Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജിമ്മി കിമ്മലിനെ അദ്ഭുതപ്പെടുത്തിയ മറുപടികളുമായി ഇന്ത്യൻ ദമ്പതികൾ

indian-couple-01

അറേഞ്ചഡ് മാര്യേജ് എന്നു കേള്‍ക്കുമ്പോള്‍ അത്ഭുതപ്പെടുന്നവരുണ്ടോ ? മലയാളികള്‍ക്കും പൊതുവേ ഇന്ത്യക്കാര്‍ക്കും അതിശയം തോന്നില്ലെങ്കിലും വിദേശികള്‍ കേള്‍ക്കുന്ന മാത്രയില്‍തന്നെ മൂക്കത്തു വിരല്‍വച്ചുപോകുന്നു. എന്താണത്- നിശ്ചയിച്ചുറപ്പിച്ച വിവാഹം അഥവാ അറേഞ്ചഡ് മാര്യേജ് ? 

ഒരു ടെലിവിഷന്‍ ഷോയ്ക്കിടെ ആതിഥേയന്‍ ജിമ്മി കിമ്മല്‍ ഈ അദ്ഭുതം തുറന്നുതന്നെ ചോദിച്ചു. ഷോയില്‍ പങ്കെടുക്കാന്‍ എത്തിയ ഇന്ത്യന്‍ ദമ്പതികളോടായിരുന്നു ജിമ്മിയുടെ ചോദ്യം. 

നിങ്ങളുടെ ജീവിതപങ്കാളിയെ കണ്ടെത്തിയതു നിങ്ങളല്ലേ ? ജിമ്മിക്ക് അത്ഭുതം അടുക്കാനാകുന്നില്ല. 

അച്ഛനമ്മമാര്‍ മക്കളുടെ പങ്കാളികളെ കണ്ടെത്തുന്നെന്നോ ? അതെങ്ങനെയാണു ശരിയാകുന്നത്. 

അച്ഛനമ്മമാര്‍ തിരഞ്ഞെടുക്കുന്ന പങ്കാളികളെ നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ടില്ലെങ്കില്‍ എന്തുചെയ്യും ? 

ഇപ്പോഴും ഇങ്ങനെയുള്ള ആചാരങ്ങളുണ്ടോ. 

ജിമ്മിയുടെ സംശയങ്ങളും അതിന് ഇന്ത്യന്‍ ദമ്പതികള്‍ കൊടുത്ത മറുപടിയുമടങ്ങുന്ന വീഡിയോ രസരം. ജിമ്മയുടെ ആവശ്യപ്രകാരം ഇന്ത്യന്‍ ദമ്പതികള്‍ വിദേശികള്‍ക്കു സങ്കീര്‍ണമെന്നു തോന്നുന്ന ഇന്ത്യൻ വിവാഹത്തിന്റെ പ്രക്രിയ വിവരിച്ചുകൊടുത്തു. ഓരോ വിശദാംശങ്ങളും ജിമ്മിക്കും അവിടെ കൂടിയ മറ്റ് അതിഥികള്‍ക്കും സമ്മാനിച്ചതു തീരാത്ത അത്ഭുതം. ഒപ്പം പൊട്ടിച്ചിരിയും. 

വിവാഹം നടത്തിക്കൊടുക്കുന്ന മാര്യേജ് ബ്യൂറോകളുണ്ട്. അവിടെ ഓരോരുത്തരെക്കുറിച്ചും വിശദമായ വിവരങ്ങളും ചിത്രവുമുണ്ടായിരിക്കും. യോജിക്കുന്നതെന്നു തോന്നുന്നതു തിരഞ്ഞെടുക്കുന്നു. പിന്നെ ഇരുവീടുകളിലെയും മുതിര്‍ന്നവര്‍ തമ്മില്‍ നടത്തുന്ന ആലോചനകള്‍. പരസ്പരം സമ്മതത്തിലെത്തിയാല്‍ ദമ്പതികളാകാന്‍ ആഗ്രഹിക്കുന്നവര്‍ തമ്മില്‍ കാണുന്നു.  സംസാരിക്കുന്നു. യോജിപ്പുണ്ടായാല്‍ അടുത്ത നടപടികളിലേക്കും ഒടുവില്‍ വിവാഹത്തിലേക്കും.

എല്ലാം വിശദമായി കേട്ടുകഴിഞ്ഞപ്പോള്‍ ജിമ്മി ഒരു സംശയം ചോദിച്ചു: നിങ്ങള്‍ അറേഞ്ചഡ് മാര്യേജിലൂടെ യോജിച്ചവരാണ്. നിങ്ങളുടെ കുട്ടികള്‍ വലുതാകുമ്പോള്‍ എങ്ങനെയായിരിക്കും വിവാഹം. അവരുടെ പങ്കാളികളെ നിങ്ങള്‍ തിരഞ്ഞെടുക്കുമോ അതോ സ്വന്തം തീരുമാനത്തിലെത്താന്‍ അവര്‍ക്കു സ്വാതന്ത്ര്യം കൊടുക്കുമോ ? 

സംശയിക്കാതെതന്നെ ദമ്പതികള്‍ പറഞ്ഞു: ഞങ്ങള്‍ മക്കള്‍ക്കു സ്വാതന്ത്ര്യം കൊടുക്കും. അവരുടെ പങ്കാളികളെ അവര്‍ തിരഞ്ഞെടുക്കട്ടെ.