Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഈ അച്ഛനാണ് ഞങ്ങൾ പെൺകുട്ടികളുടെ ഹീറോ

joseph-father

കരഞ്ഞു തകർന്നു നിൽക്കുന്ന ഒരു മകളെ തോളോട് ചേർത്തു നിൽക്കുന്ന ഒരു അച്ഛൻ. അയാൾ അക്ഷോഭ്യനാണ്, കരുത്തനാണ്, അതിലെല്ലാമുപരി അച്ഛനാണ്. കെവിന്റെ അച്ഛൻ ജോസഫ് ആയിരുന്നു ഇന്നലെ സമൂഹമാധ്യമങ്ങളിലെ ഹീറോ.

സ്വന്തം മകൾ അല്ലാതിരുന്നിട്ടും അദ്ദേഹം ചേർത്തു പിടിച്ചപ്പോൾ ഇനിയുള്ള ആശ്രയം ഈ അച്ഛനാണെന്നായിരിക്കും നീനു എന്ന പെൺകുട്ടി കരുതിയിരുന്നത്. ഭാവിയിൽ തനിക്ക് എല്ലാമായേക്കും എന്നു കരുതി ഇരുപത്തിമൂന്നു വർഷം വളർത്തിയ മകൻ ജീവനില്ലാതെ കിടക്കുമ്പോഴും ഭാര്യയെയും മകളെയും മരുമകളെയും അദ്ദേഹം ഒരുപോലെ നെഞ്ചോടു ചേർത്ത് പിടിച്ചു. അച്ഛൻ ആകാൻ ബീജം കൊടുത്തു ഒരു മകളെ ജനിപ്പിക്കേണ്ടതില്ലെന്ന് എത്ര വേദനിപ്പിക്കുന്ന രീതിയിൽ ജോസഫ് എന്ന പിതാവ് വെളിപ്പെടുത്തി.

വളർത്തി വലുതാക്കിയ അച്ഛൻ ജീവിതം തകർത്തപ്പോൾ  ജന്മം നൽകിയ അച്ഛനും ചേർത്തു പിടിച്ച അച്ഛനും തമ്മിലുള്ള വൈരുധ്യം അത്ര ചെറുതല്ല എന്ന് ആ ചിത്രങ്ങൾ കാട്ടിത്തരും. വളർത്തി വലുതാക്കാനും ജനിപ്പിക്കാനും ആർക്കും കഴിയും. പക്ഷേ ഒരു മകളുടെ അച്ഛനാകാൻ ആ സംരക്ഷണത്തിന്റെ കവചം അവൾക്ക് ബോധ്യപ്പെടുക തന്നെ വേണം.  

പെൺകുട്ടികൾക്ക് പൊതുവെ അച്ഛനാണെല്ലാം. ഏതൊരു സങ്കടത്തിലും വാശിയിലും അവൾക്കൊപ്പം നിൽക്കുന്ന അച്ഛൻ തന്നെയാണ് മകളുടെ ആദ്യത്തെ ഹീറോ. പക്ഷേ ചെന്നു കയറുന്ന വീട്ടിലെ അച്ഛനോ? ആദ്യം തെല്ലു ഭയത്തോടെ, പിന്നെപ്പിന്നെ വീട്ടിലെ അമ്മയും ഭർത്താവും ഒക്കെ ഗൗരവക്കാരാണെന്നു വച്ചു ഭയ ഭക്തി ബഹുമാനത്തോടെ പൂമുഖത്തെ ചാരു കസേരയിൽ പ്രതിഷ്ഠിച്ച അച്ഛൻ എന്ന മഹാ സംഭവത്തെ അവൾ മെല്ലെ തന്റേതാക്കി മാറ്റും. 

ഇന്നലെയാണ് എഴുത്തുകാരിയും മാധ്യമപ്രവർത്തകയുമായ ആമി ധന്യയുടെ അച്ഛനെക്കുറിച്ചുള്ള കുറിപ്പും വായിക്കുന്നത്, അതിങ്ങനെയാണ്.

"വസ്ത്രത്തിന്റെ കാര്യത്തില്‍, ഭക്ഷണത്തിന്റെ കാര്യത്തില്‍ ഒക്കെ ആവശ്യമില്ലാത്ത പിടിവാശികള്‍ കൊണ്ടുനടന്ന ഒരാളായിരുന്നു ഞാന്‍. കുട്ടിക്കാലം മുതല്‍ തന്നെയുള്ളതായിരുന്നു ആ പിടിവാശികള്‍. ചില ഭക്ഷണങ്ങളോട് പ്രത്യേക കാരണങ്ങളൊന്നും കൂടാതെയുള്ള വെറുപ്പ്, ചില വസ്ത്രങ്ങളോടും നിറങ്ങളോടുമുള്ള കലിപ്പ്- ഇതൊക്കെ സ്വഭാവത്തിന്റെ തന്നെ ഭാഗമെന്നവണ്ണം കൊണ്ടുനടന്നിരുന്നു. നിറം കൊണ്ടോ, ഡിസൈന്‍ കൊണ്ടോ ഒരു ഡ്രസ്സിനോട് അനിഷ്ടം തോന്നിയാല്‍ പിന്നെ, അതു ആരു വാങ്ങിത്തന്നതായാലും എത്ര വിലപിടിപ്പുള്ളതാണേലും ഇടില്ല. അതിന്റെയൊക്കെ പേരില്‍, എത്രയോ തവണ അമ്മയുമായി ഘോരഘോരം അടിയുണ്ടാക്കിയിട്ടുമുണ്ട്. തന്നിഷ്ടങ്ങളുടെ കാര്യത്തില്‍, അത്രയ്ക്കും 'ബോറത്തി'യായിരുന്ന ഞാനങ്ങനെ, കല്യാണം കഴിഞ്ഞ് ഭര്‍ത്താവിന്റെ വീട്ടിലേക്ക് വരികയാണ്...

ami-dhanya-01 ആമി ധന്യ.

വിവാഹം കഴിഞ്ഞ് മൂന്നു ദിവസം കഴിഞ്ഞു കാണും, ഒരീസം പപ്പ ഞാനൊന്നു ടൗണില്‍ പോയിട്ടുവരാം എന്നു പറഞ്ഞ് പുറത്തുപോവുന്നു. ( കല്യാണത്തിനു മുന്‍പെ ഫോണ്‍ വിളിച്ചും മറ്റും ആ വീട്ടില്‍ ഞാനാദ്യം കൂട്ടായത് പപ്പയോടാണ്. മൂന്ന് ആണ്‍മക്കളുള്ള വീട്ടിലേക്ക് ആദ്യത്തെ മരുമകളായി ഒരു പെണ്‍കുട്ടി വരുന്നതിന്റെ ത്രില്ലിലായിരുന്നു, കല്യാണം ഉറപ്പിച്ച അന്നുമുതല്‍ പപ്പ. അത്രയേറെ പെണ്‍കുട്ടികളെ ഇഷ്ടമാണ് ആള്‍ക്ക്. ഞാന്‍ വന്നുകയറിയ അന്നുമുതല്‍ ആള് ഭയങ്കര ഹാപ്പിയാണ്. കളിയും ചിരിയുമൊക്കെയായി എല്ലാത്തിനും സപ്പോര്‍ട്ട്. അടുക്കളയില്‍ കയറുമ്പോഴേക്കും അമ്മയേയും എന്നെയും വന്ന് ഹെല്‍പ്പ് ചെയ്യും. ഇല മുറിക്കാനൊക്കെ പോകുമ്പോള്‍ കത്തിയും കൊണ്ട് ആള് മുൻപേ നടക്കും, അസിസ്റ്റന്റ് വന്നാട്ടെ എന്നൊരു ഭാവത്തില്‍ എന്നെ നോക്കി ചിരിച്ച് ഒരു നീട്ടി നടപ്പുണ്ട് കക്ഷിക്ക്... )

ഇപ്പോ വരാംന്നു പറഞ്ഞ് രാവിലെ ടൗണിലേക്ക് പോയ ആള്, തിരിച്ചുവന്നപ്പോഴേക്കും ഉച്ചക്കഴിഞ്ഞു. കയ്യിലൊരു വലിയ ഷോപ്പിംഗ് ബാഗുണ്ട്. ' പപ്പ മോള്‍ക്ക് വേണ്ടി വാങ്ങിയതാ.. വാങ്ങി ശീലമില്ലാത്തതോണ്ട് ഇഷ്ടാവുമോ എന്നറിയില്ല. ' എന്നും പറഞ്ഞ് വന്നപ്പാടെ ബാഗെന്റെ കയ്യില്‍ത്തന്നു. ഞാന്‍ നോക്കിയപ്പോള്‍ ആളുടെ കണ്ണൊക്കെ നക്ഷത്രം പോലെ തിളങ്ങുന്നുണ്ട്. അത്രയ്ക്കും വാത്സല്യത്തോടെയും സ്‌നേഹത്തോടെയുമാണ് പറയുന്നത്. അപ്പോള്‍, സന്തോഷം കൊണ്ട് എന്തോ എന്റെയും കണ്ണില്‍ തടഞ്ഞത് പോലെ തോന്നി...

ഞാന്‍ റൂമിലെത്തി, ഷോപ്പിംഗ് ബാഗ് തുറന്നു നോക്കി. ഒരു ഷാള്‍, ചെരുപ്പ്, വള, മാല, കണ്മഷി, പൊട്ട്, ചാന്ത്, നെയില്‍പോളിഷ്, സിന്ദൂരചെപ്പ്, സ്ലൈഡുകള്‍, പിന്‍ എന്നു തുടങ്ങി ഒരു ഫാന്‍സി കടയില്‍ കിട്ടാവുന്ന ഒരു കുന്നു സാധനങ്ങളുണ്ട് അതില്‍. ഒരു മകള്‍ എന്ന പപ്പയുടെ മോഹം, മകള്‍ക്കു വേണ്ടി കുഞ്ഞുകുഞ്ഞുസമ്മാനങ്ങള്‍ വാങ്ങികൊടുക്കാന്‍ ആഗ്രഹിച്ച ഒരു പപ്പയുടെ മനസ്സ്- അതെല്ലാം അതിലുണ്ടായിരുന്നു. പപ്പ എന്താ വാങ്ങികൊണ്ടുവന്നതെന്നറിയാന്‍ വാതിലില്‍ ചാരി അമ്മയും വിയും അനിയന്മാരുമെല്ലാം നില്‍പ്പുണ്ട്. ' ആ കട മൊത്തമായിട്ട് ഇങ്ങു വാങ്ങികൊണ്ടുവന്നോ' എന്ന് അമ്മ കുസൃതിയോടെ പപ്പയെ കളിയാക്കുന്നുണ്ട്. അമ്മയുടെ കൗണ്ടര്‍ കേട്ട് ആണ്‍മക്കളും ചിരിയോടെ ചിരി. പപ്പയുടെ മുഖത്ത് അപ്പോള്‍ വിരിഞ്ഞ ഭാവം നാണമാണോ ചമ്മലാണോ സന്തോഷമാണോ എന്നൊന്നും അറിയില്ല, പക്ഷേ ഇപ്പോഴും കണ്ണടച്ചാല്‍ ആ മുഖം എനിക്കു കാണാം. ജീവിതത്തില്‍ ഏറ്റവും ട്രഷര്‍ ചെയ്യുന്ന ഒരു നിമിഷമാണ് എനിക്കത്.

ആ സമ്മാനപ്പൊതിയില്‍ ഒന്നുപോലും എന്റെ ഇഷ്ടങ്ങള്‍ക്കോ, അഭിരുചിക്കോ, ടേസ്റ്റുകള്‍ക്കോ അനുസരിച്ചിട്ടുള്ളതായിരുന്നില്ല. എന്റെ അതുവരെയുള്ള സ്വഭാവം വെച്ച്, ഞാനൊരിക്കലും സന്തോഷത്തോടെ അണിയാന്‍ സാധ്യതയില്ലാത്തവ. പക്ഷേ, എന്നിട്ടും അതത്രയും എനിക്ക് പ്രിയപ്പെട്ടതായി മാറി. നിറയെ കല്ലും മുത്തുമൊക്കെയുള്ള ആ ചെരിപ്പണിഞ്ഞ് ഓഫീസിലെത്തിയ എന്നെ സഹപ്രവര്‍ത്തകര്‍ കളിയാക്കി. പക്ഷേ, അവരോടൊക്കെ അഭിമാനത്തോടെ ഞാന്‍ പറഞ്ഞു: അതെന്റെ പപ്പയുടെ സ്‌നേഹമാണെന്ന്. ഒരു ബ്രാന്റഡ് ചെപ്പലിനും നല്‍കാന്‍ കഴിയാത്ത എന്തോ ഒന്ന് എനിക്ക് ആ ചെരിപ്പണിയുമ്പോള്‍ കിട്ടിയിരുന്നു....

കഴിഞ്ഞ വിഷുവിന് വീട്ടില്‍ ചെന്നപ്പോള്‍, അലമാരയൊക്കെ അടുക്കിപ്പെറുക്കി വയ്ക്കുന്നതിനിടയില്‍ ആ സമ്മാനപ്പൊതിയുടെ ഓര്‍മ്മയെന്ന പോലെ ചില തിരുശേഷിപ്പുകള്‍ കണ്ടുകിട്ടി. 9 വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള ആ പഴയദിവസം എന്റെ ഓര്‍മ്മയില്‍ തികട്ടിവന്നപ്പോള്‍, ഞാനതും എടുത്തു പപ്പയുടെ അടുത്തേക്കോടി, ' ഇത് പപ്പ വാങ്ങിത്തന്നതാ ഓര്‍മ്മയുണ്ടോ?' 

ഓര്‍ക്കാന്‍ പറ്റാതെ, അതിശയത്തോടെ പപ്പ ചോദിച്ചു: ' ആണോ..???? ഓര്‍മ്മയില്ല മോളേ...'

ഒന്നരവര്‍ഷം മുന്‍പ് ബ്രെയിനില്‍ ബ്ലഡ് ക്ലോട്ട് ആയി തുടര്‍ന്നുണ്ടായ ചികിത്സയ്ക്കും ശേഷം, ഓര്‍മ്മക്കുറവുണ്ട് ആള്‍ക്ക്... പപ്പയുടെ ഓര്‍മ്മകളില്‍ നിന്ന് പലതും മാഞ്ഞുപോവുന്നുണ്ട്, പപ്പ പോലുമറിയാതെ.... 

ഒട്ടും മധുരപ്രിയ അല്ലാത്ത ഞാന്‍ പപ്പയ്ക്കൊപ്പം കൂടി അമ്മ കാണാതെ മധുരം കട്ടു കഴിക്കുന്നത്, പപ്പായപൊടി ചാലിച്ചു ഫെയ്‌സ് പാക്ക് ഇട്ട് ഞങ്ങള് രണ്ടാളും കൂടെ വീടിനകത്തൂടെ നടക്കുമ്പോള്‍ " രണ്ടാളും പേടിപ്പിക്കാതെ പോയേ" എന്ന് വഴക്കു പറയുന്നത്, പപ്പേടെ നഖം മുറിച്ചു കൊടുക്കുന്നത്, പെഡിക്യൂര്‍ ചെയ്തു കൊടുക്കുന്നത്, മഞ്ചാടിക്കുരു പെറുക്കാന്‍ പോവുന്നത്, കോമഡി സിനിമകള്‍ കണ്ട് ഒന്നിച്ചിരുന്ന് തലതല്ലി ചിരിക്കുന്നത്.... പപ്പേടെ അടുത്തിരുന്ന് വീണ്ടും വീണ്ടും എല്ലാം ഓര്‍ത്തപ്പോള്‍ ഒരു വിങ്ങല്‍... എല്ലാം എന്റെ ഓര്‍മ്മകളിലേക്ക് മാത്രമായി ചുരുങ്ങിയിരിക്കുന്നു എന്നോര്‍ത്തപ്പോള്‍ മനസ്സ് പൊള്ളി....

അല്ലെങ്കിലും, ഒരാളുടെ മനസ്സിലേക്ക് മാത്രമായി ചുരുങ്ങുമ്പോഴാണല്ലോ ഏത് ഓര്‍മ്മയും പൊള്ളിക്കുന്ന അനുഭവമായി മാറുന്നത്? 

ഒരാള്‍ മറ്റൊരാളെ മറന്നു പോവുന്നതാണ് സ്‌നേഹത്തില്‍ സംഭവിക്കുന്ന ഏറ്റവും വലിയ ദുരന്തമെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.

സ്‌നേഹത്തിലോ സൗഹൃദത്തിലോ പ്രണയത്തിലോ ആവട്ടെ, പരസ്പരം കൈകോര്‍ക്കുന്ന രണ്ടു വ്യക്തികള്‍ക്കുള്ളില്‍ അവരുടേതു മാത്രമായ ഒരു ലോകമുണ്ട്, മറ്റാര്‍ക്കും അതേ തീവ്രതയോടെ പുനരാവിഷ്‌കരിക്കാന്‍ കഴിയാത്ത ഒരു ലോകം. അതില്‍ നിന്നും ഒരാള്‍ മറവിയിലേക്ക് പിന്‍വലിയുമ്പോള്‍, കടല്‍ക്ഷോഭത്തില്‍ ഉപേക്ഷിക്കപ്പെട്ട കപ്പലാവുകയാണ് അപരന്‍."

 അച്ഛൻ ഒളിപ്പിച്ചു വച്ച സ്നേഹത്തിന്റെ കടൽ കണ്ടെടുത്തവൾ

ഇത്രയും നാൾ വീട്ടിൽ ഗൗരവക്കാരനായിരുന്ന ഒരാൾ, 'അമ്മ രണ്ടടി മാറി നിന്നേ സംസാരിക്കാറുള്ളൂ, മകന് അച്ഛനോട് എന്തെങ്കിലും പറയണമെങ്കിൽ 'അമ്മ വഴി. ഭാര്യയോടോ മകനോടോ മകളോടോ സ്നേഹമില്ലാഞ്ഞിട്ടല്ല, പ്രകടിപ്പിക്കുന്ന സ്നേഹം ഒപ്പമുള്ളവരെ വഴി തെറ്റിക്കുമോ എന്ന പരമ്പരാഗത ഭയത്തിൽ നിന്നും അച്ഛൻ ഇതുവരെ കര കയറിയിട്ടേയുണ്ടായിരുന്നില്ല. ഉള്ളിലുള്ള സ്നേഹമെല്ലാം അകത്തെവിടെയോ ഒളിപ്പിച്ചു അച്ഛൻ അങ്ങനെ ഗൗരവക്കാരനായി തീർന്നു. പക്ഷേ പുതിയതായി ഒരു പെൺകുട്ടി വന്നു കയറിയപ്പോൾ മുതൽ അച്ഛന്റെ ഗൗരവം ചോർന്നു തുടങ്ങി. ആരും കാണാതെ ആരെയും അറിയിക്കാതെ അച്ഛൻ ഒളിപ്പിച്ചു വച്ചിരുന്ന ആ സ്നേഹത്തിന്റെ കടൽ കണ്ടെടുത്തത് അവളാണ്. 

varada ഭർത്താവ് ജിഷിനൊപ്പം വരദ.

"അച്ഛൻ വലിയ ഗൗരവക്കാരനായിരുന്നു. അമ്മയ്ക്കും ഭർത്താവിനും ഒക്കെ അച്ഛനെ പേടി. ഒരു സിനിമയ്ക്ക് പോലും വരില്ല. ഒരിക്കൽ ഞങ്ങൾ സിനിമ കാണാൻ ഇറങ്ങിയപ്പോൾ അച്ഛനെ ഭീഷണിപ്പെടുത്തി, അങ്ങനെ അച്ഛൻ അന്ന് ഞങ്ങളോടൊപ്പം സിനിമ കാണാൻ വന്നു", സീരിയൽ താരം വരദ ഭർത്താവിന്റെ അച്ഛനെ കുറിച്ച് ഒരു അഭിമുഖത്തിൽ പറഞ്ഞ വാക്കുകളാണ്. ആ ഭീഷണികൾക്ക് വഴങ്ങൽ താഴ്ന്നു കൊടുക്കലല്ലെന്നും സ്നേഹത്തിന്റെ ഗൗരവം ചോർന്നു പോകുന്നതാണെന്നും അച്ഛന് നല്ല ബോധ്യവുമുണ്ടാകും. 

ആൺകുഞ്ഞുങ്ങൾ ഭാവിയാണെങ്കിൽ പെൺകുഞ്ഞുങ്ങൾ അച്ഛന്മാരുടെ സ്വപ്നമാണ്. അവളുടെ ആദ്യത്തെ അച്ഛ, എന്ന വിളിയിൽ അയാൾ ഉരുകി ഒലിച്ചു പോകും, പിന്നെ അവളുടെ വസ്ത്രങ്ങൾ, പാദസരം, പാവക്കുട്ടി, അയാളുടെ മുഖഛായയാണ് അവൾക്കെന്നു മറ്റുള്ളവർ പറയുന്നത് കേൾക്കുമ്പോഴുള്ള അഭിമാനം, ഒടുവിൽ വിവാഹ വേഷത്തിൽ മുന്നിൽ അവൾ വന്നു നിൽക്കുന്നത്, അവളുടെ കൈപിടിച്ച് മറ്റൊരാൾക്ക് നൽകുന്നത്. ഓരോ നിമിഷങ്ങളും അയാൾക്ക് സ്വയം അംഗീകരിക്കലാണ്. ഇത്തരത്തിൽ പെണ്മക്കൾ ഇല്ലാത്ത അച്ഛന്മാർക്ക് വേറെ നിവൃത്തികളില്ല.

മകന്റെ ഭാര്യയായി അവൾ വന്നു കയറുമ്പോൾ ആദ്യം അയാളൊന്ന് പകയ്ക്കും, പുതിയ ഒരാൾ, മറ്റൊരു കുടുംബത്തിൽ നിന്നും മറ്റൊരു ചിട്ടയുമായി വന്നു ചേർന്ന ഒരുവൾ, പുരുഷന്മാരെ ഏതു വിധത്തിലാണ് കാണുന്നത് അറിയില്ല... ആശങ്കകൾക്ക് വിരാമമിട്ട് അവൾ സ്വാതന്ത്ര്യത്തോടെ സംസാരിച്ചു തുടങ്ങുമ്പോൾ അച്ഛന് അനുഭവപ്പെടുന്ന ആശ്വാസം എത്ര വലുതായിരിക്കും. മകൾ എന്ന നിലയിൽ ചെയ്യാൻ പറ്റാതെ ബാക്കി വച്ച സ്വപ്‌നങ്ങൾ ഇനി അവൾക്കു വേണ്ടിയാണ്. മകന്റെ മുന്നിലും ഭാര്യയുടെ മുന്നിലും എല്ലാം അടക്കി വച്ചിരുന്ന സ്നേഹം ഉറവയായി അവളിലേക്ക് വന്നു ചേരും. , അല്ല, കുഴിച്ചു നോക്കി അവളത് കണ്ടെടുക്കുകയാണ്. അവിടെ മുതൽ അച്ഛന്റെ ഗൗരവം ചോർന്നൊലിച്ചു തുടങ്ങും. അയാളും ആ കുടുംബത്തിലെ സ്വന്തമായി തീരും.

"അമ്മായിയമ്മ" എന്ന ഭയത്തിൽ നിന്നും അവൾ മാറിനടന്ന് പുതിയതായി വന്നു കയറിയ കുടുംബത്തിൽ ആദ്യം കണ്ടെത്തുക അച്ഛനെ തന്നെയാകും. എല്ലാവരാലും അവഗണിക്കപ്പെട്ട്(ഗൗരവക്കാരനായി പോയതിന്റെ ശിക്ഷ), സ്നേഹം കിട്ടാതെ ഒറ്റയ്ക്കിരിക്കുന്ന അച്ഛനെ അവൾക്ക് പെട്ടെന്ന് കണ്ടെത്താനാകും. കാരണം അവളും ആ വീട്ടിൽ പുതുതാണ്. സ്നേഹം എവിടെ നിന്നൊക്കെയാണ് എത്തിച്ചേരുന്നത് എന്നതിൽ അവൾക്കും വ്യക്തതയില്ല. അമ്മായിയമ്മ എല്ലായ്പ്പോഴും ഒരകലം പാലിച്ചാണ് നിൽക്കുന്നതും. കുടുംബത്തിന്റെ നെടുംതൂൺ അച്ഛനാണ്. കളയാൻ ബാക്കി നിൽക്കുന്ന ഇത്തിരി ഈഗോ അവളുടെ സ്നേഹത്തിൽ വീണു അച്ഛനിൽ നിന്നും അതോടെ ഉരുകി പോകും. സ്നേഹം കൊടുക്കാനാകാതെ അതിനെ അടക്കി പിടിച്ചു ഗൗരവക്കാരായിപോയവരുടെ സ്നേഹം പകർന്നു കിട്ടി തുടങ്ങിയാൽ അതിനപ്പുറമല്ല മറ്റൊന്നും എന്ന് അവൾ മാത്രമല്ല കുടുംബത്തിലെ ഓരോ അംഗവും പിന്നെയറിയും.

കെവിന്റെ അച്ഛൻ ജോസഫ് തന്നെയാണ് പെൺകുട്ടികളുടെ ഹീറോ. സംരക്ഷണവും സ്നേഹവും ആവശ്യപ്പെടുന്ന അവസ്ഥയിൽ താഴെ വീഴാതെ അവളെ ചേർത്ത് പിടിക്കാൻ ബീജം നൽകി ജനിപ്പിക്കണമെന്നില്ല, പകരം സ്നേഹമുണ്ടായാലും മതി എന്ന് ജോസഫ് അച്ഛനാണ് കാണിച്ചു തന്നത്. ഒരു പുതിയ വീട്ടിലേയ്ക്ക് ചെന്ന് കയറുമ്പോൾ എല്ലാ പെൺകുട്ടികളും ആഗ്രഹിക്കുന്നതും ഈ അച്ഛനെ തന്നെ.