Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജ്യോതികയുടെ ഈ സ്വഭാവമാണ് സൂര്യ ഏറെയിഷ്ടപ്പെട്ടത്

Surya Jyothika

സൗത്ത് ഇന്ത്യയിൽ നിരവധി താരവിവാഹങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും ആരാധകർക്ക് ഒരൽപ്പം ഇഷ്ടക്കൂടുതലുള്ള താരദമ്പതികളാണ് സൂര്യയും ജ്യോതികയും. അഭ്രപാളികളിൽ മാത്രമല്ല ജീവിതത്തിലും നല്ല ജോഡികളാണെന്ന് തെളിയിച്ചുകൊണ്ടാണ് അവർ ആരാധകരുടെ മനസ്സിലിടം പിടിച്ചത്. മാതൃകാപരമായ ദാമ്പത്യജീവിതം നയിക്കുന്ന ഈ ദമ്പതികൾ പലപ്പോഴും പല പൊതുവേദികളിലും പങ്കാളികളുടെ ഗുണഗണങ്ങൾ വർണ്ണിക്കാറുണ്ട്. മലയാളസിനിമയിലെ വമ്പൻ താരങ്ങൾ അണിനിരന്ന അമ്മ മഴവിൽ ഷോയിൽ പങ്കെടുക്കാനെത്തിയപ്പോഴും സൂര്യ പതിവുതെറ്റിച്ചില്ല.

തന്റെ ഏറ്റവും പ്രിയപ്പെട്ട സഹപ്രവർത്തകയെക്കുറിച്ചും അഭിനയജീവിതത്തിലും വ്യക്തി ജീവിതത്തിലും അവർ എങ്ങനെ തന്നെ സ്വാധീനിച്ചുവെന്നും പറഞ്ഞുകൊണ്ടാണ് സൂര്യ ആ രഹസ്യം വെളിപ്പെടുത്തിയത്. 20 വർഷം മുമ്പ് ആദ്യമായി സിനിമയിൽ അഭിനയിച്ചത് ഒരു അന്യഭാഷാ താരത്തോടൊപ്പമായിരുന്നുവെന്നും അവരാണ് തന്നെ ഏറ്റവും കൂടുതൽ സ്വാധീനിച്ച വ്യക്തിയെന്നും സൂര്യ പറയുന്നു. അവരുടെ മാതൃഭാഷ ഹിന്ദിയായിരുന്നു എങ്കിലും അവർ അഭിനയിക്കുന്ന സമയത്ത് തമിഴ് ഡയലോഗുകൾ വളരെ കൃത്യമായി പറയും. പലപ്പോഴും അവരുടെ പ്രകടനം കണ്ട് ഞെട്ടിപ്പോയിട്ടുണ്ടെന്നും സൂര്യ പറയുന്നു.

surya-jyothika

തമിഴ് അറിയാവുന്ന തനിക്കു പോലും പലപ്പോഴും ഡയലോഗുകൾ തെറ്റാറുണ്ടായിരുന്നുവെന്നും പ്രോംപ്റ്റിങ് ഒന്നും ഇല്ലായിരുന്ന ആ കാലത്ത് വളരെ ദൈർഘ്യമേറിയ ഡയലോഗുകൾ പോലും അവർ വളരെ കൃത്യമായി പറയുന്നതുകണ്ട് താൻ അമ്പരന്നു പോയിട്ടുണ്ടെന്നും സൂര്യ വെളിപ്പെടുത്തുന്നു. എല്ലാ ദിവസവും വെളുപ്പിനെ അഞ്ചുമണിക്കുണർന്ന് അന്നത്തെ ഡയലോഗുകൾ മനപാഠമാക്കാൻ അവർ കാണിക്കുന്ന ഡെഡിക്കേഷൻ തന്നെ അദ്ഭുതപ്പെടുത്തിയെന്നും സൂര്യ പറയുന്നു.

ഒരുപാടു ചിത്രങ്ങളിൽ ഒന്നിച്ചഭിനയിക്കാൻ കഴിഞ്ഞതോടെ അവരുടെ സ്വഭാവത്തിലെ നന്മകളോരോന്നായി മനസ്സിലാക്കാൻ സാധിച്ചുവെന്നും സെറ്റിലെ സംവിധായകരോടും ജൂനിയർ ആർട്ടിസിറ്റിനോടും ഒരുപോലെ പെരുമാറാനും എല്ലാവരിലും പോസിറ്റീവ് എനർജി നിറയ്ക്കാനുമുള്ള അവരുടെ കഴിവ് കൗതുകത്തോടെ കണ്ടുനിന്നിട്ടുണ്ടെന്നും സൂര്യ പറയുന്നു. അതിലൊക്കെ ഉപരിയായി അവരോട് ഏറ്റവും ഇഷ്ടം തോന്നിയത് നോ പറയാൻ അവർ കാണിക്കുന്ന ധൈര്യം കണ്ടിട്ടാണെന്നും സൂര്യ പറയുന്നു. വളരെ ചങ്കൂറ്റത്തോടെ എന്നാൽ ആരേയും വെറുപ്പിക്കാതെയാണ് അവർ നോ പറഞ്ഞിരുന്നത്. അവരിൽ നിന്നാണ് ആവശ്യമുള്ളടത്ത് നോ പറയണം എന്ന പാഠം താൻ പഠിച്ചതെന്നും സൂര്യ പറയുന്നു.

surya-jyothika-3

വിവാഹശേഷം സിനിമയിൽ ഇടവേളയെടുത്തെങ്കിലും പൂർവാധികം ശക്തിയോടെ അവർ സിനിമയിൽ തിരിച്ചു വന്നുവെന്നും സൂര്യ പറയുന്നു. താൻ സ്നേഹിച്ച, ആരാധിച്ച ആ സഹപ്രവർത്തക ജ്യോതികയാണെന്നും സൂര്യ ഒടുവിൽ വെളിപ്പെടുത്തി.