റെ എക്കാലത്തെയും സ്വപ്നമായിരുന്നു.