Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തുറന്നു പറച്ചിൽ കുടുംബത്തിന്റെ സൽപ്പേരിനെ ബാധിക്കുമോയെന്ന് ചിന്തിച്ചില്ല: ഷഹീൻഭട്ട്

shaheen-01

ഏറ്റവും ആഴമേറിയ മുറിവിലാണ് ഏറ്റവും വലിയ സത്യത്തെ കാണാനാകുന്നതെന്ന് ഓര്‍മിപ്പിച്ചിട്ടുണ്ട് പ്രശസ്ത ബോളിവുഡ് ചലച്ചിത്രകാരന്‍ മേഹഷ് ഭട്ട്. ഈ വാക്കുകളുടെ മൂല്യം ജീവിതത്തില്‍ ഏറ്റവും നന്നായി മനസ്സിലാക്കായതാകട്ടെ അദ്ദേഹത്തിന്റെ ആരാധകരോ പ്രേക്ഷകരോ അല്ല മറിച്ച് മകള്‍ തന്നെയായ ഷഹീന്‍ ഭട്ട്. ബോളിവുഡ് താരം അലിയ ഭട്ടിന്റെ സഹോദരി. 

രാജ്യത്തിനകത്തും പുറത്തും ആരാധാകരുള്ള, സംവിധായകരും നടീനടന്‍മാരും ജനിച്ച കുടുംബത്തില്‍ത്തന്നെയുള്ളയാളാണ് ഷഹീനും. പക്ഷേ, പ്രശസ്തിക്കും പണത്തിനും പ്രതാപത്തിനും പകരം ആ കുട്ടിയെ കാത്തിരുന്നതു വിഷാദരോഗം. അടുത്തിടെ പുറത്തിറങ്ങിയ ആദ്യപുസ്തകത്തിലൂടെ ഷഹീന്‍ കൗമാരത്തിലും യൗവനത്തിലും താന്‍ കടന്നുപോയ വേദനകളെക്കുറിച്ച് എഴുതി. മരണത്തെ മുഖാമുഖം കണ്ടതിനെക്കുറിച്ച്, ജീവിതം വെറുത്തതിനെക്കുറിച്ച്, ദിവസങ്ങള്‍ നരകമായി പിന്തുടര്‍ന്നതിനെക്കുറിച്ച്. ഒരു ദശകത്തോളം കാര്‍ന്നുതിന്ന മാനസിക വിഷമങ്ങളെ കുടുംബത്തിന്റെ പിന്തുണയിലും സഹകരണത്തിലും മറികടന്ന് രക്ഷപ്പെട്ടതിനെക്കുറിച്ച് ഷഹീൻ മനസ്സു തുറക്കുന്നു: 

സ്വന്തം അനുഭവം എഴുതണം എന്ന നിമിഷത്തെ ഷഹീൻ ഓർത്തെടുക്കുന്നതിങ്ങനെ :- 'പിന്നിട്ട കറുത്ത കാലത്തെക്കുറിച്ച് എഴുതണം എന്ന നിര്‍ദേശം ഉണ്ടായപ്പോള്‍ത്തന്നെ ഞാന്‍ തയാറായി. ഒരുനിമിഷം പോലും മടിച്ചുനിന്നില്ല. ആലോചിക്കാനോ ചിന്തിക്കാനോ ഒരു നിമിഷം പോലും കളഞ്ഞില്ല. എഴുതിത്തുടങ്ങുക തന്നെ എന്നു തീരുമാനിച്ചു'. 

രാജ്യം മുഴുവന്‍ അറിയപ്പെടുന്ന ഒരു കുടുംബത്തിലെ അംഗമാണ്. അതുകൊണ്ടുതന്നെ തുറന്നെഴുതിയാല്‍ പ്രശ്നമാകുമെന്ന് ചിന്തയെ മറികടന്നതിനെക്കുറിച്ചും ഷഹീന് പറയാനുണ്ട്.എന്തും തുറന്നുപറയാന്‍ സ്വാതന്ത്ര്യമുള്ള ഒരു വീട്ടിലാണു ഞാന്‍ ജനിച്ചതും വളര്‍ന്നും. എത്ര അസന്തുഷ്ടകരമായ സാഹചര്യത്തെക്കുറിച്ചും പറയാനും ചര്‍ച്ചചെയ്യാനും സാഹചര്യമുള്ള വീട്. അതുകൊണ്ടുതന്നെ സംശയത്തിനും നിരാശയ്ക്കുമൊന്നും സ്ഥാനമില്ല.

മനസ്സിനെ വീര്‍പ്പുമുട്ടിച്ച, അസ്വസ്ഥതയുണ്ടാക്കിയ കാര്യങ്ങള്‍ തുറന്നുപറയുന്നതേക്കാള്‍ വലിയ ആശ്വാസമില്ല. അതു വലിയ ഒരു കൂട്ടം വായനക്കാരോടാകുമ്പോള്‍ ആശ്വാസവും വര്‍ധിക്കുകയാണ്. എഴുതാനുള്ള അവസരത്തെ സന്തോഷത്തോടെയാണ് സ്വീകരിച്ചത്. 

പ്രശസ്തിയുടെ കൊടുമുടിയിൽ നിൽക്കുന്ന പലരുടെയും മനോവികാരത്തെക്കുറിച്ച് പുറത്താർക്കും അറിയാനാകാത്തതിനെക്കുറിച്ച് ഷഹീന്റെ അഭിപ്രായമിങ്ങനെ :- 'അനുഭവിച്ചതെല്ലാം തുറന്നുപറയണോ വേണ്ടയോ എന്നത് ഓരോ വ്യക്തിയെയും സംബന്ധിക്കുന്ന കാര്യമാണ്. തീരുമാനം ഓരോരുത്തരും എടുക്കണം. അസുഖകരമായ ഒരു മാനസിക പ്രശ്നം ഉണ്ടാകുമ്പോള്‍ സംഭവിക്കുന്നതിനെക്കുറിച്ച് അതനുഭവിക്കുന്നവര്‍ക്കു മാത്രമേ അറിയൂ. പൊതുരംഗത്തുള്ള വ്യക്തിയാകുമ്പോള്‍ തീരുമാനം എടുക്കുന്നതു കുറച്ചു പ്രയാസവുമാണ്. പക്ഷേ, ഒരു ബുദ്ധിമുട്ടുമില്ലാതെ ഞാന്‍ തുറന്നുപറയാനുള്ള തീരുമാനം എടുത്തു'. 

മനസ്സിനെ ഉലച്ച രോഗത്തെക്കുറിച്ച് വീട്ടിൽ ആദ്യം പറഞ്ഞത് അമ്മയോടാണെന്നും പക്ഷേ ആദ്യം അമ്മയ്ക്കുപോലും കാര്യം മനസ്സിലായില്ലെന്നും ഷഹീൻ പറയുന്നു. വളരെ ചെറുപ്പത്തിലേ രോഗത്തിന്റെ വിത്തുകള്‍ എന്റെ മനസ്സില്‍ വീണിരുന്നു. ഉത്സാഹവതിയായ പെണ്‍കുട്ടിയില്‍നിന്ന് കൗമാരത്തില്‍ നിശ്ശബ്ദതയിലേക്കും മൗനത്തിലേക്കും പിന്‍വലിഞ്ഞപ്പോള്‍ അമ്മപോലും തിരിച്ചറിഞ്ഞില്ല എന്നതാണു സത്യം. ക്രമേണ രോഗം കൂടിക്കൊണ്ടിരുന്നു. അതോടെ ചികില്‍സ വേണമെന്നു ഞാന്‍ ഉറപ്പിച്ചു. കുടുംബത്തിന്റെ സഹകരണത്തോടെ ശരിയായ ചികില്‍സ ഉടന്‍ തുടങ്ങുകയും ചെയ്തു. 

കുടുബം എന്നും കൂടെനിന്നു. വളരെ വൈകാരികമായ ഒരു വിഡിയോ അലിയ പോസ്റ്റ് ചെയ്തിരുന്നു.അഭിമുഖങ്ങളെല്ലാം റെക്കോര്‍ഡ് ചെയ്ത് പൂജ ഭട്ട് സമൂഹമാധ്യമങ്ങളില്‍ കാണിച്ചുകൊണ്ടിരുന്നു. ഈ പ്രശ്നത്തെ അതിജീവിക്കാൻ എല്ലാവരും ഒപ്പം നിന്നു.രോഗത്തിന്റെ കാലത്ത് ഒരിക്കല്‍പ്പോലും നിരാശയോ സങ്കടമോ തോന്നാതെ എന്നെ കാത്തു എന്നതാണു കുടുംബത്തിന്റെ ശക്തി. അമ്മ, അച്ഛന്‍, സഹോദരന്‍, സഹോദരിമാര്‍ എല്ലാവരും എപ്പോഴും എന്റെകൂടെത്തന്നെ നിന്നു. ഞാനൊരിക്കലും ഒറ്റയ്ക്കല്ലെന്ന തോന്നല്‍ എനിക്കു ലഭിച്ചു. അതു വലിയൊരു അനുഭവമായിരുന്നു. 

അസുഖത്തെക്കുറിച്ച് ആദ്യം മനസ്സിലായില്ലെന്ന് അലിയ പറയുകയുണ്ടായി. ഒടുവില്‍ അതറിഞ്ഞപ്പോള്‍ എന്തായിരുന്നു പ്രതികരണമെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ഷഹീൻ പറഞ്ഞ മറുപടിയിങ്ങനെ :- 'എന്റെ പുസ്തകം വായിച്ചപ്പോഴാണ് അലിയയ്ക്കുപോലും പ്രശ്നത്തിന്റെ ഗൗരവം മനസ്സിലായത്. സ്വന്തം മനസ്സിലും മസ്തിഷ്കത്തിലും നടക്കുന്ന കാര്യങ്ങള്‍ ഒരാള്‍ പറയാതെ എങ്ങനെയാണ് മറ്റൊരാള്‍ക്കു മനസ്സിലാകുന്നത്'. 

പുസ്തകം പുറത്തു വന്നപ്പോൾ വലിയ ഭാരം ഇല്ലാതായതുപോലെ തനിക്കു തോന്നിയെന്നും. വര്‍ഷങ്ങളായി ചുമന്നുകൊണ്ടുനടന്ന ഭാരം പെട്ടെന്ന് ഇല്ലാതായതുപോലെ, സ്വതന്ത്രയായതുപോലെ ഒരു അനുഭവമാണ് തനിക്കുണ്ടായതെന്നും ഷഹീൻ പറയുന്നു. മറ്റേത് അസുഖത്തെയും പോലെയാണ് മാനസിക പ്രശ്നങ്ങളും വിഷാദരോഗവും. ഒരു രോഗം ഉണ്ടെന്നു മനസ്സിലായാല്‍ എന്താണോ ചെയ്യുന്നത് അതേ പ്രക്രിയയിലൂടെ തന്നെ കടന്നുപോകുക; വിഷാദരോഗത്തിന്റെ കാര്യത്തിലും. അതുമാത്രമാണ് മോചനത്തിനുള്ള ഒരേയൊരു മാര്‍ഗ്ഗം. 

പുസ്തകം മാത്രമായിരുന്നു എന്റെ മനസ്സില്‍. അല്ലാതെ ഒരു സിനിമയോ ഹ്രസ്വചിത്രമോ ഒന്നുമായിരുന്നില്ല. പുസ്തകത്തിലൂടെ മാത്രമാണ് എനിക്കു പറയാനുള്ള കാര്യങ്ങള്‍ പറയാനാവുക എന്നെനിക്കു തോന്നിയിരുന്നു. ഇപ്പോള്‍ ലണ്ടനില്‍ പഠനത്തിലാണ് ഷഹീൻ. ഒരു കോഴ്സ് അറ്റന്‍ഡ് ചെയ്യുന്നു. പുസ്തകം എഴുതിക്കൊണ്ടിരുന്ന അന്തരീക്ഷത്തില്‍നിന്ന് ഒരു മോചനം വേണമെന്നും തോന്നിയിരുന്നു. ബാക്കിയെല്ലാം ഇനി പുതിയ പദ്ധതികള്‍ തയാറാക്കിയതിനുശേഷം മാത്രം.