ആലിയയ്ക്ക് ഭാവി നാത്തൂന്റെ സമ്മാനം; ഹൃദയം കവർന്ന ആഭരണത്തെക്കുറിച്ച് ആലിയ

രൺബീറിനും അമ്മയ്ക്കും മാത്രമല്ല റിഥിമയ്ക്കും ആലിയയെ പെരുത്തിഷ്ടമാണ്. സംശയിക്കണ്ട രൺബീറിന്റെ സഹോദരിയുടെ കാര്യമാണ് പറഞ്ഞു വരുന്നത്. പ്രശസ്ത ഡിസൈനറും ജ്യുവലറി ഉടമയുമായ റിഥിമ ഭാവി നാത്തൂന് സമ്മാനമായി നൽകിയത് അസ്സലൊരു കൈച്ചെയിനാണ്. ഡൽഹിയിലെ ഏറ്റവും മികച്ച ബിസിനസ്സ് സംരംഭകരിൽ ഒരാളായി തിരഞ്ഞെടുക്കപ്പെട്ടയാളാണ് റിഥിമ.

ആലിയ തന്നെയാണ് റിഥിമയുടെ സ്പെഷ്യൽ ഗിഫ്റ്റിന്റെ കാര്യം സമൂഹമാധ്യമങ്ങളിലൂടെ ആരാധകരോട് പങ്കുവെച്ചത്. സമ്മാനം ഒരുപാടിഷ്ടപ്പെട്ടുവെന്നു പറഞ്ഞുകൊണ്ടാണ് സമ്മാനത്തിന്റെ ചിത്രം സഹിതം ആലിയ പോസ്റ്റ് ചെയ്തത്. റിഥിമയുടെ സമ്മാനവും ആലിയയുടെ പോസ്റ്റുമെല്ലാം കണ്ടപ്പോൾ രൺബീർ– ആലിയ പ്രണയത്തിന് രൺബീറിന്റെ കുടുംബത്തിന്റെ പൂർണ്ണ പിന്തുണയുണ്ടെന്ന് ആരാധകർ ഉറപ്പിച്ചിരിക്കുകയാണ്.

രൺബീറിന്റെ അമ്മയും ആലിയയും പരസ്പരം സൂക്ഷിക്കുന്ന സൗഹൃദവും സമൂഹമാധ്യമങ്ങളിൽ ഇരുവരും അപ്റ്റുഡേറ്റ് ആയി ഫോളോ ചെയ്യുന്നതുമെല്ലാം നേരത്തെ ആരാധകരിൽ സംശയമുളവാക്കിയിരുന്നുവെങ്കിലും പ്രണയത്തെക്കുറിച്ചുള്ള രൺബീറിന്റെ തുറന്നു പറച്ചിലും ആലിയയുടെ ചിത്രത്തിന് രൺബീറിന്റെ അമ്മ കമന്റിട്ടതും ആലിയയ്ക്ക് റിഥിമ സമ്മാനം നൽകിയതുമെല്ലാം കൂട്ടിവായിച്ചതിന്റെ അടിസ്ഥാനത്തിൽ രൺബീറിന്റെ കുടുംബം ഈ പ്രണയത്തിന് പച്ചക്കൊടി കാട്ടിയെന്നു തന്നെ ഉറപ്പിക്കാമെന്നാണ് ആരാധകർ പറയുന്നത്.