Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒന്നനങ്ങാനാകില്ല, മിണ്ടാന്‍ പോലും പറ്റില്ല; പക്ഷേ താരക്കുട്ടിയ്‌ക്കൊപ്പം എപ്പോഴുമുണ്ട് അമ്മ! (വിഡിയോ)

tara-with-mother-02

'എന്റെ അമ്മയുണ്ടല്ലോ, ലോകത്തില്‍ വച്ചേറ്റവും നല്ല അമ്മയാണ്. എന്നെ ഒരുപാടിഷ്ടമാണ് അമ്മയ്ക്ക്. എനിക്കും ജീവനാണ്. അമ്മ എനിക്ക് കുറേ കഥകള്‍ പറഞ്ഞു തരും, പാഠങ്ങള്‍ പഠിപ്പിക്കും. എന്റെ ഏറ്റവും അടുത്ത കൂട്ടുകാരിയും അമ്മയാണ്...' അമ്മയെപ്പറ്റി എഴുതിയ കുറിപ്പ് താരയെന്ന കുട്ടി അങ്ങനെ വായിച്ചു പോവുകയാണ്. സ്‌കൂളില്‍ പോകുമ്പോള്‍ ബാഗൊരുക്കിക്കൊടുത്ത്, മഴവരും കുടയെടുക്കണമെന്ന് ഓര്‍മിപ്പിക്കുന്ന അമ്മയാണു താരയുടേത്. എന്നാല്‍ കുറിപ്പ് വായിച്ചു പോകവേ അവളുടെ ശബ്ദം പതിയെ താഴ്ന്നു.

'അമ്മയ്ക്കിപ്പോള്‍ എന്തോ വയ്യായ്കയാണ്. എന്നോടൊന്നു മിണ്ടാന്‍ പോലും പറ്റുന്നില്ല. പക്ഷേ എന്നിട്ടും അമ്മയെനിക്ക് കഥകള്‍ പറഞ്ഞു തരുന്നുണ്ട്. ഒരു ഹെക്‌സഗണിന് എത്ര വശങ്ങളുണ്ടെന്നു പറഞ്ഞു തരുന്നുണ്ട്. എനിക്കും അച്ഛനും എങ്ങനെയാണു ഹല്‍വ ഉണ്ടാക്കുന്നതെന്നു പോലും പറഞ്ഞു തരും. കാര്‍ട്ടൂണ്‍ കാണും മുന്‍പ് ഞാനിപ്പോഴും അമ്മയോട് അനുവാദം ചോദിക്കും. ഉറങ്ങും മുന്‍പ് ഗുഡ് നൈറ്റ് പറഞ്ഞ് തൊട്ടടുത്തു തന്നെ അമ്മയുണ്ട്. അങ്ങനെ ഞാന്‍ പോകുന്നിടത്തെല്ലാം അമ്മയുടെ ശബ്ദവും കൂടെ വരും...'

താര എല്ലാം വായിച്ചു നിര്‍ത്തുമ്പോള്‍ അവളൊരു ആശുപത്രിമുറിയിലാണ്. മുന്നില്‍ അനങ്ങാന്‍ പോലുമാകാതെ അവളുടെ അമ്മ. സ്‌കൂളില്‍ അവള്‍ വായിച്ച കുറിപ്പു കേട്ട് അമ്മയുടെ കണ്ണുകള്‍ നിറഞ്ഞു തൂവുന്നുണ്ടായിരുന്നു. ഒരുപക്ഷേ തൊട്ടടുത്ത നിമിഷം ക്രെഡിറ്റ് ടൈറ്റില്‍ തെളിയുമ്പോള്‍ മാത്രമായിരിക്കും അതൊരു പരസ്യമായിരുന്നെന്നു പോലും പലര്‍ക്കും മനസ്സിലാകുക. അത്രയേറെ ഹൃദ്യമായാണ് സാംസങ് തങ്ങളുടെ ബിക്‌സ്ബി വോയിസ് അസിസ്റ്റന്റിന്റെ പരസ്യമൊരുക്കിയിരിക്കുന്നത്. 

കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് സാംസങ് ബിക്‌സ്ബിയെ അവതരിപ്പിച്ചത്. ഹലോ ബിക്‌സ്ബി എന്നു പറഞ്ഞാല്‍ സാംസങ് മൊബൈലില്‍ ആക്ടിവേറ്റായി പിന്നീട് നാമെന്തു പറഞ്ഞാലും അതിന് ഉത്തരം നല്‍കുന്നതാണ് ഈ വോയിസ് അസിസ്റ്റന്റ്. എന്നാല്‍ ഇന്ത്യയില്‍ ഇതിന്റെ വേറിട്ട മാതൃക അവതരിപ്പിച്ചാണ് സാംസങ് കയ്യടി നേടിയത്. മോട്ടോര്‍ ന്യൂറോണ്‍ ഡിസീസ് (എംഎന്‍ഡി)/എഎല്‍എസ് ബാധിച്ചവര്‍ക്കായി പ്രത്യേകം തയാറാക്കിയ ബിക്‌സ്ബി വോയിസ് അസിസ്റ്റന്റായിരുന്നു അത്. 

ശരീരത്തില്‍ പതിയെപ്പതിയെ ശക്തമാകുന്ന രോഗമാണിത്. മസ്തിഷ്‌കത്തിലും നട്ടെല്ലിലുമുള്ള മോട്ടോര്‍ ന്യൂറോണുകള്‍ അഥവാ നാഡികളെയാണ് ഇതാദ്യം ബാധിക്കുക. അതോടെ മസ്തിഷ്‌കത്തില്‍ നിന്നു പേശികളിലേക്കു സന്ദേശമെത്തുന്നത് പതിയെ നിലയ്ക്കും. അങ്ങനെ സംസാരിക്കാനും ശരീരഭാഗങ്ങള്‍ ചലിപ്പിക്കാനുള്ള കഴിവും പൂര്‍ണമായും നഷ്ടമാകും. ഇന്ത്യയില്‍ അരലക്ഷത്തിലേറെ പേരെങ്കിലും ഈ രോഗാവസ്ഥയുടെ വകഭേദങ്ങളാല്‍ കിടപ്പിലായിട്ടുണ്ട്. ഇത്തരക്കാര്‍ക്കു വേണ്ടിയാണ് സാംസങ് ബിക്‌സ്ബിയുടെ പ്രത്യേക വേര്‍ഷന്‍ ഒരുക്കിയത്. 

ആഷ ഏക് ഹോപ് എന്ന എന്‍ജിഒയുമായി ചേര്‍ന്നായിരുന്നു സാംസങ്ങിന്റെ പ്രവര്‍ത്തനം. ഇന്ത്യയില്‍ എംഎന്‍ഡി ബാധിച്ചവര്‍ക്കായുള്ള ആദ്യത്തെ അംഗീകൃത എന്‍ജിഒ ആണിത്. എംഎന്‍ഡി ബാധിച്ചവരുടെ ആവശ്യങ്ങള്‍ അറിയുകയായിരുന്നു പ്രോജക്ടിന്റെ ആദ്യപടി. പിന്നീട് അവരുടെ ശബ്ദം റെക്കോര്‍ഡ് ചെയ്യും. പരസ്യത്തിനു വേണ്ടി മഹാരാഷ്ട്രയിലെ സോണല്‍ (പേര് യഥാര്‍ഥത്തിലുള്ളതല്ല) എന്ന വീട്ടമ്മയുടെ ശബ്ദമാണെടുത്തത്. അവരുടെ ശബ്ദം നഷ്ടമാകും മുന്‍പേയായിരുന്നു റെക്കോര്‍ഡിങ്. 

പിന്നീട് അത് ബിക്‌സ്ബിയുടെ പ്രത്യേക സാങ്കേതിക സംവിധാനങ്ങളാല്‍ സിന്തസൈസ് ചെയ്ത് വോയിസ് അസിസ്റ്റന്റിന്റെ ശബ്ദം തന്നെ പൂര്‍ണമായും സോണലിന്റേതാക്കി മാറ്റി. താര എന്തു ചോദിച്ചാലും ബിക്‌സ്ബിയുടെ പക്കല്‍ ഉത്തരമുണ്ട്. എന്നാല്‍ താരക്കുട്ടി അതു കേള്‍ക്കുക അമ്മയുടെ ശബ്ദത്തിലായിരിക്കുമെന്നു മാത്രം. ഹായ് ബിക്‌സ്ബി എന്നതിനു പകരം 'ഹായ് മോം' എന്നു താര പറഞ്ഞാല്‍ സാംസങ് ഫോണില്‍ ബിക്‌സ്ബി ആക്ടിവേറ്റാവുകയും ചെയ്യും. 

ഒരാള്‍ ലോകത്തില്‍ നിന്നു യാത്ര പറഞ്ഞു പോയാലും അവരുടെ ശബ്ദം എന്നും പ്രിയപ്പെട്ടവര്‍ക്കൊപ്പമുണ്ടാകുമെന്ന സന്ദേശവും സാംസങ് മുന്നോട്ടുവയ്ക്കുന്നു. ഇതാദ്യമായാണ് ഇത്തരമൊരു പദ്ധതി സംസങ് നടപ്പാക്കുന്നത്. പദ്ധതിയുടെ പ്രചാരത്തിന്റെ ഭാഗമായി തയാറാക്കിയ പരസ്യത്തിനും പതിവു പോലെ വന്‍ വരവേല്‍പാണു ലഭിച്ചത്. സെപ്റ്റംബര്‍ 12നു യൂട്യൂബില്‍ അപ്‌ലോഡ് ചെയ്ത വിഡിയോ ഇതിനോടകം 3.1 കോടിയിലേറെപ്പേര്‍ കണ്ടു കഴിഞ്ഞു. We will take care of you, wherever you are... എന്ന ടാഗ്‌ലൈനുമായി സാംസങ് 2016 ഡിസംബറിലിറങ്ങിയ മറ്റൊരു പരസ്യചിത്രം ഇതിനിടെ കണ്ടത് 20 കോടിയിലേറെപ്പേരാണ്!