Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആര്യൻ കാത്തിരിക്കുന്നു അഞ്ജലിക്കായി; കോടതിവിധി അനുകൂലമാകുമോ?

wedding-44 പ്രതീകാത്മക ചിത്രം.

വിവാഹം കഴിക്കാൻവേണ്ടി മതം മാറിയെങ്കിലും പ്രിയപ്പെട്ടവളുടെ കൂടെ ജീവിക്കാൻ സുപ്രീംകോടതിയെ സമീപിച്ച് വിധി കാത്തിരിക്കുന്ന യുവാവ്. ഛത്തീസ്ഗഡിലാണു സംഭവം. മുസ്ലിം സമുദായത്തിൽ ജനിച്ച മുപ്പത്തിമൂന്നു വയസ്സുകാരനായ യുവാവ് മതം മാറിയതു പ്രണയസാഫല്യത്തിനുവേണ്ടി. ഹിന്ദുമതത്തിൽ ജനിച്ച ഇരുപത്തിമൂന്നുകാരി അഞ്ജലിയെ സ്വന്തമാക്കാൻ.പക്ഷേ, വിവാഹാനന്തരം വധുവിനെ വീട്ടുകാർ തട്ടിക്കൊണ്ടുപോയതിനെത്തുടർന്ന് കോടതിയുടെ കാരുണ കാക്കുകയാണ് യുവാവ്. 

മുഹമ്മദ് ഇബ്രാഹിം സിദ്ധിഖി എന്ന യുവാവാണ് ഹിന്ദുമതത്തിലേക്കു മാറിയത്.  ആര്യൻ ആര്യ എന്നു പേരും സ്വീകരിച്ചു. അഞ്ജലി ജെയ്ൻ എന്നാണു വധുവിന്റെ പേര്. അവർ വിവാഹിതരായെങ്കിലും അഞ്ജലിയെ വീട്ടുകാർ തട്ടിക്കൊണ്ടുപോയി. ഛത്തീസ്ഗഡ് ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തെങ്കിലും വധുവിനെ വിട്ടുകിട്ടാത്തതിനെത്തുടർന്ന് സുപ്രീം കോടതിയെ സമീപിക്കേണ്ടിവന്നിരിക്കുന്നു ആര്യൻ ആര്യയ്ക്ക്. തന്റെ ഭാര്യയെ അവരുടെ വീട്ടുകാർ ഭീഷണിപ്പെടുത്തുക യാണെന്നും സ്വാതന്ത്ര്യം കൊടുക്കുന്നില്ലെന്നുമാണ് ആര്യന്റെ ആരോപണം. യുവാവിന്റെ പരാതി കേട്ട് എത്രയും വേഗം പരിഹാരം ഉണ്ടാക്കണമെന്ന് ആവശ്യപ്പെട്ടു  ജസ്റ്റിസ് ദീപക് മിശ്രയും ഡി. വൈ ചന്ദ്രചൂഡും ഉൾപ്പെട്ട ബഞ്ച്. ഭാര്യയുടെ വീട്ടുകാർ തന്നെയും ഭീഷണിപ്പെടുത്തുന്നുണ്ടെന്നും സമാധാനത്തോടെ ജീവിക്കാൻ അനുവദിക്കുന്നില്ലെന്നും ആര്യൻ പരാതിപ്പെടുന്നു

പൂർണസമ്മതത്തോടെയാണ് താൻ ആര്യനൊപ്പം താമസിക്കുന്നതെന്ന് അഞ്ജലി മൊഴി കൊടുത്തിരുന്നത്രേ. പക്ഷേ, രക്ഷകർത്താക്കൾക്കൊപ്പം താമസിക്കുകയോ അല്ലെങ്കിൽ ഹോസ്റ്റലിൽ അഭയം തേടാനോ ആണ് ഹൈക്കോടതി നിർദേശം. മൂന്നുവർഷത്തോളമായി ആര്യനും അഞ്ജലിയും പ്രണയബദ്ധരാണ്. വേർപിരിഞ്ഞു ജീവിക്കാനാവാത്ത ഘട്ടത്തിലാണ് ഇരുവരും വിവാഹിതരായതും. 

സിദ്ധിഖി ഹിന്ദു മതത്തിലേക്കു പരിവർത്തനം ചെയ്യുന്നത് ഫെബ്രുവരി 23ന്. രണ്ടുദിവസത്തിനുശേഷം 25 –ാം തീയതി റായ്പൂരിലെ ആര്യ സമാജ ക്ഷേത്രത്തിൽവച്ച് ആര്യനും അഞ്ജലിയും വിവാഹിതരായി. തന്റെ വീട്ടിലേക്കു മടങ്ങിപ്പോയ അഞ്ജലി തുടക്കത്തിൽ വിവാഹക്കാര്യം വീട്ടുകാരെ അറിയിച്ചില്ല. വിവാഹക്കാര്യം അറിഞ്ഞപ്പോൾ വീട്ടുകാർ എതിർത്തതിനെത്തുടർന്ന് ജൂൺ 30–ാം തീയതി അഞ്ജലി വീടു വിട്ടിറങ്ങി. പക്ഷേ, ആര്യന്റെ അടുത്ത് എത്തുന്നതിനുമുമ്പ് പൊലീസ് അഞ്ജലിയെ കണ്ടുപിടിച്ച് അഭയകേന്ദ്രത്തിലാക്കി. അഞ്ജലിയെ നിർബന്ധിച്ചു പൊലീസ് മൊഴി മാറ്റിപ്പറയിച്ചുവെന്നും ആര്യൻ ആരോപിക്കുന്നു. ഹൈക്കോടതിയെ സമീപിച്ചതിനെത്തുടർന്ന് അഞ്ജലിയെയും അച്ഛനെയും ജൂലൈ 30 നു കോടതിയിൽ വിളിച്ചുവരുത്തി. അഞ്ജലിയോടു സംസാരിച്ച കോടതി രക്ഷകർത്താക്കളുടെ ഇഷ്ടം നടത്താനാണ് ഉത്തരവിട്ടത്. സ്വന്തമായ തീരുമാനം എടുക്കാൻ കഴിയുന്നരീതിയിലുള്ള സ്വാതന്ത്ര്യം അഞ്ജലിക്ക് അനുവദിക്കണമെന്നും കോടതി അഭിപ്രായപ്പെട്ടു. 

മുസ്ലിം യുവാവിനെ വിവാഹം കഴിക്കാൻ മതം മാറിയ കേരളത്തിൽനിന്നുള്ള ഹാദിയയുടെ കേസിനു സമാനമാണ് ആര്യൻ–അഞ്ജലി വിവാഹവും തർക്കവും. ഏതു പുരുഷനെയും സ്വീകരിക്കാൻ പ്രായപൂർത്തിയായ യുവതിക്ക് അവകാശമുണ്ടെന്ന് അഭിപ്രായപ്പെട്ട സുപ്രീംകോടതി ഹാദിയ കേസിൽ ഹൈക്കോടതി ഉത്തരവ് റദ്ദാക്കിയിരിന്നു. സമാനമായ വിധിയാണ് ആര്യനും പ്രതീക്ഷിക്കുന്നത്.