തെറ്റിദ്ധരിക്കല്ലേ, ഇത് ബേബിഷവർ അല്ല; സൂപ്പർക്യൂട്ട് ചിത്രങ്ങൾ പങ്കുവച്ച് സാനിയ

രസകരമായ കുറേ ചിത്രങ്ങളാണ് ആരാധകർക്കുവേണ്ടി ടെന്നീസ് താരം സാനിയ മിർസ പങ്കുവച്ചിരിക്കുന്നത്. ക്രിക്കറ്റ്താരം ശുഐബ് മാലിക്കും സാനിയ മിർസയും ആദ്യത്തെക്കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ്. ഒക്ടോബറിൽ കുഞ്ഞിന്റെ ജനനം പ്രതീക്ഷിച്ചിരിക്കുമ്പോഴാണ് ജീവിതത്തിലെ  തമാശ നിറഞ്ഞ കുറേ സുന്ദര നിമിഷങ്ങൾ സാനിയ പങ്കുവച്ചത്.

സാനിയയും സഹോദരി അനമും മറ്റുബന്ധുക്കളും അടുത്ത സുഹൃത്തുക്കളും ചേർന്ന് പൈജാമ പാർട്ടി ആഘോഷിക്കുന്നതിന്റെ ചിത്രങ്ങളാണ് അവർ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. മൃഗങ്ങളുടെ രൂപത്തിലുള്ള പൈജാമാ സെറ്റ് അണിഞ്ഞാണ് ഇരുവരും പാർട്ടിയിലെത്തിയത്. പച്ചനിറത്തിലുള്ള ഒരു പൈജാമ സെറ്റാണ് സാനിയ തിരഞ്ഞെടുത്തത്. ആനയുടെ രൂപത്തിലുള്ള ഒന്ന്. സഹോദരിയാകട്ടെ പിങ്ക് നിറത്തിലുള്ള ബണ്ണി പൈജാമയാണ് അണിഞ്ഞത്.

ആഘോഷവേളയിൽ കേക്കുമുറിക്കുന്ന വിഡിയോയ്ക്ക് അടിക്കുറിപ്പായി അവർ നൽകിയത് ഭർത്താവ് ശുഐബിനെ മിസ് ചെയ്യുന്നുണ്ടെന്നാണ്. മിസ് ചെയ്യുന്നുണ്ടെങ്കിലും ആദ്യം ജോലിനടക്കട്ടെയെന്നും അവർ കുറിച്ചു. ബേബിഷവർ ചിത്രങ്ങളല്ലയെന്നു പറഞ്ഞുകൊണ്ടാണ് സാനിയ പൈജാമ പാർട്ടി ചിത്രങ്ങൾ പങ്കുവച്ചത്. സൂപ്പർ ക്യൂട്ട് എന്നും ഫണ്ണിയെന്നും വിശേഷിപ്പിച്ചുകൊണ്ടാണ് താരം പങ്കുവച്ച ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തത്.