Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആ കാശിന് ഒരു ഐസ്ക്രീം പോലും വാങ്ങിക്കൊടുത്തിട്ടില്ല : കണ്ണീരണിഞ്ഞ് ഒരച്ഛൻ

chippi-father-58

പ്രായത്തേക്കാൾ പക്വതകാട്ടിയാണ് ആ പത്തുവയസ്സുകാരി മലയാളികളുടെ മനസ്സിൽ കയറിപ്പറ്റിയത്. അവൾ ചെയ്ത നന്മയുടെ കഥ പറഞ്ഞപ്പോഴാണ് അച്ഛന്റെ കണ്ണു നിറഞ്ഞത്. മഴവിൽ മനോരമയുടെ തകർപ്പൻ കോമഡിയിൽ പങ്കെടുക്കാനെത്തിയ കൊല്ലം ഓച്ചിറ സ്വദേശി ചിപ്പി എന്ന പത്തുവയസ്സുകാരി മുതിർന്നവരെപ്പോലും അദ്ഭുതപ്പെടുത്തിയതിങ്ങനെ

അഞ്ചാം ക്ലാസിൽ പഠിക്കുന്ന ചിപ്പി നൃത്തം അവതരിപ്പിച്ച നൂറ്റിമുപ്പതാമത്തെ വേദിയായിരുന്നു തകർപ്പൻ കോമഡി. ഇന്നുവരെ പരിപാടി അവതരിപ്പിച്ച വേദികളിൽ നിന്നെല്ലാം കിട്ടിയ സംഭാവനകളും പാരിതോഷികങ്ങളുമെല്ലാം ആർസിസിയിലെ കാൻസർ രോഗികൾക്കായി നൽകുകയാണ് ഈ പെൺകുട്ടി. നൃത്തം ചെയ്യാൻ തുടങ്ങിയ നാൾ മുതൽ കിട്ടുന്ന നോട്ടുമാലകളും ചില്ലറത്തുട്ടുകളും അവൾ സൂക്ഷിച്ചുവയ്ക്കുമായിരുന്നു. അങ്ങനെയിരിക്കെയാണ് ഒരു ദിവസം സ്കൂളിൽ നിന്ന് മടങ്ങിയെത്തിയ അവൾ അച്ഛനമ്മമാരോട് ആ ആവശ്യം പറഞ്ഞത്.

സ്കൂളിലെ പാവപ്പെട്ട കുട്ടികളെ സഹായിക്കാൻ സംഭാവന കൊണ്ടുവരണമെന്ന് അധ്യാപകർ പറഞ്ഞിട്ടുണ്ടെന്നും അതിലേക്ക് നൽകാൻ താൻ ഇത്രയും നാൾ നൃത്തത്തിലൂടെ സ്വരുക്കൂട്ടിയ പണം എടുത്തോട്ടെയെന്നും അവൾ അവരോട് ചോദിച്ചു.അങ്ങനെ കുടുംബത്തിന്റെ അനുവാദത്തോടെ അവൾ ആ പണം നൽകി. പിന്നീടൊരിക്കൽ ടിവിയിൽ ആർസിസിയെക്കുറിച്ചുള്ള വാർത്ത കണ്ടതിനുശേഷമാണ് അവരെ സഹായിക്കാനായി തന്നാലാവുന്നതെന്തെങ്കിലും ചെയ്യണമെന്ന് അവൾക്ക് തോന്നിയത്.

അങ്ങനെയാണ് പിന്നീടുള്ള നൃത്തവേദികളിൽ നിന്ന് ലഭിച്ച പണം ആർസിസിയിലേക്ക് നൽകാൻ തുടങ്ങിയത്. സ്വന്തം നൃത്തത്തിലൂടെ മകൾ സമ്പാദിക്കുന്ന പണത്തിൽ നിന്ന് ഒരു ഐസ്ക്രീം പോലും മകൾക്കു വാങ്ങിക്കൊടുത്തിട്ടില്ല എന്നാണ് വേദിയിൽവച്ച് നിറകണ്ണുകളോടെ ആ അച്ഛൻ പറഞ്ഞത്. സദസ്സിലുള്ളവർ മുഴുവൻ എഴുന്നേറ്റു നിന്നാണ് പെൺകുട്ടിയുടെ നല്ല മനസ്സിനെ അഭിനന്ദിച്ചത്.