Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചില സ്വപ്നങ്ങൾ അങ്ങനെയാണ്; നമ്മൾ കൈവിട്ടാലും, അച്ഛൻ മറക്കില്ല!

Deeya-everest.jpg.image.784.410 എവറസ്റ്റ് കൊടുമുടി കയറുന്ന ദീയ.

ജീവിതത്തിലെ ഏറ്റവും സുന്ദരമായ സൂര്യോദയം കണ്ടുനിൽക്കെ ദീയയുടെ കണ്ണുകൾ നിറഞ്ഞൊഴുകി. സമീപംനിന്ന അച്ഛൻ അജിത് അവളെ ചേർത്തുപിടിച്ചു. കണ്ണീർ വീണ അവളുടെ കവിളിലൊരുമ്മ കൊടുത്തു. അത്രയും ഉയരത്തിൽ നിന്നുകൊണ്ട് ഒരച്ഛനും മകളെ ചുംബിച്ചിട്ടില്ല. ആ നിമിഷം അവരുടെ കാൽച്ചുവട്ടിലായിരുന്നു എവറസ്റ്റ് കൊടുമുടി! 8848 മീറ്റർ ഉയരത്തിൽ അച്ഛൻ മകൾക്കു നൽകിയ സ്നേഹചുംബനം!

ഒരുനാൾ എവറസ്റ്റിന്റെ നെറുകയിലെത്തണമെന്നു കുഞ്ഞുനാളിൽ സ്വപ്നം കണ്ടതാണു ദീയ. വലുതായപ്പോൾ അവളെ ചേർത്തു പിടിച്ച് അജിത് ആ സ്വപ്നത്തിലേക്കു കയറി. ഓരോ ചുവടിലും മരണം പതിയിരിക്കുന്ന അതീവ ദുർഘട പാതയിലൂടെ അവളെ മുന്നോട്ടു നയിച്ചു.

ഭൂമിയിലെ അത്യുന്നതിയിൽ, ജീവിതത്തിലെ ഏറ്റവും സുന്ദരമായ സൂര്യോദയം അദ്ദേഹം അവൾക്കായി സമ്മാനിച്ചു. ചില സ്വപ്നങ്ങൾ അങ്ങനെയാണ്. നമ്മൾ കൈവിട്ടാലും, അച്ഛൻ മറക്കില്ല!

8848 മീറ്ററിന്റെ തലയെടുപ്പ്

ലോകത്തിലെ ഏറ്റവും ഉയരംകൂടിയ കൊടുമുടി കീഴടക്കിയ ഇന്ത്യയിലെ ആദ്യത്തെ അച്ഛനും മകളും – ഹരിയാനയിലെ ഗുരുഗ്രാം നിവാസി അജിത് ബജാജിന്റെയും മകൾ ദീയ സൂസന്ന ബജാജിന്റെയും തലയെടുപ്പിന് ഇന്ന് 8848 മീറ്റർ ഉയരമുണ്ട്. എവറസ്റ്റ് ലക്ഷ്യമിട്ടുള്ള ദുർഘട യാത്രയ്ക്കിറങ്ങുമ്പോൾ അജിത്തിന്റെ  ഭാര്യയും മലയാളിയുമായ ഷേർളി ഇരുവരോടുമായി പറഞ്ഞു; പോയി വരിക, എന്റെ മനസ്സ് നിങ്ങൾക്കൊപ്പമുണ്ട്. അതിലും എത്രയോ വർഷങ്ങൾക്കു മുൻപേ കോട്ടയംകാരി ഷേർളി തോമസ് തന്റെ ഹൃദയം അജിത്തിനു സമ്മാനിച്ചിരുന്നു!

അവരുടെ മകൾ ദീയ, ഇരുപത്തിനാലാം വയസ്സിൽ എവറസ്റ്റിന്റെ നെറുകയിൽനിന്നു കൈകൾ വിരിച്ചു വിളിച്ചുകൂവി; ഡാഡ്, മോം; ഐ ലവ് യൂ...! അൻപത്തിരണ്ടാം വയസ്സിൽ ജീവിതത്തിലെ ഏറ്റവും സുന്ദര നിമിഷത്തിൽ അജിത് അവളെ നെഞ്ചോടു ചേർത്തു പറഞ്ഞു: വീ ഡിഡ് ഇറ്റ് മൈ ഡിയർ!

എവറസ്റ്റ് എന്ന സ്വപ്നം

ന്യൂയോർക്കിലെ കോർനെൽ സർവകലാശാലയുടെ ക്യാംപസിൽ നിന്നാണ് എവറസ്റ്റ് എന്ന സ്വപ്നത്തിലേക്ക് ഇരുവരും ആദ്യചുവടു വയ്ക്കുന്നത്. അവിടെ പരിസ്ഥിതി ശാസ്ത്ര വിദ്യാർഥിയായിരുന്ന ദീയയെ മൂന്നുവർഷം മുൻപ് അജിത് സന്ദർശിച്ചു. വിശേഷങ്ങൾ പലതു പങ്കുവയ്ക്കുന്നതിനിടയിൽ ദീയയുടെ എവറസ്റ്റ് സ്വപ്നവും ചർച്ചയായി. കുട്ടിക്കാലത്തെ ആഗ്രഹം ദീയയിൽ അപ്പോഴുമുണ്ടെന്നു മനസ്സിലാക്കിയ അജിത് പറഞ്ഞു; നമുക്ക് ഒന്നിച്ചു പോകാം. രണ്ടാമതൊന്നാലോചിക്കാതെ ദീയ അജിത്തിനു കൈ കൊടുത്തു.

സ്വപ്നത്തിലേക്കുള്ള ഒരുക്കം

2016ൽ പഠനം പൂർത്തിയാക്കി ദീയ ഇന്ത്യയിൽ തിരികെയെത്തി. 2017ൽ എവറസ്റ്റ് ദൗത്യത്തിനുള്ള തയാറെടുപ്പുകൾ ഇരുവരും ആരംഭിച്ചു. ശാരീരിക ക്ഷമത ഉയർത്താനുള്ള വ്യായാമം, നീന്തൽ എന്നിവയായിരുന്നു തയാറെടുപ്പിന്റെ ആദ്യപടി. മാസങ്ങൾ നീണ്ട വ്യായാമം ശരീരത്തെ ദൃഢമാക്കി.

ശാരീരികക്ഷമത പരീക്ഷിക്കാൻ അവർ തിരഞ്ഞെടുത്തതു ജമ്മു കശ്മീരിലെ ലഡാക്ക്. അവിടെ 6400 മീറ്റർ ഉയരമുള്ള കാങ്‌യാറ്റ്സേ കൊടുമുടിയുടെ നെറുകയിലെത്തിയതോടെ ആത്മവിശ്വാസമായി. ഡിസംബറിൽ നേപ്പാളിലേക്ക്. എവറസ്റ്റിനോടു ചേർന്നുള്ള റെഞ്ചോ ലാ ചുരം (5390 മീറ്റർ) വഴി ഗോക്യോ തടാകത്തിലേക്കുള്ള അതീവ ദുർഘട പാത വിജയകരമായി കടന്നു. എവറസ്റ്റ് ദൗത്യത്തിൽ തങ്ങൾക്കു തുണയേകാൻ രണ്ടു ഷേർപ്പകളെ ഏർപ്പാടാക്കിയ ശേഷം ജനുവരിയിൽ ഇന്ത്യയിൽ മടങ്ങിയെത്തി.

മകളുടെ കൈപിടിച്ച്

എവറസ്റ്റിലേക്കു കയറാൻ ടിബറ്റിലൂടെയുള്ള പാതയാണ് ഇരുവരും തിരഞ്ഞെടുത്തത്. ഏ‌പ്രിൽ 23ന് 5182 മീറ്റർ ഉയരത്തിലുള്ള ബേസ് ക്യാംപിലെത്തി. കാലാവസ്ഥയുമായി ഇണങ്ങുന്നതിന് 7000 മീറ്റർ ഉയരത്തിലുള്ള നോർത്ത് കോളിലേക്കു കയറിയ ഇരുവരും മേയ് നാലിനു ബേസ് ക്യാംപിൽ തിരികെയെത്തി.

Everest-Summit.jpg.image.784.410 അജിത്തും മകൾ ദീയയും എവറസ്റ്റ് കൊടുമുടിയുടെ നെറുകയിൽ ഇന്ത്യൻ പതാകയുമായി.

ക്യാംപിൽ ഏതാനും ദിവസത്തെ വിശ്രമത്തിനു ശേഷം എവറസ്റ്റിലേക്കുള്ള കയറ്റം ആരംഭിക്കാനായിരുന്നു ലക്ഷ്യമെങ്കിലും കാലാവസ്ഥ മോശമായി. ആറാം ദിവസം അന്തരീക്ഷം തെളിഞ്ഞു. മേയ് പത്ത്; കൺമുന്നിൽ നെഞ്ചുവിരിച്ചു നിന്ന എവറസ്റ്റിന്റെ നെറുകയിലേക്കു മകളുടെ കൈ പിടിച്ച് അജിത് യാത്ര തുടങ്ങി.

കൊടുമുടി താണ്ഡവമാടിയ രാത്രി

അതീവ ദുർഘടമായിരുന്നു കൊടുമുടി കയറ്റം. മരണക്കയങ്ങൾ പതിയിരിക്കുന്ന പാതയിലൂടെ അവർ നീങ്ങി. വെല്ലുവിളികളെയെല്ലാം തരണം ചെയ്തുള്ള യാത്രയിലെ വിശ്രമവേളകളിൽ ദീയ എവറസ്റ്റിന്റെ നെറുകയിലേക്കു തന്നെ നോക്കിയിരുന്നു; ഞാൻ അവിടെ എത്തുമെന്നു മനസ്സിൽ പലകുറി ആവർത്തിച്ചു. ബേസ് ക്യാംപിൽ നിന്നുള്ള യാത്രയുടെ നാലാം ദിനം 7500 മീറ്റർ ഉയരത്തിലുള്ള ക്യാംപ് രണ്ടിലെത്തി.

‘‘അവിടെ ടെന്റടിച്ചു കിടക്കാനൊരുങ്ങവേ, അന്തരീക്ഷത്തിന്റെ മുഖം കറുത്തു. മുകളിൽനിന്നു ഹൂങ്കാര ശബ്ദം താഴേക്ക് ആർത്തിരമ്പിയെത്തി. രാത്രിയുടെ ഇരുളിൽ ഞങ്ങൾ ടെന്റിൽ കിടന്നു വിറങ്ങലിച്ചു; ആ രാത്രിയുടെ ഞെട്ടൽ ഇനിയും വിട്ടുമാറിയിട്ടില്ല. അതിശക്തിയായി വീശിയടിച്ച കാറ്റ് ഞങ്ങളെ പറത്തിയെടുത്ത് താഴേക്കിടുമെന്നു തോന്നിച്ച നിമിഷങ്ങൾ. ടെന്റ് പറന്നു പോകരുതേ എന്നു മനമുരുകി പ്രാർഥിച്ചു. മൈനസ് 30 ഡിഗ്രി തണുപ്പിൽ ടെന്റ് പോലുമില്ലാത്ത അവസ്ഥയെക്കുറിച്ചു ചിന്തിക്കാൻ പോലുമാകുമായിരുന്നില്ല. മനസ്സു മരവിച്ചു പോകുന്ന അവസ്ഥ. രാത്രിയിലൂടനീളം കാറ്റ് സംഹാര താണ്ഡവമാടി. ശ്വാസംപോലും കിട്ടാത്ത ഉയരത്തിൽ ഓക്സിജൻ മാസ്ക് മുഖത്തേക്കു ചേർത്തു പിടിച്ചു ഞങ്ങൾ കെട്ടിപ്പിടിച്ചിരുന്നു. ജീവിതം കൈവിട്ടു പോകുമെന്നു തോന്നിയ നിമിഷത്തിലെപ്പോഴോ ഞങ്ങൾ പരസ്പരം പറഞ്ഞു; നമുക്കിത് ഉപേക്ഷിക്കാം!

യാത്രയ്ക്കിറങ്ങാൻ നേരം അമ്മപറഞ്ഞ വാക്കുകൾ ഞാനോർത്തു – പ്രതിസന്ധി ഘട്ടങ്ങളിൽ ദൈവത്തിൽ വിശ്വസിക്കുക; ദീർഘമായി ശ്വാസമെടുക്കുക, കണ്ണടച്ചിരിക്കുക. അതു ഫലംകണ്ടു. മനസ്സു ശാന്തമായി. പിറ്റേന്നു േനരം പുലർന്നപ്പോൾ ഞങ്ങളുടെ മൊബൈൽ ഫോൺ ശബ്ദിച്ചു (7500 മീറ്റർ ഉയരത്തിലും ഞങ്ങളുടെ മൊബൈലിനെ തേടി ചൈനീസ് സിഗ്നൽ എത്തി!). അമ്മയായിരുന്നു അങ്ങേത്തലയ്ക്കൽ. ധൈര്യമായിരിക്കുക, ഞാൻ ഒപ്പമുണ്ട് എന്ന അമ്മയുടെ വാക്കുകൾ ഞങ്ങളിൽ നിറച്ച ഊർജം എത്രയെന്നു പറഞ്ഞറിയിക്കാനാവില്ല.

മകളേ, നീ പോവുക

അന്നുരാവിലെ പത്തരയ്ക്ക് 8300 മീറ്റർ ഉയരത്തിലുള്ള ക്യാംപ് മൂന്ന് ലക്ഷ്യമിട്ട് ഇരുവരും ഇറങ്ങി. ആറര മണിക്കൂർ യാത്രയ്ക്കൊടുവിൽ അവിടെയെത്തി. എവറസ്റ്റിന്റെ നെറുകയിലേക്കുള്ള യാത്രയിലെ അവസാനത്തെ പ്രധാന വിശ്രമ കേന്ദ്രമാണിത്. അവിടെനിന്നു നെറുകയിലേക്കുള്ള ഒൻപതു മണിക്കൂർ യാത്രയിൽ പർവതാരോഹകർ നടുവു നിവർക്കുന്ന രണ്ടു സ്ഥലങ്ങൾ കൂടിയുണ്ട് – 8500 മീറ്റർ ഉയരത്തിലുള്ള ഫസ്റ്റ് സ്റ്റെപ് പോയിന്റ്, 8577 മീറ്ററിലുള്ള സെക്കൻഡ് സ്റ്റെപ്. അതിനു ശേഷം നെറുകയിലേക്കു കുത്തനെ കയറ്റമാണ്. ഐസ് ആക്സ് കൊണ്ടു മഞ്ഞുമലയിൽ കുത്തി, സർവശക്തിയുമെടുത്ത് വലിഞ്ഞുകയറുന്ന മരണ പാതയാണത്!

രാത്രി ഒൻപതു മണിക്ക് ക്യാംപ് മൂന്നിൽനിന്ന് ഇരുവരും കയറ്റം ആരംഭിച്ചു. അതീവ ദുർഘട കയറ്റം അജിത്തിനെ തളർത്തി. സെക്കൻഡ് സ്റ്റെപ്പിലെത്തിയപ്പോൾ ആ യാഥാർഥ്യം അദ്ദേഹം തിരിച്ചറിഞ്ഞു; ഓക്സിജൻ മാസ്കിൽ എന്തോ പന്തികേട്. ശരിയായി പ്രവർത്തിക്കുന്നില്ല! എവറസ്റ്റിന്റെ നെറുകയിൽനിന്ന് ഒന്നര മണിക്കൂർ അകലെയായിരുന്നു അവർ അപ്പോൾ. ചുറ്റും കൂരിരുട്ട്. തലയിൽ ഘടിപ്പിച്ച ടോർച്ച് വെളിച്ചം ദീയയുടെ മുഖത്തേക്കടിച്ച് അജിത് പറഞ്ഞു; എനിക്കിതിനു കഴിയുമെന്നു തോന്നുന്നില്ല.

ഇത്തരം ദൗത്യങ്ങളിൽ തീരുമാനങ്ങൾക്കു ജീവന്റെ വിലയാണ്. 100 ശതമാനം പ്രവർത്തനക്ഷമമല്ലാത്ത മാസ്ക് ഇല്ലാതെ മുകളിലേക്കു കയറുക അസാധ്യം. മാസ്ക് ഇല്ലാത്ത അവസ്ഥയിൽ താൻ കയറുന്നത് ദീയയുടെ ദൗത്യത്തെയും ബാധിക്കുമെന്ന് തിരിച്ചറിഞ്ഞ അജിത്, ജീവിതത്തിലെ ഏറ്റവും വിഷമം പിടിച്ച തീരുമാനമെടുത്തു. തന്റെ എവറസ്റ്റ് മോഹം അവിടെ അവസാനിപ്പിച്ച അജിത് മകളോട് ആ‍ജ്ഞാപിച്ചു – എന്നെ ഇവിടെ ഉപേക്ഷിക്കുക, നീ മുന്നോട്ടു പോവുക!

ലോകം കാൽച്ചുവട്ടിൽ

അച്ഛനില്ലെങ്കിൽ ഞാനുമില്ല എന്നവൾ പറഞ്ഞു. മകളുടെ സ്വപ്നം കയ്യെത്തും ദൂരത്ത് കൈവിടുന്നത് അജിത്തിനു ചിന്തിക്കാൻ കഴിയുന്നതിലും അപ്പുറമായിരുന്നു. അച്ഛന്റെ ശകാരത്തിനു വഴങ്ങി, മനസ്സില്ലാമനസ്സോടെ ദീയ മുകളിലേക്കു കയറാൻ തീരുമാനിച്ചു.

with-President.jpg.image.784.410 അജിത്, ദീയ എന്നിവർക്കു രാഷ്ട്രപതി റാം നാഥ് കോവിന്ദ് സ്വീകരണം നൽകിയപ്പോൾ. ഷേർളി സമീപം (വലത്ത്).

ഒന്നിച്ചു കണ്ട സ്വപ്ന ലക്ഷ്യത്തിന്റെ അവസാന ലാപ്പിൽ അവൾ ഒറ്റയ്ക്കായി. കുത്തനെയുള്ള കയറ്റത്തിലേക്ക് അവൾ ടോർച്ച് വെട്ടം തെളിച്ചു. കൂരിരുട്ടിനെ കീറിമുറിച്ച വെളിച്ചത്തിന്റെ അറ്റത്ത് സർവപ്രതാപിയായി തിളങ്ങി; എവറസ്റ്റിന്റെ നെറുക. അവിടെയെത്തണം! ദീർഘശ്വാസമെടുത്ത് അവൾ മുന്നിലുള്ള മഞ്ഞുമലയിലേക്ക് ഐസ് ആക്സ് കൊണ്ട് ആഞ്ഞു വെട്ടി. പിന്നാലായി പോയ അച്ഛനു വേണ്ടി അവൾ സർവശക്തിയുമെടുത്ത് മുന്നോട്ടു നീങ്ങി.

മണിക്കൂറുകൾ നീണ്ട കഠിന പ്രയത്നത്തിനൊടുവിൽ, മേയ് 16നു പുലർച്ചെ 4.15നു ദീയ തന്റെ ജീവിതത്തിലെ ഏറ്റവും അസുലഭമായ ചുവടു വച്ചു. ലോകം ഇതാ കാൽക്കീഴിൽ! ലോകത്തിന്റെ നെറുകയിൽനിന്ന് അവൾ അലറിവിളിച്ചു.

അച്ഛനുണ്ട് കൂടെ

അച്ഛൻ ഒപ്പമില്ലാത്തതിന്റെ വേദനയിൽ ഞാൻ കൊച്ചുകുട്ടിയെപ്പോലെ കരഞ്ഞു. 15 മിനിറ്റ് അവിടെ ഒറ്റയ്ക്കു നിന്നു. തൊട്ടടുത്ത നിമിഷം പിന്നിൽ നിന്നൊരു വിളിയെത്തി; ദീയ! കൺമുന്നിൽ ഇരുകൈകളും നീട്ടി നിന്ന അജിത്തിലേക്ക് അവൾ ഓടി. യാത്രയിൽ ഒപ്പമുണ്ടായിരുന്ന ഷേർപ്പ മാസ്കിന്റെ തകരാർ പരിഹരിച്ചതിനു പിന്നാലെ നെറുകയിലേക്ക് അജിത്തും എത്തുകയായിരുന്നു. അന്നുവരെ കണ്ടതിൽ വച്ചേറ്റവും സുന്ദരമായ സൂര്യോദയം അവിടെ അവരെ വരവേറ്റു!

സൂര്യരശ്മികളുടെ ശോഭയിൽ അവർ ഇന്ത്യൻ പതാക നിവർത്തി. മകളെ കെട്ടിപ്പിടിച്ച് അജിത് ആകാശത്തേക്കു നോക്കി അലറി, ദീയ...! ആ നിമിഷം, ലോകത്തിന്റെ നെറുകയിൽ നിന്ന് അച്ഛൻ മകൾക്കു തന്റെ സ്നേഹചുംബനം നൽകി!

ഉയരം കൂടുന്തോറും അച്ഛന്റെ സ്നേഹത്തിനു മധുരം കൂടുമോ ദീയ?