Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാൻസർ കാമുകന്റെ മുഖം വികൃതമാക്കി; തീവ്ര പ്രണയത്തോടെ അവൾ കൂടെ നിന്നു

unconditional-love-01

പ്രണയം തീവ്രമാണെങ്കിൽ അർബുദം പോലും അതിനു മുന്നിൽ കീഴടങ്ങുമെന്ന് കാണിച്ചു തന്ന ദമ്പതികളുടെ ജീവിതം നിറഞ്ഞ കണ്ണുകളോടെ കേരളം കണ്ടത് കഴിഞ്ഞ ദിവസമാണ്. കാമുകി ഭവ്യയ്ക്ക് കാൻസർ സ്ഥിരീകരിച്ചതിനു ശേഷവും അവൾക്ക് കരുത്തും കരുതലും നൽകി അവളെ നല്ലപാതിയായി സ്വീകരിച്ച സച്ചിൻ എന്ന യുവാവിന്റെ വാർത്ത നിറകണ്ണുകളോടെയാണ് പലരും വായിച്ചത്.

ബാഹ്യസൗന്ദര്യവും ആരോഗ്യമുള്ള ശരീരവുമൊന്നുമല്ല യഥാർഥ പ്രണയത്തിനുള്ള മാനദണ്ഡമെന്ന് ജീവിതംകൊണ്ടു കാണിച്ചു തരികയാണ് ഒരു പെൺകുട്ടി. കാൻസർ കാമുകന്റെ മുഖം വികൃതമാക്കിയിട്ടും പ്രണയത്തിന്റെ പാതിവഴിയിൽ അവനെ ഉപേക്ഷിക്കാതെ ഒപ്പം നിന്ന് രോഗത്തെ കീഴ്പ്പെടുത്താൻ അവനെ മാനസികമായി തയാറെടുപ്പിക്കുന്ന പെൺകുട്ടിയുടെ വാർത്തയെത്തിയത് തായ്‌ലൻഡിൽ നിന്നാണ്.

21വയസ്സുകാരനായ യുവാവിന് കണ്ണിനെ ബാധിക്കുന്ന അപൂർവ കാൻസർ പിടിപെട്ടത്. അധികം വൈകാതെ കാൻസർ മുഖത്തേക്കും പടർന്നു. അസുഖം മുഖം മുഴുവൻ വ്യാപിച്ചതോടെ മുഖത്തിന്റെ ആകൃതി തന്നെ നഷ്ടപ്പെട്ട് മുഖം വികൃതമായി. യുവാവിന് കാൻസർ ബാധിച്ചപ്പോൾ തന്നെ അവനെ ഉപേക്ഷിച്ചു കളയൂ എന്നായിരുന്നു അറ്റാറ്റി എന്ന പെൺകുട്ടിയോട് അവളുടെ ബന്ധുക്കളും സുഹൃത്തുക്കളും പറഞ്ഞത്.

എന്നാൽ രോഗം ഒരു കുറ്റമല്ലല്ലോ എന്ന നിലപാടാണ് അവൾ സ്വീകരിച്ചത്. അതുകൊണ്ടു തന്നെ എന്തു തന്നെ സംഭവിച്ചാലും പ്രണയത്തിൽ ഉറച്ചു നിൽക്കുമെന്നും അവൾ തീരുമാനിച്ചു. വികൃതമായ മുഖത്ത് തടിച്ചു വീർത്തു നിന്ന ഞരമ്പുകളിൽ പലതും പൊട്ടുമ്പോൾ അവൻ പ്രാണൻ പോകുന്ന വേദനയോടെ നിലവിളിക്കും അപ്പോഴൊക്കെ ഒരമ്മയുടെ കരുതലും സ്നേഹവും നൽകി അവൻ അവളെ സമാശ്വസിപ്പിക്കും. അവന്റെ മുറിവുകളിൽ മരുന്നുവെച്ച് അവനെ പരിചരിക്കും.

സഹിക്കാൻ വയ്യാത്ത വേദനയിൽ അവൻ തളരുമ്പോൾ അവനെ ചേർത്തു പിടിക്കും. ദമ്പതികളുടെ പ്രണയം  മൂന്നുവർഷം പിന്നിട്ടപ്പോൾ പ്രാദേശിക പത്രത്തിൽ ഇവരെക്കുറിച്ചൊരു ലേഖനം വന്നു. അതിലൂടെയാണ് ഉപാധികളില്ലാത്ത ഈ തീവ്രപ്രണയകഥ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ആളുകളറിഞ്ഞത്. ഈ പ്രണയത്തിനു മുന്നിൽ കാൻസർ തോൽക്കട്ടെയെന്നു പ്രാർഥിച്ചുകൊണ്ട് നിരവധി പേരാണ് ദമ്പതികൾക്ക് സഹായവുമായി മുന്നോട്ടു വന്നത്.