Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സൈനികന്റെ ശവമഞ്ചത്തിലിരുന്ന മകൾക്ക് കലക്ടറെഴുതിയ കത്ത്; കണ്ണു നനയിക്കും

baby-4565

ഹൃദയഭേദകമായിരുന്നു ആ കാഴ്ച. അഞ്ചു മാസം മാത്രം പ്രായമുള്ള കുട്ടി പിതാവിന്റെ ശവപേടകത്തിനു മുകളിൽ ഇരിക്കുന്ന കാഴ്ച. ആരും പ്രത്യേകിച്ചൊന്നും പറയാതെതന്നെ കുട്ടി ആ പേടകത്തിൽ കിടന്നപ്പോൾ വിങ്ങിപ്പൊട്ടിപ്പോയി ശത്രുസൈന്യത്തിനെതിരെ നിരന്തരം പോരാടുന്ന സൈനികർ പോലും. രാജസ്ഥാനിലെ സൈനികന്റെ മരണവും നിഷ്കളങ്കയായ പിഞ്ചുകുട്ടിയുടെ മുഖവും ഒരോ ഇന്ത്യക്കാരനെയും അഭിമാന പുളകിതനാക്കും. ഒപ്പം കണ്ണു നനയിക്കും. 

മുകുത് ബിഹാറി മീണ എന്ന സൈനികോദ്യോഗസ്ഥാനാണു മരിച്ചത്. രാജസ്ഥാൻകാരനായ മീണ കശ്മീരിലെ കുപ്‍വാരയിൽ ശത്രുസൈന്യത്തിനെതിരെ ഏറ്റുമുട്ടുന്നതിനിടെയാണു രക്സാക്ഷിത്വം വഹിച്ചത്. ശനിയാഴ്ച രാജസ്ഥാനിലെ ജലവർ ജില്ലയിൽ മീണയുടെ ജന്മഗ്രാമമായ ലദാനിയ ഗ്രാമത്തിലായിരുന്നു സംസ്കാരചടങ്ങുകൾ. മീണയുടെ അഞ്ചുവയസ്സുകാരി മകൾ ആരു മൃതദേഹം വഹിച്ചുകൊണ്ടുള്ള പേടകത്തിൽ ഇരുന്നപ്പോൾ കണ്ടുനിന്നവർ കണ്ണീരണിഞ്ഞു. നിഷ്കളങ്കയായ കുട്ടി ചുറ്റും കൂടിനിൽക്കുന്നവരുടെ സാന്നിധ്യം അറിയാതെ ശവപേടകത്തിൽ ഇരിക്കുകയും കിടക്കുകയും ചെയ്തു. പൂർണ സൈനിക ബഹുമതികളോടെയായിരുന്നു സംസ്കാരച്ചടങ്ങുകൾ. സർക്കാരിന്റെ പ്രതിനിധികളും ഉന്നത സൈനിക ഉദ്യോഗസ്ഥരും ചടങ്ങിനെത്തിയിരുന്നു. 

സംസ്കാരചടങ്ങു കഴിഞ്ഞയുടനെ ജലവർ ജില്ലാ കലക്ടർ ജിതേന്ദ്ര സോണി ഒരു കത്തെഴുതി പോസ്റ്റ് ചെയ്തു. മീണയുടെ പിഞ്ചുകുട്ടി ആരുവിനെ അഭിസംബോധന ചെയ്തുകൊണ്ടാണ് ഹിന്ദിയിലുള്ള കത്ത് കലക്ടർ എഴുതിയത്. 

ആരൂ...മൃതദേഹം വഹിച്ചുകൊണ്ടുവന്ന പെട്ടിയിൽ ഇരുന്നപ്പോഴും നീ കരഞ്ഞില്ല. ഞങ്ങളപ്പോൾ കരയുകയായിരുന്നു. ദേശീയപതാകയിൽ പിടിച്ചു കളിച്ചപ്പോഴും ചുറ്റും വിതറിയ പൂക്കളിൽ അദ്ഭുതത്തോടെ നോക്കിയപ്പോഴും നിന്റെ കണ്ണുകളിൽ കണ്ടതു നിഷ്കളങ്കത. രാജ്യത്തിനുവേണ്ടി ജീവൻ ത്യജിച്ച നിന്റെ അച്ഛനെക്കുറിച്ചാണ് ഞങ്ങളപ്പോൾ ചിന്തിച്ചത്. സംസ്കാരസ്ഥലത്തു കൂടിയിരുന്നവർ മാത്രമല്ല, മുഴുവൻ സൈനികരും ഉത്തരവാദിത്തബോധമുള്ള മുഴുവൻ ഇന്ത്യക്കാരും നിന്റെ ദുഃഖം പങ്കിടുന്നു. ആശങ്ക അനുഭവിക്കുന്നു. അഭിമാനത്തോടെ വളർന്നുവലുതാകൂ. അച്ഛന് എന്നെന്നും അഭിമാനിക്കാവുന്ന മകളാകണം...

ജില്ല കലക്ടർ എന്ന പദവിയേക്കാളും ഒരു അച്ഛന്റെ വേദനയിൽ, ഇന്ത്യക്കാരന്റെ അഭിമാനത്തിൽ ജിതേന്ദ്ര സോണി എഴുതി. 

ദേശീയപതാകയിലേക്കു കുനിഞ്ഞുനോക്കുന്ന ആരുവിന്റെ ചത്രം സൈന്യം പങ്കുവച്ചിരുന്നു. പരമ്പരാഗത ആചാരമനുസരിച്ച് മുത്തശ്ശനൊപ്പം ആരുവും കൂടിയാണ് ചിതയ്ക്കു തീ കൊളുത്തിയത്. കത്തുന്ന വിറകുമായി നടക്കുന്ന ആരുവിന്റെ ചിത്രവും മനസ്സിനെ ഉലയ്ക്കുന്നതായിരുന്നു.