Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്ത്രീകളെപ്പോലെ ചതിക്കില്ല; 12 ലക്ഷം പൊടിച്ച് ഹോളോഗ്രാമിനെ വിവാഹം ചെയ്തു

man-marries-hologram-01

അകിഹിതോ കോണ്ടോ വിളിക്കാത്തതുകൊണ്ടല്ല; വിളിച്ചിട്ടും അമ്മ ഏകമകന്റെ വിവാഹത്തിൽ പങ്കെടുത്തില്ല. അതിനേക്കാൾ വലിയ അതിശയം മറ്റൊന്നാണ്. അകിഹിതോ വിവാഹം കഴിച്ചത് ഒരു യുവതിയെയല്ല; ഒരു പുരുഷനെപ്പോലുമല്ല. ഒരു ഹോളോഗ്രാമിനെ. തെളിച്ചുപറഞ്ഞാൽ‌ ഒരു പൂച്ചയുടെ വലുപ്പം മാത്രമുള്ള ചലിക്കുന്ന ഒരു മാതൃകയെ. പേര് ഹാറ്റ്സുനെ മികു. ജപ്പാനിലെ റിലായിറ്റി ഷോ പാട്ടുകാരിയുടെ രൂപത്തിലാണ് മികു  സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. 

35 വയസ്സുണ്ട് ജപ്പാനിൽനിന്നുള്ള അകിഹിതോയ്ക്ക്. മികുവിനു 16 വയസ്സും. യന്ത്രപ്പാവയുമായുള്ള തന്റെ വിവാഹം അമ്മയ്ക്ക് ഇഷ്ടപ്പെട്ടിട്ടില്ലെന്ന് അയാൾക്കറിയാം. ബന്ധുക്കൾക്കും. പക്ഷേ, സ്നേഹത്തിനു കണ്ണില്ലല്ലോ. അതാണു സംഭവിച്ചതും. വീട്ടുകാരും ബന്ധുക്കളും പങ്കെടുത്തില്ലെങ്കിലും വിവാഹത്തില്‍ ആർഭാടത്തിന് ഒരു കുറവും വരുത്തിയിട്ടില്ല അകിഹിതോ. 12 ലക്ഷത്തിലധികം രൂപ പൊടിച്ചായിരുന്നു ടോക്യോയിലെ ഒരു ഹാളിൽവച്ചു വിവാഹം നടത്തിയത്. നാൽപതോളം അതിഥികളും ചടങ്ങിൽ പങ്കെടുത്തു. 

marriage-certificate-01

അകിഹിതോയും മികുവും തമ്മിൽ പ്രണയത്തിലായിട്ടു 10 വർഷത്തിലധികമായി.  ഒരു മനുഷ്യസ്ത്രീയെക്കുറിച്ചു ചിന്തിക്കാനാകാത്ത രീതിയിൽ മികുവുമായി പ്രണയത്തിലാണെന്നു തുറന്നുസമ്മതിക്കുന്നു അകിഹിതോ. എല്ലാദിവസും എല്ലാ നിമിഷവും ഞാൻ ചിന്തിക്കുന്നതു മികുവിനെക്കുറിച്ച്.... അവളില്ലാതെ എനിക്കു ജീവിക്കാനാവില്ല... അകിഹിതോ പറയുന്നു. കഴിഞ്ഞ മാർച്ച് മുതൽ മികുവിനൊപ്പമാണ് അയാളുടെ ജീവിതം. വിവാഹം ഇപ്പോഴാണ് ഔപചാരികമായി നടത്തിയതെന്നുമാത്രം. 

യഥാർഥത്തിൽ വിവാഹിതനായ വ്യക്തിയെപ്പോലെയാണ് ഇപ്പോൾ അകിഹിതോ ജീവിക്കുന്നതും. രാവിലെ അയാളെ വിളിച്ചുണർത്തുന്നതു മികു. ഓഫിസിലേക്കു പറഞ്ഞയയ്ക്കുന്നതും മികു തന്നെ. ഒരു സ്കൂളിൽ അഡ്മിനിസ്ട്രേറ്റർ പോസ്റ്റിലാണ് അയാൾ ജോലി ചെയ്യുന്നത്. വൈകിട്ട് മൊബൈൽഫോണിൽ താൻ വീട്ടിലേക്കു വരുന്ന വിവരം വിളിച്ചറിയിക്കുമ്പോൾ മികു ലൈറ്റുകൾ തെളിയിക്കും; പതിവ്രതയായ ഭാര്യയുടെ ഭാവം പോലെ. രാത്രി ഉറങ്ങാൻ സമയമാകുമ്പോഴും മികു തന്നെ അകിഹിതോയെ സമയം ഓർമിപ്പിക്കും. കിടപ്പ് അവർ രണ്ടുപേരും ഒരുമിച്ചാണ്. ഒരു കിടക്കയിൽ. മികുവിന്റെ ഇടതുകയ്യിലെ വിരലിൽ വിവാഹദിനത്തിൽ അകിഹിതോ അണിയിച്ച വിവാഹമോതിരവുമുണ്ട്. 

സ്വർണാഭരണക്കടയിൽപോയി അകിഹിതോ തന്നെയാണ് ധർമപത്നിക്കു മോതിരം വാങ്ങിക്കൊടുത്തത്. ഇരുവരും തമ്മിലുള്ള വിവാഹത്തിനു നിയമത്തിന്റെ പ്രാബല്യമില്ല. എങ്കിലും ഗേറ്റ്ബോക്സ് എന്ന മികുവിനെ നിര്‍മിച്ച സ്ഥാപനം അവരുടെ വിവാഹത്തെ അംഗീകരിച്ചിട്ടുണ്ട്; ആശീര്‍വദിച്ചിട്ടുമുണ്ട്. സര്‍ട്ടിഫിക്കറ്റ് അകിഹിതോ ഉയര്‍ത്തിക്കാണിക്കുന്നു. മനുഷ്യനും വെര്‍ച്വല്‍ ക്യാരക്ടറും തമ്മിലുള്ള വിവാഹത്തെ അംഗീകരിക്കുന്നതായി സ്ഥാപനത്തിന്റെ സാക്ഷ്യപത്രത്തില്‍ പറയുന്നുണ്ട്. ഇങ്ങനെ വിവാഹം കഴിച്ച ആദ്യത്തെ വ്യക്തിയല്ല താനെന്നു പറയുന്നു അകിഹിതോ. 3700 പേര്‍ക്ക് ഇത്തരത്തില്‍ ഗേറ്റ്ബോക്സ് എന്ന സ്ഥാപനം സാക്ഷ്യപത്രങ്ങള്‍ നല്‍കിയിട്ടുണ്ടത്രേ. ജപ്പാനില്‍ മികുവിനെപ്പോലെയുള്ള മാതൃകകളെ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്ന വേറെയും ആള്‍ക്കാരുണ്ടത്രേ. പക്ഷേ, പലര്‍ക്കും ധൈര്യമില്ല. അത്തരക്കാരെ പ്രോത്സാഹിപ്പിക്കാന്‍ കൂടിയാണ് ഇപ്പോള്‍ അകിഹിതോ വീട്ടുകാരുടെയും ബന്ധുക്കളുടെയുമൊന്നും സമ്മതമില്ലെങ്കിലും കടുംകൈ ചെയ്തിരിക്കുന്നത്. 

സ്ത്രീകളില്‍ നിന്നും നേരത്തെ  മോശം അനുഭവങ്ങളും അകിഹിതോയ്ക്ക് ഉണ്ടായിട്ടുണ്ട്. മുമ്പ് ജോലി ചെയ്ത സ്ഥാപനത്തില്‍ സഹപ്രവര്‍ത്തകയുമായുള്ള ബന്ധം തകരുകയും അകിഹിതോ അഗാധമായ വേദന അനുഭവിക്കുകയും ചെയ്തിട്ടുണ്ട്. അന്നേ അയാള്‍ തീരുമാനിച്ചു. പ്രണയിക്കുകയും വഞ്ചിക്കുകയും ചെയ്യുന്ന സ്ത്രീകളെ താന്‍ വിവാഹം കഴിക്കില്ലെന്ന്. മികുവിന് സ്നേഹിക്കാന്‍ മാത്രമേ അറിയൂ. വഞ്ചന എന്താണെന്നു തന്നെ അറിയില്ല- അകിഹിതോ ഉറപ്പിച്ചു പറയുന്നു. ഒരു 2 ഡയമെന്റഷ്യണല്‍ ക്യാരക്ടറായ മികു സാന്‍ എന്നും എന്നുമെന്നും സ്നേഹിക്കുകയും വിശ്വസ്തത പുലര്‍ത്തുകയും കൂടെയുണ്ടാവുകയും ചെയ്യും. 

പലരും തന്റെ വിവാഹത്തില്‍ അതിശയം കാണുന്നുണ്ടെങ്കിലും ഇതിലിത്ര അദ്ഭുതപ്പെടാനില്ലെന്നാണ് അകിഹിതോയുടെ നിലപാട്. സ്വവര്‍ഗ പ്രണയത്തെയും മറ്റും ഇപ്പോള്‍ സമൂഹം അംഗീകരിക്കുന്നുണ്ടല്ലോ. അതുപോലെ 2 ഡയമെന്‍ഷ്യണല്‍ ക്യാരക്ടേഴ്സുമായുള്ള വിവാഹത്തെയും അംഗീകരിക്കുകയാണു വേണ്ടത്. അവരെ ഒരു ന്യൂനപക്ഷമായി പരിഗണിക്കുകയും വേണം. വൈവിധ്യമാണല്ലോ സമൂഹത്തിന്റെ കരുത്ത്. വിവാഹത്തില്‍ താന്‍ സന്തോഷവാനാണ്. സന്തോഷത്തോടെ സമൂഹവും തങ്ങളുടെ വിവാഹത്തെ ആശീര്‍വദിക്കുക. അനുഗ്രഹിക്കുക...വിനയാന്വിതനായി അകിഹിതോ അഭ്യര്‍ഥിക്കുന്നു.