Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മകളുടെ ചികിത്സയെ ചോദ്യം ചെയ്ത ഇന്ത്യൻ ദമ്പതികൾ യുഎസിൽ അറസ്റ്റിൽ

couple-arrest-77

മകൾക്കു മികച്ച പരിചരണവും വൈദ്യശുശ്രൂഷയും നിഷേധിച്ചതിന്റെ പേരിൽ അമേരിക്കയിൽ അറസ്റ്റിലായ ഇന്ത്യൻ വംശജരായ ദമ്പതികൾക്കു ജാമ്യം. ആറു മാസം മാത്രം പ്രായമുള്ള മകൾക്കു ചികിൽസ നിഷേധിച്ചതിന്റെ പേരിലാണ് തമിഴ്നാട്ടിൽനിന്നുള്ള ദമ്പതികൾ അറസ്റ്റിലായത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ദമ്പതികൾ അറസ്റ്റിലാകുന്നത്. ഇക്കഴിഞ്ഞ വ്യാഴാഴ്ച  ജാമ്യം ലഭിച്ചു. 

ഇടതുകൈയ്യിൽ നീർക്കെട്ടുണ്ടായിരുന്ന കുട്ടിയുമായി ഫ്ലോറിഡയിലെ ബ്രോവാർഡ് കൗണ്ടിലെ ആശുപത്രിയിൽ ദമ്പതികൾ എത്തുന്നത് ആഴ്ചകൾക്കു മുമ്പ്. ഇപ്പോൾ കുട്ടിയെ ദമ്പതികളിൽനിന്ന് അകറ്റി ശുശുക്ഷേമ സമിതിയുടെ സംരക്ഷണത്തിൽ ആക്കിയിരിക്കുകയാണ്. ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിക്ക് ചിലവേറിയ ടെസ്റ്റുകൾ നടത്തുന്നത് ചോദ്യം ചെയ്തതോടെയാണ് ആശുപത്രി അധികൃതർ സംഭവം ശ്രദ്ധിക്കുന്നതും മാതാപിതാക്കളുടെ ഭാഗത്തുനിന്ന് കുട്ടിയെ പരിചരിക്കുന്നതിൽ അവഗണനയും നിസ്സംഗതയും ഉണ്ടെന്നു കണ്ടെത്തുന്നതും. 

ഡോക്ടറുടെ അനുവാദമില്ലാതെ കുട്ടിയെ ആശുപത്രിയിൽനിന്നു വീട്ടിലേക്കു കൊണ്ടുപോകാനും മാതാപിതാക്കൾ ശ്രമിച്ചത്രേ. ഇതാണു പ്രശ്നമായതും ശിശുക്ഷേമസമിതിയുടെ ഇടപെടലിലേക്കു നയിച്ചതും. പ്രകാശ് സേട്ടു, മാല പനീർസെൽവം എന്നിവരെയാണ് ജാമ്യത്തുക അടയ്ക്കാൻ നിർദേശിച്ച് ജയിലിലേക്ക് അയച്ചത്. ഒന്നരക്കോടിയോളം രൂപയായിരുന്നു ജാമ്യത്തുകയായി നിശ്ചയിച്ചിരുന്നത്. പിന്നീടു ഇരുപത്തിയൊന്നര ലക്ഷം രൂപയായി ജാമ്യത്തുക കുറയ്ക്കുകയും ദമ്പതികൾക്കു ജാമ്യം ലഭിക്കുകയുമായിരുന്നു. ഇരട്ടക്കുട്ടികളാണു ദമ്പതികൾക്ക്. ഹിമിഷ എന്ന കുട്ടിയുമായാണ് ഇവർ ആശുപത്രിയിലെത്തിയത്. സംഭവം വിവാദമായതിനെത്തുടർന്ന് രണ്ടു കുട്ടികളെയും അച്ഛനമ്മമാരിൽനിന്നു മാറ്റി ശിശുക്ഷേമ സമിതിയുടെ പരിചരണത്തിലാക്കി. 

ദമ്പതികളുടെ സുഹൃത്തുക്കൾ ആരോപണം നിഷേധിക്കുകയാണ്. അവർ കൂട്ടായ്മയുണ്ടാക്കി പണം സ്വരൂപിച്ച് അമേരിക്കൻ അധികൃതർക്കെതിരെ നിയമപ്പോരാട്ടം നടത്താനുള്ള ഒരുക്കത്തിലുമാണ്. വിദേശകാര്യമന്ത്രാലയവും സംഭവത്തിൽ അമേരിക്കൻ അധികൃതരുമായി ബന്ധപ്പെട്ടിട്ടുണ്ട്. ചെലവേറിയ ചികിൽസകളും ടെസ്റ്റും താങ്ങാനാവാത്തതിനാൽ ഓരോഘട്ടത്തിലും എന്തെല്ലാം ടെസ്റ്റുകളാണു ചെയ്യുന്നതെന്ന് അന്വേഷിക്കുകമാത്രമാണു ദമ്പതികൾ ചെയ്ത തെറ്റെന്നു പറയുന്നു അവരുടെ സുഹൃത്തുക്കൾ. എല്ലാം ചെലവുകളും അവർക്ക് ഇനുഷുറൻസ് സ്ഥാപനത്തിൽനിന്നു ലഭിക്കില്ല. ഇതാണ് ചികിൽസാ നിഷേധമെന്ന് ആരോപിക്കുന്നതെന്നും അവർ പറയുന്നു. 

നവജാതശിശുക്കളെ അച്ഛനമ്മമാരിൽനിന്നു വേർപിരിക്കുന്നതു തെറ്റാണ്. ഞാൻ കുട്ടികളുടെ അമ്മൂമ്മയാണ്. ഞാനവരെ നോക്കാൻ തയ്യാറാണ്– മാല പനീർസെൽവത്തിന്റെ അമ്മ പറയുന്നു. ശിശുസംരക്ഷണനിയമം അമേരിക്കയിൽ കർശനമാണ്. മുമ്പും കുട്ടികൾക്കു ചികിൽസ നിഷേധിക്കുകയും പരിചരണം നൽകാതിരിക്കുകയും ചെയ്തതിന്റെ പേരിൽ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ ഉണ്ടായിട്ടുണ്ട്. 18 മാസം പ്രായമുള്ള ബംഗാളിൽനിന്നുള്ള ഒരു കുട്ടിയെ തലയ്ക്കു പരുക്കേറ്റ അവസ്ഥയിൽ അച്ഛനമ്മമാരിൽനിന്നു മാറ്റിയ സംഭവവും ഉണ്ടായിട്ടുണ്ട്.