Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഐശ്വര്യ നിന്നേക്കാൾ നന്നായിരുന്നു: അഭിഷേകിനോട് ബിഗ്ബി

aishwarya-55

ജീവിതത്തിൽ മറക്കാനാകാത്ത ഒരു അഭിനന്ദനത്തെക്കുറിച്ച് പറയാമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ബോളിവുഡ് നടൻ അഭിഷേക് ബച്ചൻ നൽകിയ ഉത്തരമാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്. വർഷങ്ങൾക്കു മുമ്പു നടന്ന സംഭവത്തെക്കുറിച്ച് അഭിഷേക് പറഞ്ഞതിങ്ങനെ :-

മണിരത്നം ചിത്രമായ രാവണിന്റെ ട്രെയിലർ പുറത്തു വന്നപ്പോൾ  ലഭിച്ച അഭിനന്ദനങ്ങളിൽ മനസ്സു നിറഞ്ഞിരുന്ന എന്റെ അടുത്തു വന്ന അച്ഛൻ ( അമിതാബ് ബച്ചൻ) ഞാൻ നന്നായി ചെയ്തു എന്നു പറഞ്ഞ് തോളിൽത്തട്ടി എന്നെ അഭിനന്ദിച്ചു. ഐശ്വര്യ നിന്നേക്കാൾ നന്നായി എന്നു പറയുകയും ചെയ്തു. 'യഥാർഥ ജീവിതത്തിൽ ഞാനും ഐശ്വര്യയും ഭാര്യാ ഭർത്താക്കന്മാരാണ്. പക്ഷേ ഒരു ചിത്രത്തിൽ അഭിനയിക്കാനവസരം കിട്ടുമ്പോൾ ഒരു ഹോളിഡേ മൂഡിലല്ല ഞങ്ങൾ ലൊക്കേഷനിലേക്ക് പോകുന്നത്. ഡയറക്ടറിനെയും സ്ക്രിപ്റ്റിനെയും കഥാപാത്രങ്ങളെയും വിശ്വസിച്ചാണ് ഓരോ ചിത്രങ്ങൾക്കായി തയാറെടുക്കുന്നത്. അഭിനയിക്കാൻ അവസരം കിട്ടുമ്പോൾ ഇത്തരം കാര്യങ്ങളാണ് ആദ്യം മനസ്സിലേക്കെത്തുന്നത് അല്ലാതെ സിനിമയിൽ എന്റെ ജോഡിയായി ആരു വരുന്നു എന്നല്ല'.– അഭിഷേക് പറയുന്നു

അഭിനയിത്തിൽ ഐശ്വര്യയോട് മൽസരിക്കാനുണ്ടോ എന്ന ചോദ്യത്തിനും അഭിഷേകിന് കൃത്യമായ മറുപടിയുണ്ട്. ''ഒരിക്കലുമില്ല. ഭാര്യയുമായി ഒരിക്കലും മൽസരിക്കില്ല. ഫിലിം ഇൻഡസ്ട്രിയിലെ ഏറ്റവും നല്ല അഭിനേതാക്കളിൽ ഒരാളാണ് ഐശ്വര്യ. അവളുടെ ജോലിയിൽ നിന്നു തന്നെ അതു വ്യക്തവുമാണ്. ആരുമായും ഒരു മൽസരത്തിനും ഞാനില്ല. ഞാൻ എന്നോടു തന്നെയാണ് മൽസരിക്കുന്നത്''. ഓരോ പ്രകടനവും മെച്ചപ്പെടുത്തുക എന്നതാണ് എന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനമായ കാര്യം. ഏറ്റവും അവസാനം ചെയ്ത ഒരു പ്രകടനത്തിൽ നിന്ന് അൽപ്പം പോലും മെച്ചപ്പെടാനായില്ല എങ്കിൽ നിങ്ങൾക്കൊരിക്കലുമൊരു നല്ല അഭിനേതാവാകാൻ അർഹതയില്ല എന്നാണ് ഞാൻ ചിന്തിക്കുന്നത്. അതുകൊണ്ടു തന്നെ മറ്റുള്ളവരോട് മൽസരിക്കാനല്ല സ്വയം എന്നെത്തന്നെ മെച്ചപ്പെടുത്താനാണ് ഞാൻ ശ്രമിക്കുന്നത്.''- അഭിഷേക് പറയുന്നു.

ഒരു കഥാപാത്രം ചെയ്യുമ്പോൾ ഇത് എനിക്കും എന്റെ തൊഴിലിനുമൊക്കെ ഗുണം ചെയ്യുമോ എന്ന് ഞാനൊരിക്കലും ചിന്തിക്കാറില്ല. അങ്ങനെ ചിന്തിക്കുന്നവരെക്കുറിച്ചോർക്കുമ്പോൾ സങ്കടമുണ്ട്. മണിരത്നം എന്ന സംവിധായകൻ ഒരു ചിത്രത്തിനായി സമീപിക്കുമ്പോൾ ആർക്കും നോ പറയാനാവില്ല. ഇൻഡസ്ട്രിയിലെ ഏറ്റവും മികച്ച ഡയറക്ടർമാരിലൊരാളാണ് അദ്ദേഹം. അദ്ദേഹത്തോട് നോ പറയുന്നവർ വിഡ്ഢികളാണ്.

മണിരത്നം ചിത്രത്തിൽ ഒരുമരമായി അഭിനയിക്കാൻ അവസരം ലഭിച്ചാലും ഞാൻ പോകും. കാരണം ഒരു സുഹൃത്തെന്ന നിലയിൽ എനിക്കദ്ദേഹം അത്രത്തോളം പ്രിയപ്പെട്ട ഒരാളാണ്. വളരെ വൈകാരികമായി ജോലിയെ സമീപിക്കുന്ന ഒരാളാണ് ഞാൻ. മനസ്സു പറയുന്ന കാര്യങ്ങൾ മാത്രമേ എനിക്കു ചെയ്യാൻ കഴിയൂ. ഇത് നിനക്കു പറ്റിയജോലിയല്ല എന്നു മനസ്സു പറഞ്ഞാൽ എനിക്കതിനോട് പൂർണ്ണമായി സത്യസന്ധത പുലർത്താനാവില്ല.

ഐശ്വര്യയ്ക്കൊപ്പം അഭിനയിക്കുമ്പോൾ എന്റെ കഥാപാത്രത്തെക്കുറിച്ചു മാത്രമാണ് ഞാൻ ചിന്തിക്കുക. അല്ലാതെ എന്റെ ഭാര്യയ്ക്കൊപ്പമാണ് അഭിനയിക്കുന്നത് എന്ന ചിന്ത അപ്പോൾ മനസ്സിലേക്കു വരാറില്ല. വിവാഹ ശേഷം അഭിനയിച്ച സർക്കാർ രാജയിൽ അഭിനയിച്ചത് ആ ചിന്ത മനസ്സിൽ വച്ചാണ്.