Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആ അപ്പൂപ്പനെക്കുറിച്ചുള്ള സത്യം വെളിപ്പെടുത്തി പഠിപ്പിസ്റ്റ് അമ്മൂമ്മ

karthayani-01

പരീക്ഷാഹാളിൽ വച്ച് കാര്‍ത്യായനി അമ്മൂമ്മയുടെ പേപ്പറിലേക്ക് പാളിനോക്കിയ അപ്പൂപ്പൻ ആരാണ്?. സാക്ഷരതാ  മിഷൻ നടത്തിയ പരീക്ഷയിൽ ഒന്നാം റാങ്ക് നേടി താരമായ കാർത്യായനി മുത്തശ്ശി തന്നെ ആ ചോദ്യത്തിന് മറുപടിയും പറഞ്ഞു. അത് അപ്പൂപ്പനൊന്നുമല്ല എന്റെ മരുമോനാണ് എന്നായിരുന്നു അമ്മൂമ്മ പറഞ്ഞത്.

മലയാള മനോരമ പത്രത്തിൽ വന്ന അതിസുന്ദരമായ ഒരു ചിത്രത്തിലൂടെയാണ് കാർത്ത്യായനി അമ്മൂമ്മയെയും പരീക്ഷാ ഹാളിൽ അമ്മൂമ്മയുടെ പേപ്പറിലേക്ക് പാളി നോക്കുന്ന അപ്പൂപ്പനെയും മലയാളികൾ നെഞ്ചേറ്റിയത്. പരീക്ഷയിൽ 98 മാർക്ക് നേടി ഒന്നാം റാങ്ക് സ്വന്തമാക്കിയ അമ്മൂമ്മ വീണ്ടും വർത്തകളിൽ നിറ‍ഞ്ഞപ്പോൾ പരീക്ഷാ ദിനത്തിൽ അമ്മൂമ്മയുടെ പേപ്പറിൽ നോക്കി കോപ്പിയടിച്ച അപ്പൂപ്പനെക്കുറിച്ചറിയാനായിരുന്നു എല്ലാവർക്കും തിടുക്കം. 

ഹരിപ്പാട് സ്വദേശിയായ രാമചന്ദ്രൻപിള്ള എന്നയാളായിരുന്നു അന്ന് അമ്മൂമ്മയ്ക്കരികിലിരുന്നതെന്നും പരീക്ഷയ്ക്ക് അദ്ദേഹം 88 മാർക്ക് നേടിയെന്നും പിന്നീട് വാർത്തകൾ വന്നു. പരീക്ഷാ ദിനത്തിൽ ഒപ്പമിരുന്ന അപ്പൂപ്പനെക്കുറിച്ച് ചോദിച്ചപ്പോഴാണ് അമ്മൂമ്മ ആ സസ്പെൻസ് പൊളിച്ചത്. അത് അപ്പൂപ്പനല്ലെന്നും തന്റെ മരുമകനാണെന്നുമായിരുന്നു കാർത്യായനിയമ്മയുടെ മറുപടി.

കാർത്യായനിയമ്മയുടെ സഹോദരിപുത്രിയുടെ ഭർത്താവാണ് രാമചന്ദ്രൻ. പഠനത്തോടുള്ള ഇഷ്ടം ഇവരുവരെയും ക്ലാസ്മേറ്റ്സാക്കി. സോഷ്യൽ ലോകം അവരെ പിന്നെ പഠിപ്പിയും ഉഴപ്പനുമാക്കി. ഇപ്പോഴിതാ ആ ബന്ധവും വെളിച്ചത്തായി. അപ്പോൾ കള്ളൻ കപ്പലിൽ തന്നെയാണല്ലേ.. എന്ന തലക്കെട്ടോടെ ഇൗ വിഡിയോ മലയാളി ഷെയർ ചെയ്യുകയാണ്.

സാക്ഷരതാ മിഷൻ നടത്തിയ നാലാംക്ലാസ് തുല്യത പരീക്ഷയിലാണ് ഇരുവരുടെയും മിന്നും ജയം. പരീക്ഷയില്‍ ഒന്നാംറാങ്ക് നേടിയ തൊണ്ണൂറ്റിയേഴുകാരി കാര്‍ത്യായനിയമ്മയെ അഭിനന്ദിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ വരെ എത്തി. നൂറില്‍ 98 മാര്‍ക്ക് നേടിയ കാര്‍ത്യായനിയമ്മയ്ക്ക് അദ്ദേഹം സര്‍ട്ടിഫിക്കറ്റ് നല്‍കി ആദരിച്ചു. ഇനി പത്താം ക്ലാസ് കൂടി ജയിച്ചിട്ട് കംപ്യൂട്ടര്‍ പഠിക്കണമെന്നാണ് ആഗ്രഹം. സര്‍‌ട്ടിഫിക്കറ്റ് തന്നേക്കട്ടെ എന്ന് സ്നേഹത്തോടെ മുഖ്യമന്ത്രി ചോദിച്ചപ്പോൾ,  തന്നാട്ടേ എന്ന് ഇമ്പമാര്‍ന്ന ഈണത്തിലായിരുന്നു കാര്‍ത്ത്യാനിയമ്മയുടെ മറുപടിയിൽ മുഖ്യമന്ത്രിയും നിലവിട്ട് ചിരിച്ചുപോയി.