Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഷിപ്പിൽ ജോലി ചെയ്യുന്നവരെ അസൂയയോടെ നോക്കുന്നവർ വായിക്കാൻ

family

ലോകത്തുള്ള സകല പുരുഷന്മാരും സ്ത്രീകളും അസൂയയോടെ നോക്കുന്ന ഒരു കൂട്ടരുണ്ട്. ഷിപ്പിൽജോലി ചെയ്യുന്നവർ. ആറുമാസം ജോലി ചെയ്താൽ ബാക്കി ആറുമാസം വീട്ടിലിരിക്കാം, എന്തൊരു സുഖമാണ് അവരുടെ ജീവിതം എന്നൊക്കെ കുശുമ്പു പറയാറുമുണ്ട്. അവരുടെ ജോലിയുടെ സ്വഭാവമോ അവരുടെ അധ്വാനത്തിന്റെ ആഴമോ അറിയാതെയാണ് പലപ്പോഴും മുൻവിധിയോടെ പലരും ഇത്തരം പ്രസ്താവനകളിറക്കുന്നത്.

വിവാഹക്കമ്പോളത്തിലും ഷിപ്പിൽ ജോലിയുള്ള പയ്യന് നല്ല ഡിമാന്റുണ്ട്. എന്നാൽ ഇത്രയും പേരുകേട്ട ഒരു ജോലിക്കു പിന്നിൽ എത്രത്തോളം കഠിനാധ്വാനം ചെയ്യേണ്ടി വരുമെന്നു മാത്രം ആരും ഒരു നിമിഷം പോലും ഓർക്കാറില്ല. ഷിപ്പിൽ ജോലി ചെയ്യുന്നവരെപ്പറ്റിയുള്ള മുൻധാരണ തിരുത്താനാഗ്രമുള്ളവർ തീർച്ചയായും ഈ പോസ്റ്റ് വായിക്കണം. ഷിപ്പിൽ ജോലിചെയ്യുന്ന ഭർത്താവിനെ കാണാൻ കുഞ്ഞുമൊത്ത് പോയ യുവതി പങ്കുവെച്ച ഹൃദയസ്പർശിയായ ഫെയ്സ്ബുക്ക് കുറിപ്പ് വായിച്ചാൽ തീർച്ചയായും ഷിപ്പിൽജോലി ചെയ്യുന്ന ഓരോ ഉദ്യോഗസ്ഥരോടും ബഹുമാനം തോന്നും.

വിനോദയാത്രയുടെ ഭാഗമായി ചിലർ കപ്പൽ സവാരി പോകാറുണ്ട്. അപ്പോൾ പോലും കടൽച്ചൊരുക്കു മൂലം ഛർദ്ദിച്ച് ക്ഷീണിച്ച് അവശരായി ഇനിയീ ജന്മം കപ്പലിലേക്കില്ല എന്നു പ്രതിജ്ഞയെടുത്താവും ചിലരുടെ മടക്കം. അപ്പോൾ നീണ്ട ആറുമാസക്കാലം വീട്ടിൽപ്പോവാനാവാതെ പ്രിയപ്പെട്ടവരെ കാണാനാവാതെ കപ്പലിൽ ജോലിചെയ്യുന്ന ഉദ്യോഗസ്ഥരുടെ മാനസീകാവസ്ഥയോ? 

കരയിലിരുന്ന് വീടിന്റെ സുഖശീതളിമയിൽ സ്വന്തക്കാരുടെയും ബന്ധുക്കളുടെയുമൊപ്പം സുഖമായി കഴിയുമ്പോൾ നമ്മൾ മനപൂർവ്വം മറന്നു പോകുന്ന ചില കാര്യങ്ങൾ ഓർമ്മപ്പെടുത്തുകയാണ് ഗീതു മോഹൻ എന്ന യുവതി. ഭർത്താവിനും കുഞ്ഞിനുമൊപ്പം ഭർത്താവ് ജോലിചെയ്യുന്ന കപ്പലിൽ ചിലവഴിച്ച മണിക്കൂറുകളെക്കുറിച്ച് ഗീതു ഫെയ്സ്ബുക്കിൽ കുറിച്ചതിങ്ങനെ: 

''ഷിപ്പിൽ വർക്ക് ചെയ്യുന്നവരുടെ 'അമ്മ, ഭാര്യ, പെങ്ങൾ, പിന്നെ എന്ത് സുഖമാ 6 മാസം ജോലി ചെയ്താൽ 6 മാസം ചുമ്മാ ഇരിക്കാം , നല്ല സാലറിയും കിട്ടും എന്ന് വിചാരിക്കുന്നവരും ഒക്കെ ഒരു തവണ എങ്കിലും ഷിപ്പിൽ കേറണം . അവർ അവിടെ എന്തെടുക്കുവാ എന്ന് അറിയാൻ അല്ല. അവർ എങ്ങനെ അവിടെ ജോലി ചെയ്യുന്നു എന്ന് അറിയാൻ. നാട്ടിൽ വന്നാൽ ഒന്നും ചെയ്യാതെ ഇങ്ങനെ ചുമ്മാതെ ഇരിക്കുന്നതിന് ഞാൻ എപ്പഴും "കുത്തി " "കുത്തി " പറഞ്ഞിരുന്നത് ഷിപ്പിന്റെ പടം മാത്രം കണ്ടു ശീലം ഉള്ളത് കൊണ്ടാണ്. ആദ്യമായി ഒരു 3 മണിക്കൂർ നേരത്തേക്ക് ഷിപ്പിൽ കേറിയപ്പോൾ മനസിലായി . നാട്ടിലുണ്ടാവുന്ന സമയത്തെ ജോലി കൂടി ഷിപ്പിൽ ചെയ്തിട്ടാ വരുന്നത് എന്ന് . ചിലപ്പോൾ അതിൽ കൂടുതൽ. 45degree മുതൽ 50 degree വരെ ഉള്ള ചൂടിൽ,മര്യാദക്ക് ഒന്ന് ശ്വാസം എടുക്കാൻ പോലും പറ്റാതെ, ഇടുങ്ങിയ സ്ഥലങ്ങളിൽ നിന്നും ഇരുന്നും കിടന്നും ദിവസം 12 മണിക്കൂർ വരെ ജോലി ചെയ്‌യുന്ന ആളുകൾ.

Arjun RKഇതൊക്കെ മനസിലാക്കിയാലും ഇങ്ങനൊക്കെ പറഞ്ഞാലും ഇനി നാട്ടിൽ വരുമ്പോഴും ചുമ്മാ ഇരിക്കുന്നതിന് അസൂയയോടെ ഞാൻ വീണ്ടും ചൊറിഞ്ഞോണ്ടിരിക്കും . But I admit "Every seaman is not only a navigator, but a merchant and also a soldier" 

#hatsoff all mariners #myfirstshipvisit

കണ്ടതിനേക്കാൾ വലുതാണ് sailingങ്ങിൽ കാണേണ്ടത് എന്ന തിരിച്ചറിവോടെ,

A Sailor's Wife'' 

ഈ ജോലിയെക്കാൾ കഷ്ടപ്പാടുള്ള ജോലികൾ ഏറെയുണ്ടെന്നു പറഞ്ഞ് നെഗറ്റീവ് കമന്റുമായി പ്രതികരിക്കാൻ തയാറായി നിൽക്കുന്ന ദോഷൈകദൃക്കുകളെ ഒരുകാര്യം ഓർമ്മപ്പെടുത്തട്ടെ. ഷിപ്പിൽ ജോലിചെയ്യുന്ന ഉദ്യോഗസ്ഥരെ മാത്രം മഹത്വവത്കരിക്കാനോ മറ്റുജോലികളെ കുറച്ചുകാണാനോ ഉള്ള ശ്രമമല്ല ഈ പോസ്റ്റ്. മറിച്ച് ഷിപ്പിൽ ജോലിചെയ്യുന്നവരെക്കുറിച്ച് സമൂഹത്തിലെ ഭൂരിപക്ഷമാളുകൾക്കുമുള്ള പൊതുവായ ഒരു തെറ്റിദ്ധാരണയില്ലാതാക്കുക എന്ന വളരെ ലളിതമായ ഉദ്ദേശം കൊണ്ടുമാത്രമാണ് ഈ കുറിപ്പ് സമൂഹമാധ്യമങ്ങളിൽ തരംഗമാവുന്നത്.