Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒറ്റപ്പെടുത്താതെ ചേർത്തു നിർത്താം; ഒഴിവാക്കാതെ സ്നേഹിക്കാം

x-default x-default

വാര്‍ധക്യം ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഘട്ടമാണ്. പക്ഷേ ചെറുപ്പക്കാർക്ക് അക്കാര്യത്തില്‍ വേണ്ടത്ര അറിവില്ല. തന്മൂലം പ്രായമായവർ പലപ്പോഴും സമൂഹത്തിലും കുടുംബത്തിലും അവഗണിക്കപ്പെടുന്നു. വൃദ്ധരെ അവഗണിക്കുന്നതിന്റെയും അവരോട് കാണിക്കുന്ന നന്ദികേടിന്റെയും എത്രയോ വാര്‍ത്തകളാണ് ദിനംപ്രതി നമ്മള്‍ കേട്ടുകൊണ്ടിരിക്കുന്നത്. പലരുടെയും വീടുകളിലുണ്ടാവും വൃദ്ധരായ ഒരാളെങ്കിലും. അവര്‍ നമുക്കും നമ്മള്‍ അവര്‍ക്കും ചിലപ്പോഴെങ്കിലും പ്രശ്‌നക്കാരായി മാറാറില്ലേ? മുതിർന്നവരോട് എങ്ങനെ നയത്തിൽ പെരുമാറണമെന്ന് അറിഞ്ഞുകൂടാത്തതാണ് പല പ്രശ്നങ്ങൾക്കും കാരണം.

ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ പ്രായമായവരുടെ ഒറ്റപ്പെടലിനെ അതിജീവിക്കാൻ സഹായിച്ചുകൊണ്ട് വീട്ടിൽ സ്വച്ഛത നിറയ്ക്കാം.

സൗഹൃദം ഏതൊരുപ്രായത്തിലും വേണ്ടപ്പെട്ട ഒന്നാണ്. അവരും അതാഗ്രഹിക്കുകയും ചെയ്യുന്നു. പങ്കാളി മരിച്ചുപോവുകയോ അല്ലെങ്കില്‍ അകന്നുജീവിക്കുകയോ ചെയ്യുന്ന വൃദ്ധരായ മാതാപിതാക്കളെ അവരുടെ സുഹൃത്തുക്കളുടെ വീടുകളില്‍ വല്ലപ്പോഴും കൊണ്ടുപോകുന്നതോ ആ കൂട്ടുകാരെ വീടുകളിലേക്ക് കൂട്ടിക്കൊണ്ടുവരുന്നതോ പ്രായമായവരെ വളരെയധികം സന്തോഷിപ്പിക്കും. 

മുതിർന്നവരോട് വെറുതെ തര്‍ക്കിക്കാന്‍ നിൽക്കരുത്. അവര്‍ പറയുന്നത് ശരിയാണെന്നും അവര്‍ മാത്രമേ ശരിയുള്ളൂവെന്നും സമ്മതിച്ചേക്കുക. പലപ്പോഴും അവര്‍ പറയുന്നത് ശരിയാകണമെന്നില്ല. പക്ഷേ തര്‍ക്കിക്കാന്‍ നിൽക്കരുത്. പറയുന്നത് ശരിയാണെന്ന് സമ്മതിച്ചുകൊടുത്താല്‍ അവര്‍ക്ക് സുരക്ഷിതത്വബോധമുണ്ടാകും. അതും വീടിന്റെ പ്രശാന്തതയ്ക്ക് നല്ലതാണ്.

ഓര്‍മ്മകളില്‍ ജീവിക്കാന്‍ അവരെ അനുവദിക്കുക. കഴിഞ്ഞകാലം അവരെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണ്..അതുകൊണ്ട്. അവരെ അവരുടെ ഓര്‍മ്മകളുടെ പാട്ടിന് വിട്ടുകൊടുക്കുക.

പ്രായമായവർ പറയുന്നത് കേള്‍ക്കാന്‍ സമയം കണ്ടെത്തുക.. പറഞ്ഞകാര്യങ്ങള്‍ തന്നെയായിരിക്കും അവര്‍ പറഞ്ഞുകൊണ്ടിരിക്കുന്നത്. നൂറാവര്‍ത്തികേട്ട കാര്യങ്ങള്‍ തന്നെയായിരിക്കും നാം കേള്‍ക്കാന്‍ പോകുന്നതും. പക്ഷേ അവരെ കേള്‍ക്കാന്‍ മനസ്സുകാണിക്കുക. പലപ്പോഴും അവരുടെ വാക്കുകളില്‍ ജ്ഞാനമുണ്ടെന്നും നാം മനസ്സിലാക്കണം.

 അവരെ നമുക്ക് ആവശ്യമുണ്ടെന്ന് അവര്‍ക്ക് ബോധ്യമാകണം. പ്രയോജനകാരികളാണെന്നും ഭാരമല്ലെന്നുമുള്ള തോന്നല്‍ അവരിലുണ്ടാക്കണം.

ആവശ്യമുള്ള സഹായങ്ങള്‍ അവര്‍ക്ക് ചെയ്തുകൊടുക്കണം. ചിലപ്പോള്‍ ഒന്നു കാല്‍ തിരുമ്മി കൊടുക്കുന്നതോ പുറം ചൊറിഞ്ഞുകൊടുക്കുന്നതോ കണ്ണില്‍ മരുന്ന് ഒഴിക്കുന്നതോ ആവാം അത്.

 കുട്ടികളെ എന്നപോലെ അവരെ പരിഗണിക്കരുത്. മറിച്ച് പ്രായപൂര്‍ത്തിയായവര്‍ക്ക് കൊടുക്കേണ്ട എല്ലാ ബഹുമാനത്തോടും ആദരവോടും കൂടി അവരോട് പെരുമാറുക.

 നന്നായി അണിഞ്ഞൊരുങ്ങാനും വൃത്തിയായ വേഷം ധരിക്കാനും അവരെ പ്രേരിപ്പിക്കണം. പുരുഷന്മാരാണെങ്കില്‍ ഷേവ് ചെയ്യാന്‍ പറയണം. സ്ത്രീകള്‍ മുടി ചീകിക്കെട്ടി സുന്ദരിമാരായി ഇരിക്കട്ടെ.

അവരെ സ്പര്‍ശിക്കുക, ആലിംഗനം ചെയ്യുക, ചുംബിക്കുക.. നമ്മുടെ സ്‌നേഹവും ആദരവും എളുപ്പത്തില്‍ മനസ്സിലാക്കിക്കൊടുക്കാനുള്ള മാര്‍ഗ്ഗം കൂടിയാണത്. 

 തങ്ങളുടെ ജീവിതത്തില്‍ എത്രയോ പ്രധാനപ്പെട്ടവരാണ് ഇവരെന്ന ബോധ്യം കൊടുക്കുക. ജീവിതത്തില്‍ ചെയ്തുതന്നിനെല്ലാം നന്ദി പറയുക.

അവർക്കുവേണ്ടി പ്രാര്‍ത്ഥിക്കുക

ഓരോ ദിവസവും അവരോട് ചോദിക്കുക, ഇന്ന് അച്ഛന്/ അമ്മയ്ക്ക് എന്താണ് ഞാൻ പ്രത്യേകമായി ചെയ്തുതരേണ്ടത്?

വൃദ്ധരായ മാതാപിതാക്കള്‍ അവഗണിക്കപ്പെടേണ്ടവരോ ഒഴിവാക്കപ്പെടേണ്ടവരോ അല്ല. അവര്‍ നമ്മുടെ ജീവിതത്തിന്റെ അനുഗ്രഹമാണെന്ന് തിരിച്ചറിയുമ്പോള്‍ മാത്രമേ മേൽപ്പറഞ്ഞ വിധത്തില്‍ അവരെ സ്വീകരിക്കാനും സ്‌നേഹിക്കാനും നമുക്ക് കഴിയുകയുള്ളൂ.