Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പരിഹസിച്ചവന് അഭിഷേക് ബച്ചന്റെ ചുട്ട മറുപടി

abhishek-with-mom-and-dad

വിവാഹശേഷം ഭാര്യയെക്കൂട്ടി പുതിയ വീട്ടിലേക്ക് മാറിത്താമസിക്കുന്ന സെലിബ്രിറ്റികളുടെ ഇടയിൽ വ്യത്യസ്തനാണ് അഭിഷേക് ബച്ചൻ. സ്വദേശത്തും വിദേശത്തുമായി വീടുകൾ ഉണ്ടെങ്കിലും അഭിഷേകും ഭാര്യ ഐശ്വര്യ റായ് ബച്ചനും മകൾ ആരാധ്യയും അഭിഷേകിന്റെ മാതാപിതാക്കൾക്കൊപ്പമാണ് താമസം.

അച്ഛനമ്മമാരെ വിട്ട് മാറിത്താമസിക്കാനുള്ള അഭിഷേകിന്റെ വിഷമം മൂലമാണ് വിവാഹത്തോടുത്ത ഒരു ബന്ധത്തിൽ നിന്ന് അദ്ദേഹത്തിന്  മുൻപ് പിന്മാറേണ്ടി വന്നത്. വിവാഹം കഴിഞ്ഞാൽ വീടുവിട്ട് മാറിത്താമസിക്കണമെന്ന് പ്രണയിനി ആവശ്യപ്പെട്ടതിനെത്തുടർന്നാണ് ആ ബന്ധം അഭിഷേക് വേണ്ടെന്നു വെച്ചതുപോലും.

എന്നാൽ ഐശ്വര്യയാകട്ടെ അഭിഷേകിന്റെയിഷ്ടത്തിനാണ് മുൻതൂക്കം കൊടുത്തത്. ഒരിക്കലും മാതാപിതാക്കളെ വിട്ടുമാറിത്താമസിക്കാൻ അവർ  അഭിഷേകിനെ നിർബന്ധിച്ചില്ല. 

കാര്യങ്ങൾ ഇങ്ങനെ മുന്നോട്ടു പോകുമ്പോഴാണ് അഭിഷേകിനെ ചൊടിപ്പിക്കുന്ന ചോദ്യവുമായി ഒരാൾ ട്വിറ്ററിലെത്തിയത്. അഭിഷേക് എന്തിനാണ് ഇപ്പോഴും മാതാപിതാക്കളുടെ കൂടെ താമസിക്കുന്നത് എന്നായിരുന്നു അദ്ദേഹത്തിന്റെ സംശയം. ട്വീറ്റ് ശ്രദ്ധയിൽപ്പെട്ട ജൂനിയർ ബച്ചൻ ട്വീറ്റിന് മറുപടി നൽകിയതിങ്ങനെ ; 'അച്ഛനമ്മമാർക്കുവേണ്ടി ഞാനും എനിക്കുവേണ്ടി അവരും  ഒപ്പമുണ്ടായിരിക്കുക എന്നതാണ് ജീവിതത്തിലെ ഏറ്റവും അഭിമാനമുള്ള നിമിഷം. നിങ്ങളും ഇതുപോലെ ചെയ്തുനോക്കൂ നിങ്ങൾക്ക് നിങ്ങളോടു തന്നെ മതിപ്പു തോന്നും.'

ഇതാദ്യമായല്ല അഭിഷേകിനും ഐശ്വര്യയ്ക്കും ഇത്തരം ചോദ്യങ്ങളെ നേരിടേണ്ടി വന്നത്. ഡേവിഡ് ലെറ്റേഴ്സ്മാൻ ടോക്ക്ഷോയിൽ പങ്കെടുക്കവേയാണ് ഐശ്വര്യയ്ക്ക് ഇത്തരത്തിലൊരു ചോദ്യം നേരിടേണ്ടി വന്നത്. ഇന്ത്യയിലെല്ലാവരും മാതാപിതാക്കളുടെയൊപ്പമാണോ താമസം അതെന്തുകൊണ്ടാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. മാതാപിതാക്കളുടെയൊപ്പം  മക്കൾ കഴിയുന്നതാണ് ഇന്ത്യയിലെ രീതിയെന്നും അതുകൊണ്ട് അവരുടെയൊപ്പം അത്താഴം കഴിക്കാൻ അപ്പോയിൻമെന്റ് എടുക്കേണ്ട അവസ്ഥ ഇന്ത്യയിലില്ലെന്നുമായിരുന്നു ഐശ്വര്യയുടെ കുറിക്കുകൊള്ളുന്ന മറുപടി. ഓപ്ര ഫിൻഫ്രി ഷോയിൽ കൂട്ടുകുടുംബത്തെക്കുറിച്ച് ചോദ്യം നേരിട്ടപ്പോൾ അഭിഷേക് നൽകിയ മറുപടിയും ഏറെ ജനശ്രദ്ധനേടിയിരുന്നു.

അഭിഷേകിന്റെ ആരാധകനല്ലെങ്കിൽപ്പോലും അദ്ദേഹം നൽകിയ മറുപടി തന്നെ സന്തോഷിപ്പിക്കുന്നുണ്ടെന്നാണ് ഒരാളുടെ പ്രതികരണം. വ്യക്തിപരമായി അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരോട് ഇങ്ങനെതന്നെ മറുപടി നൽകണമെന്നാണ് മറ്റു ചിലർ പ്രതികരിച്ചത്.