Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'ഇതാണെന്റെ അച്ഛൻ'; മിസ് കേരളവേദിയിൽ കണ്ണു നിറഞ്ഞ് ഒരച്ഛൻ

vibitha-01

ഒരു അച്ഛനെന്ന നിലയിൽ കണ്ണും മനസ്സും നിറച്ചാണ് പാലക്കാട്ടുകാരനായ ആ ഓട്ടോ ഡ്രൈവർ മിസ് കേരള മൽസര വേദിയിൽ മകളോടൊപ്പം നിന്നത്. മകളുടെ സ്വപ്നത്തിന് കൂട്ടുനിന്ന് അവളെ ആത്മവിശ്വാസത്തോടെ വളർത്തിയ അച്ഛനെ വേദിയിലേക്ക് വിളിച്ചത് വിധികർത്താക്കൾ തന്നെയായിരുന്നു. മിസ് കേരള മൽസരത്തിൽ ഫസ്റ്റ് റണ്ണറപ്പ് കിരീടം ചൂടിയത് പാലക്കാട് സ്വദേശിയായ വിബിത വിജയനാണ്. തന്റെ സ്വപ്നത്തിന് കൂട്ടു നിന്ന അച്ഛനെക്കുറിച്ചും കുടുംബത്തെക്കുറിച്ചും വിബിത പറഞ്ഞപ്പോൾ അവരെക്കൂടി വേദിയിലേക്ക് ക്ഷണിച്ചത് വിധികർത്താക്കളാണ്.

പാലക്കാട് ചിറക്കാട്ട് ഓട്ടോ ഡ്രൈവറാണ് വിബിതയുടെ അച്ഛന്‍ വിജയന്‍. ഒരുപാട് കഷ്ടപ്പെട്ടാണ് വിബിതയുള്‍പ്പെടെയുള്ള മൂന്ന് മക്കളെയും വിജയന്‍ വളര്‍ത്തിയത്. മക്കളുടെ ഒരാഗ്രഹവും നടക്കാതെ പോകരുതെന്ന് വാശി പിടിച്ച ഒരച്ഛന്‍. സ്വപ്‌നം കാണാന്‍ പഠിപ്പിച്ചതും പറന്നുയരാന്‍ കൊതിപ്പിച്ചതും വിജയനാണ്.  സ്‌കൂളില്‍ പഠിക്കുമ്പോള്‍ ഫീസ് നല്‍കാന്‍ പണമില്ലാഞ്ഞതിനെ തുടര്‍ന്ന് വിബിത ഒരു വര്‍ഷം പഠിക്കാന്‍ പോയില്ല. എങ്കിലും കൂടുതല്‍ സമയം ജോലി ചെയ്ത് ഇതിനെല്ലാമുള്ള വരുമാനം വിജയന്‍ കണ്ടെത്തി. മൂന്ന് മക്കളെയും മാന്യമായി പഠിപ്പിച്ചു. വിബിത ഇപ്പോള്‍ ഈറോഡ് സിന്‍ഡിക്കേറ്റ് ബാങ്കില്‍ ഉദ്യോഗസ്ഥയാണ്. സഹോദരന്‍ എയര്‍ഫോഴ്‌സിലാണ്. അനുജത്തി പഠിക്കുകയാണ്. 

മിസ് കേരള മത്സരത്തിനെത്തിയപ്പോള്‍ എല്ലാവരും നല്ല പ്രൊഫൈലുകളുള്ള മത്സരാര്‍ഥികളായിരുന്നു. വേണ്ട, മടങ്ങാമെന്ന് വിബിത പറഞ്ഞപ്പോഴും വിജയന്‍ പിന്മാറിയില്ല. ആ ആത്മവിശ്വാസമാണ് വിബിതയെ മത്സരിപ്പിച്ചത്. വിജയ കിരീടം ചൂടിയ നിമിഷങ്ങളില്‍ അച്ഛനെക്കുറിച്ച് അഭിമാനത്തോടെ വിബിത പറഞ്ഞ വാക്കുകള്‍ കേട്ടാണ് അവതാരകര്‍ വിജയനെയും കുടുംബത്തെയും വേദിയിലേക്ക് വിളിച്ചത്. നിറഞ്ഞ ചിരിയോട് വിബിത സദസ്സിലുള്ളവര്‍ക്ക് ചൂണ്ടിക്കാട്ടി. ഇതാണെന്റെ അച്ഛന്‍. മകളെ ചേര്‍ത്തുപിടിച്ചുള്ള വിതുമ്പലായിരുന്നു വിജയന്റെ മറുപടി. 

അച്ഛനും അമ്മയും സഹോദരനും മിസ് കേരള വേദിയില്‍ അഭിനന്ദിക്കാനെത്തിയ ചിത്രങ്ങള്‍ സഹിതം വിബിതയിട്ട ഫെയ്സ്ബുക്ക് പോസ്റ്റുകളും ഇതിനോടകം ശ്രദ്ധയാകര്‍ഷിച്ചുകഴിഞ്ഞു. സഹോദരനെക്കുറിച്ചും വിബിതയ്ക്ക് വാനോളം പറയാനുണ്ട്. അനിയത്തിയുടെ സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കാന്‍ സ്വന്തം കാര്യങ്ങള്‍ മാറ്റിവച്ച സഹോദരനെന്ന അടിക്കുറിപ്പുമായാണ് സഹോദരനെ ചേര്‍ത്തുപിടിക്കുന്ന ചിത്രം വിബിത ഫെയ്സ്ബുക്കില്‍ പങ്കുവച്ചത്.