Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭാര്യയുടെ ഓർമ്മയ്ക്കായി ചെറുതാജ്മഹലൊരുക്കിയ ഖദ്രി വിടവാങ്ങി

faisal-tajmahal.jpg.image.784.410 ഫൈസുൽ ഹസൻ ഖദ്രി ചെറുതാജ്മഹലിനൊപ്പം

ഗാസിയാബാദ് (ഉത്തർപ്രദേശ്)∙ ഭാര്യയുടെ സ്മരണയ്ക്കായി ‘ചെറു താജ്മഹൽ’ പണിത ഉത്തർപ്രദേശിലെ ബുലന്ദ്ശഹർ ജില്ലയിലെ കസേർ കലൻ സ്വദേശി ഫൈസുൽ ഹസൻ ഖദ്രി (83) വിടവാങ്ങി. വ്യാഴാഴ്ച രാത്രി വീടിനു പുറത്തു നടക്കുമ്പോൾ അജ്ഞാത‌വാഹനമിടിച്ചു പരുക്കേറ്റ ഖദ്രി വെള്ളിയാഴ്ച രാവിലെയാണു മരിച്ചത്. 

2011 ഡിസംബറിലാണു ഖദ്രിയുടെ ഭാര്യ തജാമുല്ലി ബീഗം അർബുദം ബാധിച്ചു മരിച്ചത്. ദമ്പതിമാർക്ക് മക്കളുണ്ടായിരുന്നില്ല. ഭാര്യയായ മുംതാസിന്റെ ഓർമയ്ക്കായി താജ്മഹൽ പണിതുയർത്തിയ ഷാജഹാൻ ചക്രവർത്തിയെ പോലെ ഭാര്യയുടെ സ്മരണയ്ക്കായി തന്റെ വീടിനോട് ചേർന്ന് ചെറു താജ്മഹൽ പണിയാൻ ഖദ്രി തീരുമാനമെടുത്തു. തജാമുല്ലി ബീഗത്തെ കബറടക്കിയ സ്ഥലത്താണ് ഇത് പണിതത്. ഭാര്യയുടെ കബറിനോടു ചേർന്നു തന്നെ വേണം തന്റെയും അന്ത്യവിശ്രമമെന്ന ഖദ്രിയുടെ മോഹം സാക്ഷാത്കരിക്കാനുള്ള ഒരുക്കത്തിലാണ് കുടുംബാംഗങ്ങൾ.

ഇടയ്ക്ക് പണമില്ലാതെ പണി മുടങ്ങിയപ്പോൾ അന്നത്തെ മുഖ്യമന്ത്രി അഖിലേഷ് യാദവ്, ഖദ്രിയെ വിളിച്ചുവരുത്തി സഹായം വാഗ്ദാനം ചെയ്തു. എന്നാൽ സ്മാരകം താൻ പൂർത്തിയാക്കിക്കൊള്ളാമെന്നു പറഞ്ഞ ഖദ്രി, പകരം തന്റെ ഗ്രാമത്തിലേക്കു സർക്കാർ പെൺപള്ളിക്കൂടം വേണമെന്ന ആവശ്യം ഉന്നയിച്ചു. മുഖ്യമന്ത്രി ഇതിന് അനുവാദം നൽകിയതോടെ സ്കൂളിനായി ഖദ്രി തന്റെ സ്ഥലം സൗജന്യമായി വിട്ടുനൽകി.

ചെറു താജ്മഹലിനു സമീപം ഈ സ്കൂൾ നിർമാണം പൂർത്തിയായിട്ടുണ്ട്. ചെറു താജ്മഹലിൽ വെള്ള മാർബിൾ പതിക്കാനുള്ള ജോലിയാണു ബാക്കിയുള്ളത്. ഇതിനായി പെൻഷൻ തുകയിൽനിന്നു മിച്ചം പിടിച്ചു 2 ലക്ഷം രൂപ ഖദ്രി കണ്ടെത്തിയിരുന്നു. ബാക്കി ജോലികൾ താൻ പൂർത്തിയാക്കുമെന്നു ഖദ്രിയുടെ അനന്തരവനായ മുഹമ്മദ് അസ്‍ലം പറഞ്ഞു.