Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രണയംകൊണ്ട് കാൻസറിനെ തോൽപ്പിച്ചവർ; കണ്ണുനിറയ്ക്കും ഇവരുടെ കഥ

sachin-bhaya-78

പ്രണയത്തിന്റെ നാളുകളിൽ ഒന്നിലാണ് അർബുദത്തിന്റെ ഉഷ്ണവേരുകൾ തന്റെ പ്രണയിനിയുടെ മേൽ പിടിമുറുക്കിയ വാർത്ത സച്ചിൻ അറിയുന്നത്. മലപ്പുറം സ്വദേശികളായ സച്ചിനും ഭവ്യയും അന്നൊരു ഉറച്ച തീരുമാനമെടുത്തു. പ്രണയം കൊണ്ട് കാൻസറിനെ തോൽപ്പിക്കുമെന്ന്. നിഴലായി സച്ചിനുള്ളപ്പോൾ ഒരു രോഗവും തന്നെ കീഴ്പെടുത്തില്ലെന്ന ആത്മവിശ്വാസം ഭവ്യയ്ക്കുമുണ്ടായിരുന്നു.

ഒപ്പം പഠിച്ചു തുടങ്ങിയ കാലത്തിലെങ്ങോ ആണ് ഇരുവരും പരസ്പരം ഇഷ്ടപ്പെട്ടു തുടങ്ങിയത്. ആറുമാസത്തിന് ശേഷമാണ് അവർ പ്രണയം തുറന്നു പറഞ്ഞത്. പഠനവും ജോലിയും പ്രണയവുമായി ജീവിതത്തിൽ സന്തോഷം നിറഞ്ഞ ദിവസങ്ങളിലൊന്നിലാണ് ഭവ്യയ്ക്ക് അതിശക്തമായ പുറംവേദന അനുഭവപ്പെടുന്നതും അതിനെത്തുടർന്നു നടത്തിയ പരിശോധനയിൽ കാൻസർ സ്ഥിരീകരിക്കുന്നതും.

അസുഖം സ്ഥിരീകരിച്ചപ്പോഴും പ്രണയത്തിൽ നിന്ന് പിന്നോട്ടു പോവാതെ ഒരുമിച്ച് നിന്ന് രോഗത്തിനെതിരെ പോരാടാനാണ് ഇരുവരും പരിശ്രമിച്ചത്. ചികിത്സയ്ക്കുവേണ്ട സാമ്പത്തികം ഇടയ്ക്കിടെ വില്ലനായെങ്കിലും ബന്ധുക്കളും സുഹൃത്തുക്കളും നാട്ടുകാരും ഇവർക്കൊപ്പം നിന്നു. കൂലിപ്പണിക്കാരനായ ഭവ്യയുടെ അച്ഛന് മകളുടെ ചികിത്സാചിലവും വീട്ടുചിലവും താങ്ങാൻ കഴിയാതെ വന്ന ഘട്ടത്തിൽ ഉപരിപഠനം ഉപേക്ഷിച്ച് സച്ചിൻ ആ കുടുംബത്തിന് തുണയായെത്തി. മാർബിൾ പണിയ്ക്കുപോയാണ് ഭവ്യയുടെ ചികിത്സാചിലവിനും രണ്ടുകുടുംബങ്ങളുടെ വീട്ടുചെലവിനുമുള്ള പണം സച്ചിൻ സമ്പാദിക്കുന്നത്.

ചികിത്സയ്ക്കിടയിൽ മറ്റു രണ്ടു കാര്യങ്ങൾ കൂടി സംഭവിച്ചു. ആദ്യത്തെ കീമോ കഴിഞ്ഞപ്പോൾ സച്ചിനും ഭവ്യയും തമ്മിലുള്ള വിവാഹനിശ്ചയം കഴി‍ഞ്ഞു. എട്ടാമത്തെ കീമോയ്ക്ക് മുൻപ് കാമുകിയിൽ നിന്ന് സച്ചിന്റെ ഭാര്യയിലേക്ക് ഭവ്യക്ക് സ്ഥാനക്കയറ്റം ലഭിച്ചു. ലളിതമായ ചടങ്ങിൽ സച്ചിൻ ഭവ്യയെ ജീവിതസഖിയാക്കി. പ്രണയം നൽകിയ മനക്കരുത്തിന്റെ ബലത്തിലാണ് ഈ ദമ്പതികൾ കാൻസറിനോട് പോരാടുന്നത്. പലപ്പോഴും സാമ്പത്തിക പ്രതിസന്ധിയാണ് ഇവരുടെ ജീവിതത്തിൽ വില്ലനാകുന്നത്. ഇവരുടെ വിവാഹദിനത്തിൽ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ഒരു ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് ഈ പ്രണയികളുടെ പോരാട്ടത്തെക്കുറിച്ച് ആളുകളറിഞ്ഞത്. 

ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

മലപ്പുറം: ക്യാൻസറിനെ തോൽപ്പിച്ച പ്രണയത്തിനൊടുവിൽ ഭവ്യയെ ജീവിത സഖിയാക്കി സച്ചിൻ. പ്രണയത്തിന് വേലി തീർക്കാൻ ഒരു രോഗത്തിനും ആവില്ലെന്ന് തെളിയിക്കുകയാണ് ഭവ്യയും സച്ചിനും. ഈ പ്രണയത്തിനു മുന്നിൽ ക്യാൻസർ പോലും തോറ്റു പോയിരിക്കുന്നു. ഇരുവരിലും പ്രണയം മൊട്ടിട്ട് ജീവിത സ്വപ്നങ്ങൾ നെയ്തുകൊണ്ടിരിക്കുമ്പോഴാണ് വില്ലനായി ക്യാൻസറെത്തിയത്. എന്നാൽ കൂടുതൽ ആത്മവിശ്വാസം നൽകി തന്റെ പ്രണയിനിയെ കൂടെ ചേർത്തപ്പോൾ ലോകത്തിലെ പ്രണയ ചരിത്രങ്ങളെല്ലാം മുട്ടുകുത്തുകയാണിവിടെ.

കഴിഞ്ഞ വർഷം അക്കൗണ്ടിങ് പഠിക്കാനായി എത്തിയ സ്ഥാപനത്തിൽ വച്ചാണ് പൂളപ്പാടം സ്വദേശി സച്ചിനും കരുളായി സ്വദേശി ഭവ്യയും അടുക്കുന്നത്. സൗഹൃദം മുന്നോട്ടു പോയെങ്കിലും ആദ്യത്തെ ആറു മാസം കഴിഞ്ഞാണ് ഇരുവരും പ്രണയം തുറന്ന് പറയുന്നത്. പ്രണയമൊട്ടുകൾ വിടർന്നതോടെ ഇരുവരും പാറിന്ന് സ്വപ്നങ്ങൾ നെയ്തു. ഇതിനിടെ നിലമ്പൂർ ചന്തക്കുന്നിലെ ബാങ്കിൽ ഭവ്യയ്ക്ക് ജോലി ലഭിച്ചു. തുടർ പഠനം നടത്തി ഉയർന്ന ജോലിക്കായുള്ള പരിശ്രമത്തിലായിരുന്നു സച്ചിനും.

ഈ സമയത്താണ് ഭവ്യയിൽ അസഹ്യമായപുറം വേദന ഉണ്ടാകുന്നത്. വിശദമായി പരിശോധന കഴിഞ്ഞപ്പോൾ കാൻസർ സ്ഥിരീകരിച്ചു.എന്നാൽ ഭവ്യയെ തനിച്ചക്കാൻ സച്ചിന് കഴിഞ്ഞില്ല. തുടർ പഠനവും മറ്റു തൊഴിൽ പരിശ്രമങ്ങളുമെല്ലാം ഉപേക്ഷിച്ചു സച്ചിൻ അവളെ ചികിൽസിച്ചു. പണത്തിന് ബുദ്ധിമുട്ട് കൂടി വന്നപ്പോൾ കൂലി പണിക്ക് ഇറങ്ങി. അച്ഛൻ കൂലിപ്പണിയെടുത്തുള്ള വരുമാനമാണ് ഭവ്യയുടെ കുടുംബത്തിലെ ഏക ആശ്രയം. ചികിത്സ കൂടിയായതോടെ താങ്ങാൻ പറ്റാതെയായി. ഈ സാഹചര്യത്തിലാണ് തന്റെ മോഹങ്ങളെല്ലാം ഉപേക്ഷിച്ച് പ്രണയിനിയുടെ ചികിത്സക്കായ് കൂലിപ്പണിക്കിറങ്ങിയത്. ഇപ്പോഴും മാർബിൾ പണിയെടുത്താണ് സച്ചിൻ ചെലവ് കണ്ടെത്തുന്നത്.

ഇരു വീട്ടുകാരുടെയും ചുമതല സച്ചിന്റെ ചുമലിലാണിപ്പോൾ. ചികിത്സക്കായി നാട്ടുകാരും ബന്ധുക്കളും കൂട്ടുകാരുമെല്ലാം സഹായിച്ചു. ഇതുവരെ 7 കീമോ കഴിഞ്ഞു. ആദ്യ കീമോ കഴിഞ്ഞപ്പോൾ തന്നെ വിവാഹ എൻഗേജ്‌മെന്റ് നടന്നു. അന്ന് ആത്മവിശ്വാസം നൽകാൻ തന്നെ കൊണ്ട് കഴിയുന്നത് അതായിരുന്നു. എട്ടാമത്തെ കീമോചെയ്യാനായി ഈ മാസം 12 ന് പോകും. അതിനു മുമ്പ് വീട്ടുകാരുടെയും നാട്ടുകാരുടെയും സമ്മതത്തോടെ ലളിതമായ ചടങ്ങോടെ വിവാഹം കഴിക്കാൻ തീരുമാനിക്കുകയായിരുന്നെന്ന് സച്ചിൻ പറഞ്ഞു.

രോഗത്തിന്റെ പിടിയിൽ അമർന്നു ഭവ്യയെ സച്ചിൻ ജീവിതത്തിലേക്ക് ചേർത്തു പിടിച്ചിരിക്കുകയാണിന്ന്.പൂളപ്പാടം സ്വദേശി രാധാകൃഷ്ണൻ, ഭാനുമതി ദമ്പതികളുടെ മകൻ സച്ചിനും കരുളായി സ്വദേശി ഗിരീഷ്, മഞ്ചു ദമ്പതികളുടെ മകൾ ഭവ്യയും ആണ് ഇന്ന് വിവാഹിതരായത്. പഠന കാലത്ത് ഉള്ള പരിചയം പ്രണയത്തിലേക്ക് മാറി വിവാഹ സ്വപ്നങ്ങൾ പങ്കു വയ്ക്കാൻ തുടങ്ങിയപ്പോൾ ആണ് ഭവ്യയെ പുറം വേദന പിടികൂടിയത്.പിന്നീട് ക്യാൻസറാണെന്ന് തിരിച്ചറിയുകയായിരുന്നു.

എല്ലിൽ പടർന്നു പിടിക്കുന്ന ക്യാൻസറാണ് ഭവ്യയെ പിടികൂടിയിരിക്കുന്നത്. എറണാകുളത്താണ് ചികിത്സ. മാസത്തിൽ രണ്ടു തവണയാണ് ആശുപത്രിയിലെത്തേണ്ടത്. ഓരോ യാത്രയിലും മുപ്പതിനായിരം രൂപ ചികിത്സക്കു വേണം. സച്ചിന് അറിയില്ല എങ്ങനെ ഭവ്യയുടെ സ്വപ്നങ്ങൾ പൂർത്തീകരിക്കുമെന്ന്. തുടർ ചികിത്സയ്ക്ക് വലിയ തുക ആവശ്യമാണ്. ഈ പ്രണയജോഡികൾക്കു മുന്നിൽ ചെയ്യാനുള്ളത് ചികിത്സാ സഹായം നൽകലാണ്. സുമനസ്സുകൾ കനിഞ്ഞാൽ പഴയ ജീവിതത്തിലേക്ക് ഭവ്യയെ കൊണ്ടുവരാൻ സാധിക്കും.