Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പിറന്നാൾ സമ്മാനമായി ദൈവത്തോട് ആവശ്യപ്പെട്ടത് അവളെയാണ്; പക്ഷേ

sister

വെള്ളാരം കണ്ണുള്ള ഒരു പെൺകുട്ടിയുടെ മുഖമാണ് ഇന്ന് എല്ലാവരുടേയും മനസ്സിൽ നോവായി നിറയുന്നത്. അതിനേക്കാളേറെ വേട്ടയാടുന്നുണ്ട് അവളുടെ ഭർത്താവിന്റേയും സഹോദരിയുടേയും നിസ്സാഹമായ മുഖങ്ങൾ. ചികിത്സയ്ക്കായി കേരളത്തിലെത്തിയ ലാത്‌വിയൻ വനിത ലിഗയുടെ തിരോധാനവും മരണവും അവശേഷിപ്പിക്കുന്നത് കുറേ ചോദ്യങ്ങൾ മാത്രമാണ്.

കൂടെപിറപ്പിനെ കാത്തിരുന്ന ലിഗയുടെ സഹോദരി ഇലീസിന് ലഭിച്ചത് ജീർണ്ണിച്ചു തലവേർപെട്ട നിലയിലുള്ള  ലിഗയുടെ മൃതദേഹമായിരുന്നു. മാനസീകസംഘർഷങ്ങളും ആശയക്കുഴപ്പങ്ങളും നിറഞ്ഞ ദിവസങ്ങൾ പിന്നിട്ട് ഒടുവിൽ ലിഗയുടെ ചലനമറ്റ ശരീരം കണ്ടനിമിഷത്തെക്കുറിച്ച് ഹൃദയഭേദകമായ വാക്കുകളാൽ ഇലീസ് എഴുതിയതിങ്ങനെ :- 

ഏപ്രിൽ 19 ന്, എന്റെ പിറന്നാളിന് തലേദിവസം ഞാൻ ദൈവത്തോട് ഒരു ആഗ്രഹം പറഞ്ഞു. ഈ പിറന്നാൾ ദിവസം എന്റെ സഹോദരിയെക്കുറിച്ച് അറിയാൻ കഴിയണം, അവളെ കണ്ടെത്താൻ കഴിയണം എന്ന്. അവൾക്ക് എന്തുപറ്റിയെന്നറിയാത്ത അവസ്ഥ എനിക്കു താങ്ങാവുന്നതിലും അധികമാണെന്ന്... പിറന്നാൾ സമ്മാനമായി ദൈവത്തോട് ഞാൻ ആവശ്യപ്പെട്ടത് അവളെയാണ്. അവളെക്കുറിച്ചുള്ള വിവരങ്ങളാണ്. ദൈവം എന്റെ പ്രാർഥന കേട്ടു. അന്ന് രണ്ടു ചെറുപ്പക്കാർ എന്റെ സഹോദരിയുടെ ജീവനില്ലാത്ത ശരീരം കണ്ടെത്തി. ഞങ്ങൾക്ക് അവളോടുള്ള സ്നേഹം അനശ്വരമാണ്. അവളെ കണ്ടെത്താനുള്ള യാത്രയിൽ പിന്തുണ നൽകിയ എല്ലാ സഹോദരന്മാർക്കും സഹോദരിമാർക്കും ഞങ്ങളുടെ നന്ദി.

മാർച്ച് 14നാണ് ലിഗയെ കോവളത്തുനിന്ന് കാണാതായത്. തുടർന്ന് ലിഗയുടെ ഭർത്താവും സഹോദരി ഇലീസയും പൊലീസിൽ പരാതിപ്പെട്ടു. കാണാതായി ദിവസങ്ങൾ പിന്നിട്ടിട്ടും അന്വേഷണത്തിൽ പുരോഗതിയൊന്നുമില്ലെന്നു കണ്ട് അവർ സ്വന്തമായ രീതിയിൽ ലിഗയെക്കുറിച്ച് അന്വേഷിക്കാനിറങ്ങി. ലിഗയുടെ ചിത്രം പതിച്ച പോസ്റ്ററുകൾ കാസർകോടു മുതൽ തിരുവനന്തപുരം വരെ പതിച്ചും ആളുകളോട് അന്വേഷിച്ചും അവർ ലിഗയ്ക്കായി അലഞ്ഞു.ഒരു മാസത്തിനുശേഷം തിരുവല്ലത്തെ കണ്ടൽക്കാട്ടിൽ നിന്നും ലിഗയുടെ ജീർണ്ണിച്ചു തുടങ്ങിയ മൃതശരീരം കണ്ടെത്തി.

സഹോദരിയെ കണ്ടെത്താൻ വൈകുന്ന ഓരോ നിമിഷവും താനനുഭവിക്കുന്ന മാനസികപ്രയാസങ്ങളെക്കുറിച്ച് സമൂഹമാധ്യമങ്ങളിലൂടെ ഇലീസ പങ്കുവെയ്ക്കാറുണ്ടായിരുന്നു. അതിൽ ഒരു കുറിപ്പിൽ അവർ പറഞ്ഞതിങ്ങനെ :- ഇന്നെനിക്ക് നാട്ടിലേക്ക് തിരികെപ്പോകണം പക്ഷേ എന്റെ സഹോദരിയില്ലാതെ ഞാനെങ്ങനെ മടങ്ങിപ്പോകും. അവളെ കുറിച്ചുള്ള ചിന്തകളുടെ ശബ്ദമല്ലാതെ മറ്റൊന്നും കേൾക്കാനില്ല. ജീവിതത്തിൽ മാറ്റത്തിന്റെ തിരമാലകൾ വീശിയടിച്ചിട്ട് ഒരു മാസമാകുന്നു. സങ്കടത്തെ മറികടക്കാൻ ശ്രമിക്കുമ്പോളെടുക്കുന്ന ശ്വാസഗതിപോലും വിചിത്രമായി തോന്നുന്നു. എനിക്കിതിൽ കൂടുതൽ ചെയ്യാനാവുമെന്ന് ചിന്തകൾ പറയുന്നു. സ്വപ്നങ്ങളില്ലാത്ത രാത്രികൾ പ്രാർഥനകളായി മാറുന്നു. ഉള്ളിലെ വെളിച്ചം അണയാതെ സൂക്ഷിക്കൂവെന്ന്  മനസ്സ് ഓർമ്മിപ്പിക്കുമ്പോൾ കണ്ണടച്ചാൽ ഞാൻ കാണുന്നത് നിന്നെ ഒരിയ്ക്കൽക്കൂടി പുണരുന്ന നിമിഷത്തേയാണ്.

വിഷാദരോഗത്തിന് ചികിത്സതേടി കേരളത്തിലെത്തിയ ലിഗ മടങ്ങുന്നത് ജീവനില്ലാത്ത ശരീരമായാണ്. കൂടെപിറപ്പും ഭർത്താവും ആവുവോളം ശ്രമിച്ചെങ്കിലും ജീവനോടെ അവളെ തിരികെക്കൊണ്ടുപോകാനായില്ല. ഉള്ളുപിടയുന്ന നോവോടെ കേരളത്തിലെ ജനങ്ങളോട് നന്ദിപറഞ്ഞ് അവർ മടങ്ങുമ്പോൾ നിസ്സാഹയത നിറഞ്ഞ ഒരു ജോഡി വെള്ളാരങ്കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടാവില്ലേ... മനസ്സു സുഖപ്പെടുത്താനെത്തി ജീവൻ തന്നെ നഷ്ടപ്പെടുത്തേണ്ടി വന്നതിന്റെ നോവുമായി ലിഗയുടെ ആത്മാവ് ഇവിടെയൊക്കെ അലഞ്ഞുതിരിയുന്നുണ്ടാവില്ലേ? ഉത്തരം കിട്ടാത്ത അനവധി ചോദ്യങ്ങൾപോലെ ഈ ചോദ്യവും ഇവിടെയിങ്ങനെ അവശേഷിക്കുമെന്നാണ് സമൂഹമാധ്യമങ്ങളിലൂടേയും മറ്റും ഇലീസയ്ക്ക് പിന്തുണ പ്രഖ്യാപിച്ച മലയാളികൾ പറയുന്നത്.