Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആറുമാസം വരെ അതു മറച്ചു വയ്ക്കാൻ ഞാൻ ശ്രമിച്ചു, ഭയന്നിട്ടാണ് അങ്ങനെ ചെയ്തത്: നേഹ ധൂപിയ

neha-with-husband

അടുത്തിടെയായി പാപ്പരാസികൾ വിടാതെ പിന്തുടരുന്ന ഒരു താരമാണ് നേഹ ധൂപിയ. പെട്ടന്നുള്ള നേഹയുടെ വിവാഹമാണ് ബിടൗണിൽ ചർച്ചയായത്. വിവാഹത്തിന് മുൻപ് ഗർഭിണിയായതിനാലാണ് നേഹയും കുടുംബവും വിവാഹം രഹസ്യമാക്കി നടത്തിയത് എന്ന തരത്തിൽ വരെ വാർത്തകൾ പരന്നു. മകളെക്കുറിച്ച് പ്രചരിക്കുന്ന വാർത്തയുടെ സത്യാവസ്ഥയെക്കുറിച്ച് വിശദീകരിക്കാൻ ഒടുവിൽ നേഹയുടെ പിതാവ് തന്നെ രംഗത്തു വന്നു.

അംഗദും നേഹയും തമ്മിൽ പ്രണയത്തിലായിരുന്നുവെന്നും കുടുംബാംഗങ്ങളുടെ ആശിർവാദത്തോടെയാണ് ഇരുവരും വിവാഹിതരായതെന്നും കുടുംബാംഗങ്ങൾ വ്യക്തമാക്കി. ഗർഭിണിയായ നേഹയെ ചേർത്തു പിടിച്ചു നിൽക്കുന്ന ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചുകൊണ്ടാണ് അംഗദ് ചില ഗോസിപ്പുകളോട് പ്രതികരിച്ചത്.

ആറുമാസം വരെ ഗർഭം മറച്ചുവച്ചതിനെക്കുറിച്ചുള്ള പ്രതികരണവുമായി ഇപ്പോഴിതാ നേഹയും രംഗത്തു വന്നിരിക്കുകയാണ്. ഗർഭിണിയാണെന്ന വാർത്ത മറച്ചു വച്ചതിനു പിന്നിൽ ഒരു കാരണമുണ്ടെന്നു പറഞ്ഞുകൊണ്ടാണ് നേഹ ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ അക്കാര്യം തുറന്നു പറഞ്ഞത്. '' ഗർഭിണിയാണെന്ന വാർത്ത പുറത്തറിഞ്ഞാൽ സിനിമയിൽ തന്റെ അവസരങ്ങൾ കുറയുമോയെന്ന് താൻ ഭയപ്പെട്ടിരുന്നതായും അതിനാലാണ് വയർ പ്രകടമാകുന്നതുവരെ ആ വാർത്ത രഹസ്യമായി സൂക്ഷിച്ചതെന്നും താരം പറയുന്നു. വലുപ്പംവച്ചു വരുന്ന വയർ വസ്ത്രങ്ങൾ കൊണ്ടു മറച്ചു പിടിച്ചാണ് ആറുമാസം വരെ ജീവിച്ചതെന്നും ഗർഭിണിയാണെന്ന് ആരെങ്കിലും തിരിച്ചറിഞ്ഞാൽ ഇനി സിനിമകളിൽ അഭിനയിക്കുന്നതിന് താൻ അർഹയല്ലെന്ന് ആരെങ്കിലും വിധിയെഴുതുമോയെന്നു ഭയന്നിരുന്നുവെന്നും നേഹ പറയുന്നു. 

പുതിയ അതിഥിയെ കാത്തിരിക്കുന്ന സന്തോഷത്തിലാണ് കുടുംബാംഗങ്ങളെന്നും അംഗദ് നല്ലൊരു അച്ഛനാണെന്ന കാര്യത്തിൽ തനിക്ക് സംശയമില്ലെന്നും നേഹ പറയുന്നു.  അടുത്തിടെ നടന്ന ലാക്മേ ഫാഷൻവീക്കിൽ ഗർഭിണിയായ നേഹയും അംഗദും ഒരുമിച്ചാണ് റാംപിൽ ചുവടുവച്ചത്. ഗർഭാവസ്ഥയിൽ വെറുതെ വീട്ടിലിരിക്കരുതെന്ന ട്രെൻഡ് സെറ്റ് ചെയ്യാനാണോ ഫാഷൻ വീക്കിൽ പങ്കെടുത്തതെന്ന ചോദ്യം അന്ന് താരത്തിന് നേരിടേണ്ടി വന്നിരുന്നു. ''എനിക്കൊരു ട്രെൻഡും സെറ്റ് ചെയ്യാനുള്ള ഉദ്ദേശമില്ല, അങ്ങനെയൊന്നിലും പങ്കെടുക്കാൻ താൽപര്യവുമില്ല, എന്റെ ഉദ്ദേശം ഒന്നും സംഭവിച്ചിട്ടില്ലാത്തതുപോലെ ജീവിതം തുടരുക എന്നതാണ്.''- നേഹ പറഞ്ഞു.