Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഈ ക്ഷണക്കത്ത് വിതച്ചാൽ കൊയ്യാം; എംഎൽഎയുടെ മകളുടെ വിവാഹക്ഷണക്കത്ത് വേറെലെവലാണ്

wedding-card-01

വിവാഹത്തിന് ഒഴിച്ചുകൂടാൻ കഴിയില്ല ക്ഷണക്കത്തുകൾ; ചെലവേറെയാണുതാനും. പദവിയും ആഡംബരത്തിന്റെ തോതുമനുസരിച്ച് ലക്ഷങ്ങൾ ചെവഴിച്ച് തയാറാക്കുന്ന ക്ഷണക്കത്തുകൾ ഉപേക്ഷിക്കപ്പെടുകയാണ് പലപ്പോഴും. ചവറ്റുകുട്ടിയിലേക്കു വലിച്ചെറിയുന്നവരും കത്തിച്ചുകളയുന്നവരുമുണ്ട്. ഈ പതിവിന് ഒരു മാറ്റം വരുത്തണമെന്ന് ആഗ്രഹിക്കുക മാത്രമല്ല, പുതിയ തുടക്കമിടുകയും ചെയ്തിരിക്കുന്നു ഒരു എംഎൽഎ. മലപ്പുറം ജില്ലയിലെ താനൂരിന്റെ പ്രതിനിധി വി.അബ്ദുറഹിമാൻ ആണ് മാറ്റത്തിനു തുടക്കമിട്ടിരിക്കുന്നത്. വെറും മാറ്റമല്ല, പ്രകൃതിയെക്കൂടി കണക്കിലെടുത്ത്, ഭാവിക്കുവേണ്ടിയുള്ള ഹരിതമോഹനമായ നീക്കം. 

വിതച്ചാൽ കൊയ്യാവുന്ന ക്ഷണക്കത്താണ് മകൾ റിസ്‌വാന ഷെറിന്റെ കല്യാണത്തിനുവേണ്ടി എംഎൽഎ ഒരുക്കിയിരിക്കുന്നത്. അതും മഴ കോരിച്ചൊരിയുന്ന കർക്കടക മാസത്തിൽ. അടുത്ത ഞായറാഴ്ച തിരൂരിൽ വച്ചാണ് കല്യാണം. കത്തു പൂർണമായും അച്ചടിച്ചതു റീസൈക്കിൾഡ് കടലാസിൽ. കത്തിനുള്ളിൽ ഒളിഞ്ഞിരിക്കുന്നതു പൂക്കളുടെയും ഒൗഷധ സസ്യങ്ങളുടെയും വിത്തുകൾ. കല്യാണക്കത്തു വെള്ളത്തിലിട്ടാൽ വിത്തുകൾ ലഭിക്കും. അവ സൂര്യപ്രകാശമുള്ള ഇടങ്ങളിൽ നടണമെന്ന നിർദേശവും കത്തിലുണ്ട്. വിത്തുകൾ എല്ലാവർക്കും പ്രയോജനപ്പെടില്ല എന്ന് എംഎൽഎക്ക് അറിയാം. അങ്ങനെയുള്ളവർ അവ സുഹൃത്തുക്കൾക്കു സമ്മാനിക്കട്ടെ. അങ്ങനെ കൈ മറിഞ്ഞ് സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും സന്ദേശം പ്രചരിക്കട്ടെ എന്നാണ് ജനപ്രതിനിധിയുടെ ആഗ്രഹം. 

മൊത്തം എത്ര കത്തുകളിൽ വിത്തുകൾ ഒളിപ്പിച്ച് അച്ചടിച്ചിട്ടുണ്ടെന്ന കണക്കു പുറത്തുവിട്ടിട്ടില്ല. നൂറുകണക്കിനു കത്തുകൾ ഇതിനകം വിതരണം ചെയ്തിട്ടുണ്ട്. അതായത് വിത്തുകൾ മണ്ണിൽ വീണുകഴിഞ്ഞുവെന്നർഥം. മഴ മാറി സൂര്യൻ പ്രകാശിക്കുമ്പോൾ ഇനിയവ ചെടികളായും ഔഷധസസ്യങ്ങളായും പൊട്ടിമുളയ്ക്കും. 

വിവാഹഒരുക്കങ്ങളെക്കുറിച്ച് ആലോചിക്കുന്നതിനിടെ ബെംഗളൂരുവിലുള്ള ഒരു സുഹൃത്താണ് വിത്തുകൾ ഒളിപ്പിച്ചുവച്ച ക്ഷണക്കത്തിന്റെ ആശയം എംഎൽഎയോടു പറയുന്നത്. ആശയം ഇഷ്ടപ്പെട്ട അദ്ദേഹം ഗംഭീരമായിത്തന്നെ നടപ്പാക്കുകയും ചെയ്തു. വഴുതന, വെണ്ടയ്ക്ക, തക്കാളി എന്നിവയുടെയൊക്കെ വിത്തുകളുണ്ട് കത്തുകളിൽ. കുറച്ചധികം ദിവസങ്ങളെടുത്താണ് കത്തുകൾ ഒരുക്കിയത്. എങ്കിലും മിതമായ ചെലവു മാത്രമേ വേണ്ടിവന്നുള്ളൂ എന്നു പറയുന്നു അബ്ദുറഹിമാൻ. കത്തു തയാറാക്കിയതിലൂടെ കുറിച്ചധികം പേർക്കു ജോലിയും ലഭിച്ചു. 

സ്ഥിരം ക്ഷണക്കത്തുകൾപോലെ ഇവ ആരും വലിച്ചെറിയില്ല എന്നെനിക്കുറപ്പുണ്ട്. ചെടികൾ വളർത്താൻ സൗകര്യമില്ലാത്തവർക്ക് ബന്ധുക്കളെയോ സുഹൃത്തുക്കളെയോ ഏൽപിക്കാം. വളർന്നുവലുതായി പൂക്കളും കായകളുമായി നിൽക്കുന്ന ചെടികൾ കാണുമ്പോൾ മകൾക്ക് അവർ ആശംസ നേരാതിരിക്കില്ല– എംഎൽഎയുടെ ഹരിതപ്രതീക്ഷ.