Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തിരയിൽ ഒഴുകുന്നത് പാവയാണെന്നു തോന്നി, തിരഞ്ഞുപിടിച്ചത് ജീവനുള്ള കുഞ്ഞിനെ

hut-sue-01

കടൽത്തിരയിൽപ്പെട്ടുപോയ കുഞ്ഞിനെ രക്ഷിക്കാൻ കഴിഞ്ഞ കഥ പങ്കുവയ്ക്കുകയാണ് വൃദ്ധ ദമ്പതികളായ ഗസ്ഹട്ടും ഭാര്യ സ്യൂവും.ന്യൂസിലൻഡിലാണ് സംഭവം. കടൽത്തീരത്ത് മീൻവല പരിശോധിച്ചുകൊണ്ടിരിക്കുമ്പോഴാണ് തിരയിലൂടെ എന്തോ ഒഴുകി വരുന്നത് ഹട്ടിന്റെ ശ്രദ്ധയിൽപ്പെട്ടത്. സാധാരണയായി പാവക്കുട്ടികളും മറ്റും അത്തരത്തിൽ ഒഴുകി വരുന്നതുകൊണ്ട് ആദ്യമൊന്നും അദ്ദേഹം ശ്രദ്ധിച്ചില്ല. പക്ഷേ എന്തോ ഒരുൾവിളിയാൽ അദ്ദേഹം ആ പാവക്കുട്ടിയെ വാരിയെടുത്തു.

അതു കേവലമൊരു പാവക്കുട്ടിയല്ല ജീവനുള്ള കുഞ്ഞാണ് എന്ന്  തിരിച്ചറിഞ്ഞ നിമിഷം അദ്ദേഹം ദൈവത്തെ വിളിച്ചു പോയി. ഏകദേശം 18മാസം പ്രായം തോന്നിക്കുന്ന കുഞ്ഞിൽ ജീവന്റെ തുടിപ്പുകൾ അവശേഷിക്കുന്നതു കണ്ട അദ്ദേഹം അവനെ ആശുപത്രിയിലെത്തിച്ചു. തുടർന്ന് കുഞ്ഞിന്റെ മാതാപിതാക്കൾക്കായി അന്വേഷണം ആരംഭിച്ചു. മർഫി ഹോളിഡേയിലെ ക്യാംപിൽ മാതാപിതാക്കളോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെയാണ് കടൽത്തിരയിൽ കണ്ടെത്തിയതെന്ന് പൊലീസിൽ നിന്നും ഹട്ട് അറിഞ്ഞു. പാതിയുറക്കത്തിൽ ടെന്റിനു പുറത്തു കടന്ന കുഞ്ഞ് നടന്ന് കടൽത്തീരത്തെത്തി കളിച്ചപ്പോൾ തിരയിൽപ്പെട്ടു പോയതാകാമെന്നാണ് പൊലീസിന്റെ നിഗമനം.

ക്യാംപിന്റെ പരിസരങ്ങൾ മുതൽ കടൽത്തീരത്തേക്കുള്ള വഴിവരെ കുഞ്ഞിന്റെ കാൽപ്പാടുകൾ പതിഞ്ഞിരുന്നുവെന്നും അവർ പറയുന്നു. കുഞ്ഞു തിരയിൽപ്പെട്ടുവെന്ന വാർത്ത കേട്ടപ്പോൾ തന്റെ ഹൃദയം നിലച്ചുപോയെന്നാണ് അമ്മ ജെസീക്ക പറഞ്ഞത്. കുഞ്ഞിനെ രക്ഷിച്ചയാൾക്ക് നന്ദി പറഞ്ഞതിനൊപ്പം മറ്റു മാതാപിതാക്കളെ ഒരു കാര്യം ഓർമ്മിപ്പിക്കാനും ജെസീക്ക മറന്നില്ല. വിനോദയാത്രകളിൽ ടെന്റുകളിൽ താമസിക്കുമ്പോൾ ടെന്റുകൾ നന്നായി ലോക്ക് ചെയ്യണം. ഒപ്പം കൊച്ചുകുട്ടികളുണ്ടെങ്കിൽ പ്രത്യേകിച്ചും.