Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

''മകനെ നന്നാക്കാനുള്ള ദുർഗുണപരിഹാര പാഠശാലയല്ല മരുമകൾ''; ജസീന ബക്കർ

Bridegroom

'കല്യാണം കഴിഞ്ഞിട്ട് എട്ടു വർഷമായി ഇതുവരെ അവന്റെ മദ്യാപാനം നിർത്താൻ അവൾക്കായില്ല. അവൾ ഒരു നല്ല ഭാര്യയുമല്ല, കുടുംബത്തിനു ചേർന്ന നല്ലൊരു മരുമകളുമല്ല'.- ഒരു അമ്മായിയമ്മ തന്നോടു പറഞ്ഞ പരാതിയെപ്പറ്റി പരാമർശിച്ചുകൊണ്ടാണ് സൈക്കോളജിസ്റ്റും എഴുത്തുകാരിയുമായ ജസീന ബെക്കർ ചില കാര്യങ്ങൾ പറഞ്ഞു തുടങ്ങിയത്. 

ദുസ്വഭാവമുള്ള മകനെ നന്നാക്കാൻ വേണ്ടി മാത്രം അവനെ വിവാഹം കഴിപ്പിക്കുന്ന ചില കുടുംബങ്ങളുണ്ടെന്നും ഒരു പെണ്ണ് അവന്റെ ജീവിതത്തിലേക്ക് വന്നാൽ അവൻ നന്നായിക്കോളും എന്ന മിഥ്യാധാരണയോടെയാണ് പല കുടുംബങ്ങളും അതിന് മുതിരുന്നതെന്നും അവർ പറയുന്നു. ജീവിതത്തിലേക്ക് കടന്നു വരുന്ന പുരുഷന്മാരെ നന്നാക്കാനുള്ള കടമ സ്ത്രീകളുടേതാണെന്ന ചിന്തയോടെയാണ് ഇവിടെ ഓരോ പെൺകുട്ടികളും വളർത്തപ്പെടുന്നതെന്നും പറഞ്ഞുകൊണ്ട് ജെസീക്ക ചില ഉദാഹരണങ്ങളും പങ്കുവെയ്ക്കുന്നു.

വീട്ടുജോലിയിൽ സഹായിക്കാനെത്തുന്ന സ്ത്രീ അവരുടെ മരുമകളെക്കുറിച്ചു പറഞ്ഞ മോശം അഭിപ്രായം കേട്ടപ്പോഴാണ് തന്റെ മനസ്സിലെ ചില സംശയങ്ങൾ അവർ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്.

മരുമകൾക്ക് ഒട്ടും കാര്യപ്രാപ്തിയില്ലെന്നും വിവാഹം കഴിഞ്ഞിട്ട് എട്ടുവർഷം കഴിഞ്ഞിട്ടും അവന്റെ മദ്യപാനം അവൾ മാറ്റിയെടുത്തില്ല എന്നുമായിരുന്നു അമ്മായിയമ്മയുടെ പരാതി. മകനോടൊപ്പം 28 വർഷം ജീവിച്ചിട്ടും എന്തുകൊണ്ടാണ് അവന്റെ ദുസ്വഭാവം മാറ്റാൻ അമ്മ ശ്രമിക്കാതിരുന്നതെന്ന് എഴുത്തുകാരി ചോദിച്ചപ്പോൾ  താൻ പറഞ്ഞാൽ അവൻ അനുസരിക്കില്ലെന്നും ഒരു അമ്മ എന്ന നിലയിൽ തനിക്കു പരിമിതികളുണ്ടെന്നും ഭാര്യമാരാണ് ഭർത്താക്കന്മാരെ നേർവഴിക്കു നടത്തേണ്ടതെന്നുമായിരുന്നു അവരുടെ മറുപടി. 

മകന്റെ മദ്യപാനത്തെക്കുറിച്ച് വിവാഹത്തിന് മുൻപ് ആ പെണ്‍കുട്ടിയോട് പറഞ്ഞിരുന്നോ എന്ന ചോദ്യത്തിന് ഒട്ടും സങ്കോചമില്ലാതെ ഇല്ല എന്ന മറുപടിയാണ് ആ അമ്മ നൽകിയത്. കല്യാണം കഴിഞ്ഞാൽ അവൾ എല്ലാം ശരിയാക്കിക്കോളുമെന്നാണ് താൻ കരുതിയതെന്നും ആ അമ്മ മറുപടി പറഞ്ഞു. മകനെ നന്നാക്കാനുള്ള ദുർഗുണ പരിഹാര പാഠശാലയാണോ മരുമകൾ എന്ന സംശയമാണ് ആ സ്ത്രീയുടെ വാക്കുകൾ കേട്ടപ്പോൾ തനിക്കുതോന്നിയതെന്നും അവർ പറയുന്നു.

സമൂഹത്തിന്റെ ചില ചിന്താഗതികളേയും അബദ്ധധാരണകളേയും മാറ്റാൻ സമയമായി എന്ന് ഓർമ്മിച്ചുകൊണ്ട് അവർ കുറിച്ചതിങ്ങനെ :- 'എങ്ങനെ ഒരു നല്ല ഭാര്യയാകണമെന്ന് പെൺകുട്ടികളെ നമ്മൾ പഠിപ്പിക്കാറുണ്ട്. എന്നാൽ ഒരു ഭർത്താവിന്റെ കടമകളെക്കുറിച്ച് ആരെങ്കിലും ആൺകുട്ടികൾക്ക് പറഞ്ഞുകൊടുക്കാറുണ്ടോ? ചില സമയത്ത് തോന്നാറുണ്ട് നല്ല സ്ത്രീയാണെന്ന് മറ്റുള്ളവരെക്കൊണ്ട് പറയിപ്പിക്കുക എന്നതാണ് സ്ത്രീകളുടെ ജീവിത ലക്ഷ്യമെന്ന്'. 

'ന്യൂജനറേഷൻ പേരന്റിങ്ങിനെയും വിവാഹമോചനത്തേയുമൊക്കെ എല്ലാവരും എപ്പോഴും കുറ്റം പറയാറുണ്ട്. പക്ഷേ എത്രപേർ സ്വന്തം കുടുംബത്തിൽ വേർതിരിവുകളില്ലാതെ കുഞ്ഞുങ്ങളെ വളർത്താറുണ്ട്. ആൺകുട്ടികളും പെൺകുട്ടികളും എല്ലാക്കാര്യങ്ങളും ചെയ്തു പഠിക്കട്ടെ അതിനു ലിംഗവ്യത്യാസം ബാധകമാകാതിരിക്കട്ടെ. പുരുഷന്മാരെ നന്നാക്കാനല്ല സ്ത്രീകളെ ബഹുമാനിക്കുന്നവരായി അവരെ മാറ്റാനാണ് ശ്രമിക്കേണ്ടത്. വിവാഹം കഴിക്കാൻ പോകുന്ന പുരുഷനെ ഒരു അമ്മയെപ്പോലെ ഉപദേശിക്കാനോ അവരെ നന്നാക്കാനുള്ള ദുർഗുണ പരിഹാരപാഠശാലകളാകാനോ അല്ല പെൺകുട്ടികൾ ശ്രമിക്കേണ്ടത്' എന്നു പറഞ്ഞുകൊണ്ടാണ് അവർ കുറിപ്പ് അവസാനിപ്പിക്കുന്നത്