Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സാനിയ മിർസ അമ്മയായി; സന്തോഷം പങ്കുവച്ച് കുടുംബം

sania-01

കാത്തിരിപ്പിനൊടുവിൽ കുഞ്ഞു പിറന്നതിന്റെ സന്തോഷം പങ്കുവച്ച് കുടുംബം. ടെന്നീസ് താരം സാനിയ മിർസയ്ക്കും പാക്ക് ക്രിക്കറ്റ് താരം ഷുഐബ് മാലിക്കിനും ആൺകുഞ്ഞു പിറന്ന വിവരം ആരാധകരെ അറിയിച്ചത് ഷുഐബിന്റെ  മാനേജർ അമീനാണ്.

സാനിയ അമ്മയായ വിവരം ആദ്യം പങ്കുവച്ചത് ഫിലിംമെയ്ക്കർ ഫറാഖാനാണ്. അതിസുന്ദരമായ ഒരു ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് താരം സന്തോഷവാർത്ത പങ്കുവച്ചത്. 2010 ൽ ആണ് ഷുഐബും സാനിയയും വിവാഹിതരായത്. കഴിഞ്ഞ ഏപ്രിലിലാണ് കുഞ്ഞതിഥിക്കായി കാത്തിരിക്കുകയാണെന്ന വാർത്ത താരം സ്ഥിരീകരിച്ചത്.

മകൻ പിറന്ന അഭിമാന നിമിഷത്തെക്കുറിച്ച് ഷുഐബ് മാലിക് ട്വിറ്ററിൽ കുറിച്ചതിങ്ങനെ :- ''അതൊരു ആൺകുട്ടിയാണ്. എപ്പോഴത്തെയും പോലെ എന്റെ പെൺകുട്ടിയും ധൈര്യവതിയായി  സുഖമായിരിക്കുന്നു. എല്ലാവരുടെയും പ്രാർഥനയ്ക്കും പിന്തുണയ്ക്കും വിനയാന്വിതനായി നന്ദി പറയുന്നു''.

32കാരിയായ ടെന്നീസ് താരറാണി ആറ് ഗ്രാൻസ്ലാം ഉൾപ്പടെയുള്ള പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. ഗർഭിണിയായതോടെ കളിക്കളത്തിൽ നിന്ന് വിട്ടു നിന്ന സാനിയ ജീവിതത്തിലെ ഓരോ ചെറിയ ആഘോഷങ്ങളുടെയും ചിത്രങ്ങളും വിശേഷങ്ങളും സമൂഹമാധ്യമങ്ങളിലൂടെ ആരാധകർക്കായി പങ്കുവയ്ക്കാറുണ്ടായിരുന്നു. ഭർത്താവിനൊപ്പം ബേബിഷവർ ആഷോഷിക്കുന്നതിന്റെ ചിത്രങ്ങൾ പുറത്തു വന്നപ്പോൾ ആഘോഷവേളയിലെ സാനിയയുടെ വസ്ത്രധാരണത്തെ വിമർശിച്ച് ചിലർ മോശം കമന്റുകളിട്ടിരുന്നു. അധികം വൈകാതെ തന്നെ തന്റെ വിമർശിച്ചവരുടെ വായടപ്പിക്കുന്ന മറുപടി സമൂഹമാധ്യമങ്ങളിലൂടെത്തന്നെ സാനിയ നൽകുകയും ചെയ്തിരുന്നു. 2020 ൽ നടക്കുന്ന ടോക്യോ ഒളിംപിക്സിലൂടെ താരം കായികലോകത്തേക്കു മടങ്ങി വരുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

സാനിയയ്ക്കും ഷുഐബിനും ആൺകുഞ്ഞു പിറന്നു എന്ന തരത്തിലുള്ള വാർത്തകൾ ആഴ്ചകൾക്കു മുൻപേ പ്രചരിച്ചിരുന്നു. എന്നാൽ വ്യാജവാർത്തക്കെതിരെ രംഗത്തു വന്ന ഷുഐബ് അന്നു പറഞ്ഞതിങ്ങനെ :'' കുഞ്ഞു ജനിക്കുമ്പോൾ ഔദ്യോഗികമായിത്തന്നെ ആ വാർത്ത നിങ്ങളെ അറിയിക്കാം. അതുവരെ ദയവു  ചെയ്ത് നിങ്ങളുടെ പ്രാർഥനകളിൽ ഞങ്ങളെ ഓർക്കുക.  ദയവുചെയ്ത് ഇന്റർനെറ്റിൽ കാണുന്നതും കേൾക്കുന്നതുമായ എല്ലാക്കാര്യങ്ങും വിശ്വസിക്കാതിരിക്കുക.''