Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

16 മക്കൾ, സ്കൂൾ, ചാരിറ്റി ; എന്നിട്ടും സമയമില്ലെന്ന് ഈ അമ്മ പരാതി പറയില്ല

big-family ചിത്രത്തിന് കടപ്പാട്: ഫെയ്സ്ബുക്ക്.

ആരും സമ്മതിച്ചുപോകും ലിനെറ്റ് റീബാക്ക് നിസ്സാരക്കാരിയായ ഒരു അമ്മയല്ല എന്ന്.  ആ ജീവിതത്തെക്കുറിച്ച് കൂടുതലറിയുമ്പോൾ ആര്‍ക്കുമുണ്ടാകുന്ന സ്വഭാവികമായ പ്രതികരണമാണ്  അത്. ഒരു കുഞ്ഞിനെ പ്രസവിച്ചു വളര്‍ത്താന്‍ മടിവിചാരിക്കുകയും സമയമില്ലെന്ന് പരാതി പറയുകയും ചെയ്യുന്ന സ്ത്രീകളുടെ ഈ ലോകത്താണ് പന്ത്രണ്ട് കുട്ടികള്‍ക്ക് ജന്മം നൽകുകയും അതിന് പുറമെ നാലു കുഞ്ഞുങ്ങളെക്കൂടി ദത്തെടുക്കുകയും ചെയ്ത് പതിനാറ് കുട്ടികളുടെ അമ്മയായി ലിനെറ്റ് മാറിയിരിക്കുന്നത്. 

പത്തു പെണ്‍മക്കളും ആറു ആണ്‍മക്കളുമാണ് ലിനെറ്റ്- ഡേവിഡ് ദമ്പതികള്‍ക്ക്. 20 വയസ്സിലായിരുന്നു വിവാഹം. വിവാഹം കഴിഞ്ഞിട്ട് ഇപ്പോൾ 24 കൊല്ലം പിന്നിടുന്നു. ലിനറ്റിന്റെ ഏറ്റവും ഇളയ കുഞ്ഞിന് ഇപ്പോൾ  രണ്ടുവയസ്സാണ് പ്രായം. മുതിര്‍ന്ന ആള്‍ക്ക് 22 ഉം.  'ഓരോ കുഞ്ഞുങ്ങളെയും ലഭിക്കുമ്പോള്‍ ഞങ്ങള്‍ കൂടുതല്‍ അനുഗ്രഹിക്കപ്പെടുകയാണ് ചെയ്യുന്നത്. കുട്ടികളെ വളര്‍ത്തുക എന്നത് ഈ ലോകത്തെ അത്ഭുതപ്പെടുത്താന്‍ കഴിയുന്ന അവിശ്വസനീയമായ ഒരു സാധ്യതയായിട്ടാണ് ഞങ്ങള്‍ കരുതുന്നത്.  ലോകത്തിലെ ഏറ്റവും മഹത്തായ ജോലിയാണ് കുട്ടികളെ വളര്‍ത്തല്'‍. - ലിനറ്റ്  പറയുന്നു.

ഓരോ ദിവസവും വെളുപ്പിന് അഞ്ചരയ്ക്ക് ലിനറ്റ് എഴുന്നേൽക്കും. തുടര്‍ന്ന് ഓരോ ദിവസവും തങ്ങള്‍ ചെയ്തുതീര്‍ക്കേണ്ടതായ ജോലികളുടെ ലിസ്റ്റ് ക്രമീകരിക്കും. മക്കളുടെ പ്രായത്തിനനുസരിച്ചുള്ള ജോലികള്‍ അവരെക്കൊണ്ട് ചെയ്യിക്കാനും ലിനെറ്റ് തയാറാണ്. പതിമൂന്നു വയസ്സുള്ള ട്രിനിറ്റിയാണ് ദിവസത്തില്‍ മൂന്നു നേരം ഭക്ഷണം വിളമ്പാന്‍ സഹായിക്കുന്നത്. പന്ത്രണ്ടുകാരനായ കാര്‍സോണിന് വസ്ത്രങ്ങൾ അലക്കാനുള്ള ചുമതലയാണുള്ളത്. മക്കളെ ജോലി ചെയ്യിക്കുന്നതിനായുള്ള വിശദീകരണമായി ഈ അമ്മ പറയുന്നത് ഇതാണ്. അവര്‍ റോബോട്ടുകളല്ല, മനുഷ്യരാണ്. അവര്‍ ചെയ്യുന്നത് എല്ലായ്‌പ്പോഴും പരിപൂര്‍ണ്ണമായിരിക്കുമെന്നോ മനോഹരമായിരിക്കുമെന്നോ പറയാനാവില്ല. എങ്കിലും ജോലിയോടുള്ള അവരുടെ മനോഭാവം മെച്ചപ്പെടുത്താനും അധ്വാനശീലം പഠിപ്പിക്കാനും ഇതേറെ സഹായകമാകും.

മക്കള്‍ക്കെല്ലാം ഹോം സ്‌കൂളിങ്ങാണ് നൽകുന്നത്. പാഠഭാഗങ്ങള്‍ ക്രമീകരിക്കുന്നതും അമ്മ തന്നെ. പഠനത്തിനും വീട്ടുജോലികള്‍ക്കും പുറമെ അമ്മയുടെ ചാരിറ്റിപ്രവര്‍ത്തനങ്ങളിലും മക്കള്‍ സഹായിക്കുന്നുണ്ട്. പ്രിയപ്പെട്ടവരുടെ മരണം മൂലം ഒറ്റപ്പെട്ടുപോയ മിലിട്ടറികുടുംബങ്ങളെ സഹായിക്കുന്ന ചാരിറ്റിപ്രവര്‍ത്തനമാണ് ലിനെറ്റ് നടത്തുന്നത്.  തിരക്കുപിടിച്ച ഈ ജീവിതത്തില്‍  ദ് റിബാക്ക്‌സ് എന്ന പേരില്‍ ബ്ലോഗെഴുത്തുമുണ്ട് ഈ അമ്മയ്ക്ക്.

കുടുംബജീവിതം, ദാമ്പത്യം, കുട്ടിക്കാലം എന്നിങ്ങനെ വിവിധ വിഷയങ്ങളെക്കുറിച്ചാണ് ബ്ലോഗില്‍ എഴുതുന്നത്. പത്തുദിവസത്തെ ഡേറ്റിങ്ങിന് ശേഷമാണ് ഈ ദമ്പതികള്‍ വിവാഹിതരായത്. നാൽപ്പത്തിയൊന്‍പതുകാരനായ ഭര്‍ത്താവ് ഡേവിഡ് എസ്‌റ്റേറ്റ് ഏജന്റാണ്.  ഈ ദമ്പതികള്‍ക്ക് മക്കളെ വളര്‍ത്തുന്നതിലല്ല ബുദ്ധിമുട്ട് തോന്നിയത്. മറിച്ച് അവര്‍ക്ക് അനുയോജ്യമായ പേരുകള്‍ കണ്ടുപിടിക്കുന്നതിനാണ്. മക്കളുടെ പേരും വയസ്സും ഇങ്ങനെയാണ്. ഡാലി കെ (22), റൈലി (20), ബ്ലിസ്(19), കെംപര്‍ (17), ഗ്ലോറി (15), ട്രിനിറ്റി (13), കൗര്‍സണ്‍ (12),ലിബര്‍ട്ടി (11), ജൂഡ്‌സണ്‍ (10), ഷെപ്പേര്‍ഡ് (10), സോജോര്‍നര് (‍8), റാന്‍സം (8), വിക്ടറി (6),സ്‌റ്റോണ്‍ (5), വെരിറ്റി (4), വൗഗന്‍ (2)

വൗഗന്‍ ആയിരിക്കും അവസാനത്തെ കുട്ടിയെന്ന്് റീബാക്ക പറയുന്നില്ല. ചിലപ്പോള്‍ ഇനിയും ഒരു കുഞ്ഞിനുള്ള സാധ്യത തള്ളിക്കളയാനുമാവില്ല. കാരണം മക്കള്‍ അനുഗ്രഹമാണെന്ന് വിശ്വസിക്കുന്ന ഈ ദമ്പതികള്‍ക്ക് ഇങ്ങനെയല്ലാതെ മറ്റൊരു നിലപാട് എടുക്കാനാവില്ലല്ലോ?