Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

43–ാം വയസ്സിൽ 21–ാമത്തെ കുഞ്ഞിനെ വരവേറ്റ് അമ്മ

big-family-01

21–ാമത്തെ കുഞ്ഞു പിറന്നപ്പോഴും ബ്രിട്ടനിലെ ഏറ്റവും വലിയ കുടുംബത്തിലെ കുടുംബനാഥൻ നോയൽ റാഡ്ഫോർഡും ഭാര്യ സ്യൂവും പതിവു പല്ലവി ആവർത്തിച്ചു. ഇതു ‍ഞങ്ങളുടെ അവസാനത്തെ കുട്ടിയാണ്. 43–ാം വയസ്സിൽ സ്യൂ ജന്മം നൽകിയത് തന്റെ 21–ാമത്തെ കുഞ്ഞിനാണ്. ദമ്പതികളുടെ 14 കുഞ്ഞുങ്ങൾ പിറന്ന റോയൽ ലങ്കാസ്റ്റർ ആശുപത്രിയിൽത്തന്നെയാണ് 21–ാമത്തെ കുഞ്ഞിനും സ്യൂ ജന്മം നൽകിയത്. ചൊവ്വാഴ്ച ജനിച്ച പെൺകുഞ്ഞിന് ബോണി റേ എന്നാണ് പേരു നൽകിയിരിക്കുന്നത്. 

കുഞ്ഞിന് മൂന്നു കിലോഗ്രാം ഭാരമുണ്ടെന്നും ബുധനാഴ്ച തന്നെ കുഞ്ഞുമായി വീട്ടിലേക്കു മടങ്ങിയെന്നും പുതിയ അതിഥിയെക്കാത്ത് 20 മക്കൾ വീട്ടിൽ കാത്തിരിക്കുകയായിരുന്നുവെന്നും സ്യൂ പറയുന്നു. 2017 ൽ 20–ാമത്തെ കുഞ്ഞിന് ജന്മം നൽകിയ അവസരത്തിലും ഇതു താൻ ജന്മം നൽകുന്ന അവസാനത്തെ കുഞ്ഞാണെന്ന് സ്യൂ പറഞ്ഞിരുന്നു. എന്നാൽ കഴിഞ്ഞ മേയിൽ താൻ 21–ാമത്തെ കുഞ്ഞിനെ ഗർഭം ധരിച്ചിട്ടുണ്ടെന്ന് സ്യൂ വെളിപ്പെടുത്തി.

‘കുഞ്ഞിക്കരച്ചിലിനു കാതോർത്തു നിൽക്കുന്നവർക്കടുത്തേക്ക് നവജാതശിശുവുമായി കടന്നു ചെല്ലുന്നത് വളരെ സന്തോഷം നൽകുന്ന അനുഭവമാണ്. കുഞ്ഞിനെ എടുക്കാനും ഓമനിക്കാനുമായി മറ്റുള്ളവർ വരിവരിയായി കാത്തുനിൽക്കുന്നത് കാണുന്നതുതന്നെ വളരെ രസമാണ്’ – സ്യൂ പറയുന്നു.

!ഇനി കുഞ്ഞുങ്ങൾ വേണ്ടെന്ന് ഞങ്ങൾ രണ്ടാളും തീരുമാനിച്ചു കഴിഞ്ഞു. ബോണി  ഞങ്ങളുടെ കുടുംബത്തെ സമ്പൂർണ്ണമാക്കി’-. സ്യൂവിന്റെ ഭർത്താവ് പറയുന്നു. ‘എല്ലാവരും രണ്ടു മൂന്നു കുഞ്ഞുങ്ങളാകുമ്പോൾ ഇനി കുഞ്ഞുങ്ങൾ വേണ്ട എന്നു തീരുമാനിക്കും. ഞങ്ങൾ ആ തീരുമാനമെടുത്തത് 21–ാമത്തെ കുഞ്ഞു പിറന്നതിനു ശേഷമാണ്’. ഒന്നിനും സമയം തികയുന്നില്ലെന്നും കുഞ്ഞുങ്ങളെ നോക്കാൻ സഹായം വേണമെന്നു ചിന്തിക്കാറുണ്ടെന്നും സ്യൂ പറയുന്നു. കുഞ്ഞു ബോണിയെ മക്കളെല്ലാവരും വളരെ സന്തോഷത്തോടെയാണ് വരവേറ്റതെന്നും അതിനായി എല്ലാവരും വീട്ടിലേക്കു മടങ്ങിവന്നുവെന്നും സ്യൂ പറയുന്നു.

ഇതുവരെ ആകെ 811 ആഴ്ചയോളം ഗർഭിണിയായിരുന്നിട്ടുണ്ടെന്നും ഇനി മക്കൾക്കും പേരക്കുട്ടികൾക്കുമൊപ്പം ജീവിതം ആസ്വദിക്കാനാണ് ആഗ്രഹിക്കുന്നതെന്നും സ്യൂ പറയുന്നു. ‘അടുത്ത വർഷം വീണ്ടും ഇങ്ങോട്ട് വരാതിരിക്കാൻ ഇടവരട്ടെ എന്ന യാത്രാമൊഴിയോടെയാണ് മിഡ്‌വൈഫുമാരെ യാത്രയാക്കാറുള്ളത്. ഇക്കുറിയെങ്കിലും ആ വാക്കു പാലിക്കാൻ കഴിയുമെന്നാണ് വിശ്വാസം. ഗർഭം ധരിക്കാനുള്ള അവസരം പാഴാക്കാതിരുന്ന ഞാൻ ഇക്കുറി മെറ്റേണിറ്റി വസ്ത്രങ്ങളെല്ലാം കുപ്പത്തൊട്ടിയിൽ ഉപേക്ഷിച്ചു’.-സ്യൂ പറയുന്നു. സ്വന്തമായി ബേക്കറി നടത്തുന്ന ഇവർ യാതൊരു ആനുകൂല്യങ്ങളും സ്വീകരിക്കാതെയാണ് മക്കളെ വളർത്തുന്നത്.

നാലു ദിവസം പ്രായമായ സഹോദരിയെ കൈയിലെടുത്തുകൊണ്ട് ദമ്പതികളുടെ മൂത്തമകൻ ക്രിസ്റ്റഫർ പറയുന്നതിങ്ങനെ- ‘എന്റെ കൈയിലിരിക്കുന്ന ഈ കുഞ്ഞുവാവ ഒരു ആന്റി കൂടിയാണ്. 16 മാസം പ്രായമായ എന്റെ മകൾ മെയ്സിയുടെ ആന്റി’.– 30 വയസ്സുകാരനായ ക്രിസ്റ്റഫറിന്റെ മകളെക്കൂടാതെ കുഞ്ഞു ബോണിക്ക് മറ്റു രണ്ട് അനന്തരവർ കൂടിയുണ്ട്. സംഗതി ഇങ്ങനെയൊക്കെയാണെങ്കിലും മക്കളും കൊച്ചുമക്കളും നിറഞ്ഞ വീട്ടിൽ എപ്പോഴും സന്തോഷമാണെന്നും ഒരു നിമിഷം പോലും ആരും സങ്കടപ്പെട്ടിരിക്കാറില്ലെന്നുമാണ് കുടുംബനാഥൻ റാഡ്ഫോർഡ് പറയുന്നത്.

21–ാമത്തെ കുഞ്ഞ് തങ്ങളുടെ അവസാനത്തെ കു‍ഞ്ഞാണെന്നു പറഞ്ഞത് 20 മക്കളും വിശ്വസിച്ചിട്ടില്ല. ഒറ്റ സംഖ്യകളിൽ മക്കളുടെ എണ്ണം ഒതുക്കാൻ ഒരിക്കലും അച്ഛനമ്മമാർ തയാറാകില്ലെന്നാണ് ഇവരുടെ മൂത്തമകൾ സോഫി പറയുന്നത്. ഇനിയും തനിക്കു സഹോദരനോ സഹോദരിയോ ഉണ്ടാകുമെന്നാണ് ക്ലോയ് ഉറപ്പിച്ചു പറയുന്നു. എല്ലാവർഷവും അച്ഛനമ്മമാർ ഇതു തന്നെയാണ് പറയുന്നത് എന്നാണ് മാക്സിന്റെ പക്ഷം. ക്രിസ്, സോഫി, ക്ലോയ്, ജാക്ക്, ഡാനിയേൽ, ലൂക്ക്, മിലി, കെയ്റ്റ്, ജെയിംസ്, എല്ലി, എയ്മി, ജോഷ്, മാക്സ്, ടില്ലി, കാത്തി, ഓസ്കർ, കാസ്പർ, ഹെയ്‌ലി, ഫോബി, ആർച്ചി എന്നിവരാണ് ദമ്പതികളുടെ 20 മക്കൾ. 2014 ൽ ഇവരുടെ ഒരു കുഞ്ഞ് ഗർഭത്തിലിരിക്കെ മരിച്ചുപോയിരുന്നു അവനെ ആൽഫി എന്നാണ് ഇവർ വിളിക്കുന്നത്. ബോണി കൂടി പിറന്നപ്പോൾ മക്കളുടെയെണ്ണം 21 ആയി.

സ്യൂവിന് ഏഴു വയസ്സുള്ളപ്പോഴാണ് റാഡ്ഫോർഡും സ്യൂവും കണ്ടുമുട്ടിയത്. 14 വയസ്സിലാണ് സ്യൂ ആദ്യത്തെ കുഞ്ഞിന് ജന്മം നൽകിയത്. അതിനുശേഷം ഇരുവരും വിവാഹം കഴിക്കുകയും പുതിയ വീട്ടിലേക്കു മാറുകയും ചെയ്തു. 17–ാം വയസ്സിൽ സ്യൂ രണ്ടാമത്തെ കുഞ്ഞിന് ജന്മം നൽകി. വര്‍ഷത്തില്‍ 30,000 പൗണ്ടാണ് ഇവര്‍ കുട്ടികളെ വളര്‍ത്താന്‍ വേണ്ടി ചെലവഴിക്കുന്നത്. ഗ്രോസറികള്‍ക്കായി ആഴ്ചയില്‍ 300 പൗണ്ട് ചെലവാക്കുന്നുണ്ട്. എല്ലാ ദിവസവും കുടുംബത്തിന്റെ ആവശ്യത്തിനായി രണ്ട് ബോക്‌സ് സെറിലും 18 പിന്റ്‌സ് (രണ്ടു ഗാലനിലേറെ) പാലുമെത്തുന്നുണ്ട്. കുട്ടികള്‍ക്ക് പിറന്നാള്‍ സമ്മാനം നല്‍കുന്നതിനായി ഇവര്‍ 100 പൗണ്ടാണ് ചെലവഴിക്കുന്നത്. എന്നാല്‍ ക്രിസ്മസ് സമ്മാനങ്ങള്‍ വാങ്ങാനായി 100പൗണ്ട് മുതല്‍ 250 പൗണ്ട് വരെ ചെലവാക്കുന്നുമുണ്ട്. കൃത്യമായ പ്ലാനിങ്ങോടെ ജീവിക്കുന്നതിനാൽ കടബാധ്യതകളില്ലെന്നും എല്ലാമക്കൾക്കും ആഹാരവും വസ്ത്രവും വിദ്യാഭ്യാസവും നൽകാൻ സാധിക്കുന്നുണ്ടെന്നും എല്ലാ വർഷവും അവധിക്കാലം ആഘോഷിക്കാൻ പുറംരാജ്യങ്ങളിൽ വിനോദയാത്ര പോകാറുണ്ടെന്നും സ്യൂവും ഭർത്താവും അഭിമാനത്തോടെ പറയുന്നു.