Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അനുവും അനുഷയും പുനർജനിച്ചു, അനൂപും അനുഗ്രഹയുമായി; കണ്ണീരോർമ്മകൾക്കു വിട

twins-01

നാലുവർഷം മുമ്പ് നടന്ന ഒരു വാഹനാപകടത്തിലാണ് ആലപ്പുഴ വട്ടയാൽ വട്ടത്തിൽ വീട്ടിൽ‍ വിൽസണും വിമലയ്ക്കും രണ്ടുമക്കൾക്കുൾപ്പടെയുള്ള പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടത്. 2014 ജൂൺ 30നു കായംകുളം കരീലക്കുളങ്ങരയിൽ നടന്ന അപകടത്തിൽ പ്രിയപ്പെട്ട മക്കളുൾപ്പടെയുള്ള 6 കുടുംബാംഗങ്ങളെയാണ് ദമ്പതികൾക്ക് നഷ്ടപ്പെട്ടത്.

മരിക്കുമ്പോൾ‌ മകൻ അനുവിന് 10 വയസ്സ്, മകൾ അനുഷയ്ക്ക് 5 ഉം. മക്കളെക്കൂടാതെ വിമലയുടെ പിതാവ് സേവ്യർ, മാതാവ് അലോഷ്യാമ്മ, സഹോദരൻ ആന്റണി സേവ്യർ, ആന്റണിയുടെ ഭാര്യ ടെൽമ റോസ് എന്നിവരും മരിച്ചു. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ വിൽസണും വിമലയും ഏറെ നാളത്തെ ആശുപത്രി വാസത്തിനു ശേഷമാണ് സുഖം പ്രാപിച്ചത്.

ഇവർ സഞ്ചരിച്ച കാർ കണ്ടെയ്നർ ലോറിയിൽ ഇടിച്ചാണ് അപകടമുണ്ടായത്. വിൽസന്റെ വലതുകാലും ഇടതുകൈയും ഒടിഞ്ഞു. താടിയെല്ലും വാരിയെല്ലും തകർന്നു. വലതു കണ്ണിന്റെ കാഴ്ച പോയി. ഒരു മാസത്തിലേറെ ആശുപത്രിയിൽ കഴിഞ്ഞു. തല നെടുകെ പിളർന്ന വിമല ജീവിതത്തിലേക്കു മടങ്ങിവരുമെന്ന് ഡോക്ടർമാർക്കു പോലും ഉറപ്പില്ലായിരുന്നു. നിശ്ചയദാർഢ്യമായിരുന്നു ഏറ്റവും വലിയ മരുന്ന്. രണ്ടു വർഷംകൊണ്ട് അവർ സാധാരണ ജീവിതത്തിലേക്കു തിരിച്ചെത്തി. അപ്പോഴും മക്കളുടെയും ഉറ്റവരുടെയും വേർപാടിൽ അവർ നീറുകയായിരുന്നു.

ഉറ്റവരെല്ലാം നഷ്ടപ്പെട്ടപ്പോൾ മുന്നോട്ടു ജീവിക്കാനുള്ള പ്രതീക്ഷയായി ഒരു കുഞ്ഞു വേണമെന്ന് ഇരവുവരും ആഗ്രഹിച്ചു. വിമല നേരത്തെ തന്നെ പ്രസവം നിർത്തൽ ശസ്ത്രക്രിയയ്ക്കു വിധേയയായിരുന്നതിനാൽ ആ ആഗ്രഹം നിറവേറുമോയെന്ന ഉറപ്പും ഇല്ലായിരുന്നു. ഒടുവിൽ ഐവിഎഫ് ചികിൽസയിലൂടെ വിമലയ്ക്കും വിൽസണും ഇരട്ടക്കുഞ്ഞുങ്ങൾ ജനിച്ചു. ഒരു ആൺ‌കുഞ്ഞും ഒരു പെൺകുഞ്ഞും. വർഷങ്ങൾക്കു മുമ്പേ നഷ്ടപ്പെട്ടുപോയ കുഞ്ഞുങ്ങൾ പുനർജനിച്ച പ്രതീതിയാണ് ആ വീട്ടിൽ. ഐവിഎഫ് ചികിൽസയ്ക്കുവേണ്ടിയുള്ള ഭാരിച്ച ചികിൽസാച്ചിലവുകൾ ദമ്പതികൾക്കു താങ്ങാൻ കഴിയില്ലെന്നു മനസ്സിലാക്കിയ ചേർത്തലയിലെ സ്വകാര്യ ആശുപത്രി സൗജന്യ ചികിൽസ ലഭ്യമാക്കിയതോടെയാണ് വീട്ടിൽ വീണ്ടും കുഞ്ഞുങ്ങളുടെ കളിചിരികൾ മുഴങ്ങിയത്.