മിഷയ്ക്ക് കുഞ്ഞനിയൻ; സന്തോഷ വാർത്ത പങ്കുവച്ച് ഷാഹിദും മിറയും

ഷാഹിദ് കപൂറും മിറയും രണ്ടാമതും അച്ഛനമ്മമാരായ സന്തോഷവാർത്ത ആരാധകർ പങ്കുവച്ചതോടെ സമൂഹമാധ്യമങ്ങളിലെ ട്രെൻഡിങ് ടോപിക് ഇവരാണ്. ബോളിവുഡിലെ ഈ ക്യൂട്ട് താരജോഡികൾക്ക് മിഷ എന്നൊരു മകൾ കൂടിയുണ്ട്. മിഷ എന്ന രണ്ടുവയസ്സുകാരിക്ക് ഒരു അനിയൻ വാവ എത്തിയ സന്തോഷമാണ് ഷാഹിദ് ആരാധകർ പങ്കുവയ്ക്കുന്നത്. ബുധനാഴ്ചയാണ് മുംബൈയിലെ ഹിന്ദുജ ഹോസ്പിറ്റലിൽ മിറ ആൺകുഞ്ഞിന് ജന്മം നൽകിയത്.

ഷാദിന്റെ ആരാധകർ സന്തോഷവാർത്ത പങ്കുവച്ചതിനെത്തുടർന്ന് നിരവധി സെലിബ്രിറ്റികളാണ് സമൂഹമാധ്യമങ്ങളിലൂടെ ദമ്പതികൾക്ക് ആശംസാ പ്രവാഹം ചൊരിയുന്നത്. ഈ വർഷമാദ്യമാണ് ഭാര്യ രണ്ടാമതും ഗർഭിണിയാണെന്ന സന്തോഷവാർത്ത ഷാഹിദ് ആരാധകരോടു പങ്കുവച്ചത്. ക്യൂട്ടായ ഒരു ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് അദ്ദേഹം ആ സന്തോഷവാർത്ത പുറത്തുവിട്ടത്. കുസൃതിക്കുടുക്കയായ മിഷ കിടക്കുന്നതിനു സമീപം കളർചോക്കുകൾകൊണ്ട് വർണ്ണ ബലൂണുകൾ പറക്കുന്ന ചിത്രം വരച്ച് അതിനു മുകളിൽ ബിഗ്സിസ്റ്റർ എന്നെഴുതിയ ചിത്രമാണ് അദ്ദേഹം പങ്കുവച്ചത്.

സിനിമാബന്ധങ്ങളൊന്നുമില്ലാത്ത ഒരു സാധാരണ കുടുംബത്തിലെ പെൺകുട്ടിയെയാണ് ഷാഹിദ് ജീവിതസഖിയാക്കിയത്. ഈ വിഷയം ബി ടൗണിൽ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. സിനിമയുടെ ഗ്ലാമറിൽ ഭ്രമിക്കാതെ ജീവിക്കുന്ന മിറയുടെ സ്വഭാവമാണ് ഷാഹിദിനെ മിറയിലേക്ക് അടുപ്പിച്ചതെന്നും വിവാഹത്തിനു മുമ്പും വിവാഹത്തിനു ശേഷവും ആ സ്വഭാവം അങ്ങനെതന്നെയാണെന്നും ഇവരുടെ കുടുംബത്തിനോടടുപ്പമുള്ള വൃത്തങ്ങൾ പറയുന്നു. സിനിമയെ വെല്ലുന്ന ജീവിത മുഹൂർത്തങ്ങളിലൂടെയാണ് മിറയെ ഷാഹിദ് കണ്ടുമുട്ടിയതും പ്രണയിച്ചതുമെല്ലാം.