Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭാര്യയെ ചുമലിലേന്തി ഭൂട്ടാനിലെ മുൻ പ്രധാനമന്ത്രി; അഭിനന്ദിച്ച് വെർച്വൽ ലോകം

carrying-wife-44

തലമുറകളിലൂടെ കൈമാറ്റം ചെയ്യപ്പെടുന്നവയാണ് ഐതിഹ്യകഥകൾ. ധീരതയുടെയും സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും നൻമയുടെയും ഉദാത്തവും കാൽപനികവുമായ കഥകൾ. ബ്രിട്ടനിലെ ഒന്നാം എലിസബത്ത് രാജ്ഞിയുമായി ബന്ധപ്പെട്ടും ഒരു കഥയുണ്ട്. രാജ്ഞിയുടെ സേവകസംഘത്തിലുണ്ടായിരുന്ന കവിയും പര്യവേക്ഷകനുമായ സർ വാൾട്ടർ റാലിയാണു കഥാപാത്രം. 

യാത്രയ്ക്കിടെ രാജ്ഞിക്ക് ഒരു വെള്ളക്കെട്ടു കടക്കേണ്ടിവന്നു. ഒരുനിമിഷം എന്തു ചെയ്യണമെന്നറിയാതെ എല്ലാവരും നിന്നപ്പോൾ സർ വാൾട്ടർ റാലി തന്റെ വിലകൂടിയ പുറംകുപ്പായം വെള്ളക്കെട്ടിനു മീതെ വിരിച്ചു. കാൽപാദം നനയാതെ അനായാസം എലിസബത്ത് രാജ്ഞി വെള്ളക്കെട്ടു കടന്നു. കഥ വെറും കഥയാണോ സത്യമാണോ എന്നറിയില്ലെങ്കിലും വാൾട്ടർ റാലിയെ കവച്ചുവയ്ക്കുന്ന ധീരതയുടെ യഥാർഥ കഥയിലെ നായകനായിരിക്കുകയാണ് ഭൂട്ടാനിലെ മുൻ പ്രധാനമന്ത്രി ഷെറിങ് ടോബ്ഗെ. ഭാര്യയുടെ കാൽപ്പാദം നനയാതിരിക്കാൻ ഭാര്യയെ പുറത്തെടുത്തു നടന്നു ഷെറിങ് ടോബ്ഗെ. തന്റെ പ്രവൃത്തിയെക്കുറിച്ച് ട്വീറ്റ് ചെയ്യുകയും ചെയ്തു അദ്ദേഹം. വാൾട്ടർ റാലിയുടെ അത്ര ധീരമല്ലെങ്കിലും ഒരു പുരുഷൻ എന്താണോ ചെയ്യേണ്ടത് അതു ഞാൻ ചെയ്തു. തന്റെ പ്രിയപ്പെട്ടവളുടെ കാൽപ്പാദം നനയാതിരിക്കാൻ അവളെ പുറത്തേന്തി നടന്നു. 

സംഭവം വൈറലായതിനെത്തുടർന്ന് സമൂഹമാധ്യമങ്ങളിൽ ടോബ്ഗെയ്ക്ക്  അനുകൂലമായും പ്രതികൂലമായും അഭിപ്രായങ്ങൾ നിറയുകയാണ്; ചൂടുപിടിച്ച ചർച്ചയും. 

അഭിനന്ദനങ്ങൾ അർഹിക്കുന്ന പ്രവൃത്തിയാണു താങ്കൾ ചെയ്തത്. മറ്റാരെങ്കിലുമായി താങ്കൾ താരതമ്യപ്പെടുത്തേണ്ടതില്ല. അല്ലാതെതന്നെ മഹത്തായ പ്രവൃത്തി. അംഗീകരിക്കാതിരിക്കാൻ വയ്യ താങ്കളെ ....പ്രധാനമായും ഇങ്ങനെ പോകുന്നു സമൂഹമാധ്യമങ്ങളിലെ പ്രതികരണങ്ങൾ. 

ഇതിലും കാൽപനികമായ ഒരു പ്രവൃത്തിയെക്കുറിച്ച് ചിന്തിക്കാൻപോലും കഴിയുന്നില്ല എന്നും അഭിപ്രായപ്പെട്ടവരുണ്ട്. താങ്കൾ ഞങ്ങളുടെ ഹദയം കവർന്നിരിക്കുന്നു. ഹൃദയം അലിഞ്ഞുപോകുന്നു. താങ്കൾക്കു ഭാര്യയിൽനിന്ന് 10 ൽ 10 മാർക്കും ലഭിച്ചിരിക്കും. പക്ഷേ ഈ പ്രവൃത്തിയിലൂടെ മറ്റു ഭർത്താക്കൻമാരുടെ ജീവിതം താങ്കൾ കഠിനമാക്കിയിരിക്കുന്നു എന്ന് സരസമായി അഭിപ്രായപ്പെട്ടവരുമുണ്ട്. 

എത്രയോ നാളിനുശേഷമാണ് ഇങ്ങനെയൊരു പ്രവൃത്തി കാണേണ്ടിവന്നിരിക്കുന്നത്. ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ എന്നും ചിലർ പ്രതികരിച്ചു. ലോകത്തെ എല്ലാ ഭർത്താക്കൻമാർക്കും താങ്കൾ ഒരു മാതൃകയാവട്ടെ എന്നായിരുന്നു മറ്റു ചില പ്രതികരണങ്ങൾ.