Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ട്രിപ്പീസ് അഭ്യാസത്തിനിടെ ഭാര്യ നിലതെറ്റി വീണു; കാണികൾ അലറി, വിധികർത്താക്കൾ പകച്ചു

trapeze-act

ഉയരങ്ങളിൽ തൂങ്ങിയാടുന്ന അച്ഛന്റെ കൈയിൽ നിന്ന് അഗ്നി പടരുന്ന വേദിയിലേക്ക് അമ്മ നിലതെറ്റി വീഴുമ്പോൾ ആ റിയാലിറ്റി ഷോയുടെ സദസ്സിൽ ആ കാഴ്ചകണ്ടുകൊണ്ട് ഒരു രണ്ടുവയസ്സുകാരനുണ്ടായിരുന്നു. കാണികളുടെ അലർച്ചയും വിധികർത്താക്കളുടെ മുഖത്തെ പകപ്പും മുത്തശ്ശിയുടെ കണ്ണീരും എന്തിനാണെന്നു മനസ്സിലാകാതെ അവനിരുന്നു. 

അമേരിക്കൻ റിയാലിറ്റി ഷോയായ അമേരിക്ക ഗോട്ട് ടാലന്റിൽ കഴിഞ്ഞ ദിവസം അരങ്ങേറിയത് നാടകീയമായ സംഭവങ്ങളായിരുന്നു. തലനാരിഴയ്ക്കാണ് വലിയൊരു ദുരന്തത്തിൽ നിന്ന് മത്സരാർഥികൾ രക്ഷപെട്ടത്.  അക്രോബാറ്റിക് ദമ്പതികളായ ടെയ്സ് നീൽസൺ–  മേരി വോൾഫി നീൽസൺ എന്നിവർ കാഴ്ചവച്ച സാഹസികപ്രകടനമാണ് ഒരു നിമിഷത്തേക്ക് വിധികർത്താക്കളുടെയും കാണികളുടെയും ശ്വാസം നിലപ്പിച്ചത്.

വേദിയിൽ നിന്നും വളരെ ഉയരത്തിൽ കെട്ടിത്തൂക്കിയ കമ്പിയിൽ  തലകീഴായി തൂങ്ങിക്കിടന്നു  നടത്തിയ അഭ്യാസപ്രകടനം ഏറെച്ചങ്കിടിപ്പോടെയാണ് കാണികളും വിധികർത്താക്കളും കണ്ടിരുന്നത്. ട്രിപ്പീസ് ട്രിക്കുകളും ബ്ലൈൻഡ് ഫോൾഡിങ്ങും ആയിരുന്നു അവർ അവതരിപ്പിക്കാൻ ഉദ്ദേശിച്ച സാഹസിക ഇനങ്ങൾ. ഇതിൽ ബ്ലൈൻഡ് ഫോൾഡിങ് അവതരിപ്പിക്കുന്നതിനിടെയിലാണ് ദമ്പതികളിലൊരാൾക്ക് നിലതെറ്റിയത്.

കണ്ണുകൾ കറുത്ത തുണികൊണ്ട് ബന്ധിച്ച ടെയ്സിന്റെ കൈയിൽ നിന്ന് പിടിവിട്ടു വഴുതി താഴേക്കു വീഴുകയായിരുന്നു മേരി. അവർ അഭ്യാസ പ്രകടനം നടത്തുന്ന കമ്പിയുടെ ഇരുവശത്തും വേദിയിലും അഗ്നി പടർത്തിയിട്ടുണ്ടായിരുന്നു. ടെയ്സിന്റെ വിരൽത്തുമ്പിൽ നിന്ന് വഴുതി തലകീഴായി താഴേക്കു വീഴുന്ന മേരിയുടെ ദൃശ്യങ്ങൾ കണ്ട് കാണികൾ ഉറക്കെ അലറി, അതുവരെ ശ്വാസമടക്കിപ്പിടിച്ച് അവരുടെ സാഹസിക പ്രകടനം കണ്ടിരുന്ന വിധികർത്താക്കൾ നടുങ്ങി. കമ്പിയിൽ കണ്ണുമൂടിക്കെട്ടി തലകീഴായിക്കിടക്കുന്ന ടെയ്സ് അവൾ സുരക്ഷിതയല്ലേയെന്ന് വിളിച്ചു ചോദിക്കുന്ന ശബ്ദം വേദിയിൽ മുഴങ്ങിക്കൊണ്ടിരുന്നു. എന്തുചെയ്യണമെന്നറിയാതെ അവർ പകച്ചു നിന്നപ്പോൾ വേദിയിൽ ദമ്പതികളിലൊരാളുടെ അമ്മയുടെ മടിയിലിരിക്കുകയായിരുന്നു അവരുടെ രണ്ടുവയസ്സുകാരൻ മകൻ.

ഒടുവിൽ തീനാളങ്ങളുയരുന്ന വേദയിൽ നിന്ന് നിറചിരിയോടെ മേരി എഴുന്നേറ്റു വന്നപ്പോഴാണ് എല്ലാവരുടെയും ശ്വാസം നേരെ വീണത്. ഉടൻ തന്നെ താഴെയിറങ്ങിയ ടെയ്സ് ഭാര്യയ്ക്ക് സ്നേഹചുംബനങ്ങൾ നൽകി. അമ്പരന്നു നിന്ന വിധികർത്താക്കളോടെ ബ്ലൈൻഡ് ഫോൾഡിങ് എന്ന ഐറ്റം ഒന്നുകൂടെ ചെയ്തു നോക്കട്ടെ എന്ന് അനുവാദം ചോദിക്കുകയും ചെയ്തു. ഈ റിയാലിറ്റി ഷോ തേടുന്നത് പെർഫക്ഷനിസ്റ്റുകളെയല്ലെന്നും ഇത് വിലമതിക്കുന്നത് ആളുകളുടെ കഴിവിനെയും പ്രതിഭയെയുമാണെന്നുമായിരുന്നു വിധികർത്താക്കളിൽ ഒരാളായ കെങ് ജിയോങിന്റെ പ്രതികരണം.

ഈ വിദ്യ ഒരിക്കൽക്കൂടി കണ്ണുകെട്ടി ചെയ്യണമെന്നില്ലെന്നും ടെയ്സിന് കാഴ്ചത്തകരാറുള്ള കാര്യം എല്ലാവർക്കുമറിയാവുന്നതിനാൽ അങ്ങനെയൊരു നിരാശവേണ്ട എന്നും പറഞ്ഞുകൊണ്ടാണ് വിധികർത്താക്കൾ അടുത്ത റൗണ്ടിലേക്ക് ദമ്പതികളെ തിരഞ്ഞെടുത്തുകൊണ്ട് വോട്ട് ചെയ്തത്.