Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിവാഹവാർഷിക ദിനത്തിൽ ഭർത്താവിന് സൊനാലിയുടെ സമ്മാനം; കണ്ണുനിറയ്ക്കും കുറിപ്പ്

sonali-with-husband-01

എഴുതാൻ തുടങ്ങുമ്പോൾതന്നെ ഒരു കാര്യം ഞാൻ മനസ്സിലാക്കുന്നു. എന്റെ മനസ്സിലുള്ള വികാരം അതിന്റെ തീക്ഷ്ണതയിലും തീവ്രതയിലും എഴുത്തിലേക്കു പകർത്താൻ ഞാൻ അശക്തയാണ്. എത്ര വാക്കുകൾ എങ്ങനെയൊക്കെ ഉപയോഗിച്ചാലും ഇപ്പോൾ എന്റെ മനസ്സിലൂടെ കടന്നുപോകുന്ന വികാരങ്ങൾ പ്രതിഫലിപ്പിക്കാനാവില്ല. ഭർത്താവ്,പങ്കാളി, സുഹൃത്ത്, എന്റെ ഏറ്റവും വലിയ ആശ്രയം..എല്ലാം എനിക്ക് ഒരാൾ തന്നെ– ഗോൾഡി ബേൽ. അദ്ദേഹത്തിനോട് നന്ദി പറയാനും ആശംസ അറിയിക്കാനുമാണ് ഇപ്പോൾ എന്റെ ശ്രമം.... നടി സൊനാലി ബേന്ദ്ര ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വാക്കുകളിൽ സ്നേഹവും കടപ്പാടുമുണ്ട്. കൂട്ടും കരുതലുമുണ്ട്. ഇഷ്ടവും പ്രണയവുമുണ്ട്. ഒരുപക്ഷേ, വിവാഹ വാർഷികത്തിൽ പങ്കാളിക്കു നൽകാവുന്ന ഏറ്റവും മികച്ച സമ്മാനവും. 

നവദമ്പതികളിൽ ഒരാളുടെ ഹൃദയത്തിൽനിന്നു വന്ന വാക്കുകളല്ല ഇത്. ഒന്നരപതിറ്റാണ്ടിലധികമായി വിവാഹിതരും ജീവിതം പങ്കുവയ്ക്കുന്നവരുമായ ദമ്പതികളുടേത്. കാലം മൂല്യം കൂട്ടുകമാത്രം ചെയ്യുന്ന വിശുദ്ധ പ്രണയത്തിലും വിശ്വാസത്തിലും ഒരുമിച്ച പങ്കാളികളുടേത്. സൊനാലി ബേന്ദ്ര സംവിധായകൻ ഗോൾഡി ബേലിനെ വിവാഹം കഴിക്കുന്നത് 16 വർഷം മുമ്പ്. 13 വയസ്സുള്ള റൺവീറിന്റെ അമ്മ കൂടിയാണ് 43 വയസ്സുകാരിയായ നടി. അമേരിക്കയിൽ കാൻസർ ചികിൽസയ്ക്കു നടന്നുകൊണ്ടിരിക്കെയാണ്. വിവാഹ വാർഷിക ദിനത്തിൽ സൊനാലി ഭർത്താവും പ്രിയപ്പെട്ടവനുമായ ഗോൾഡി ബേലിന് വാക്കുകളാൽ പ്രണയോപഹാരം സമർപ്പിച്ചത്. വാക്കുകൾക്കൊപ്പം വിവാഹദിനത്തിൽ എടുത്തതുൾപ്പെടെയുള്ള ചിത്രങ്ങളും നടി പങ്കുവച്ചിട്ടുണ്ട്. 

വിവാഹം എന്നാൽ പരസ്പരം തുണയാകുക എന്നാണർഥം. സന്തോഷത്തിലും സങ്കടത്തിലും ഒരുപോലെ. ആരോഗ്യത്തിലും അനാരോഗ്യത്തിലും. ദൈവത്തിനുമാത്രമേ അറിയൂ ഈ വർഷം ഞങ്ങൾ എങ്ങനെയാണു കടന്നുപോകുന്നതെന്ന്....ആർദ്രമായ വാക്കുകളിൽ സൊനാലി തുടരുന്നു 

കാൻസറിനെതിരെയുള്ള പോരാട്ടം വ്യക്തിപരമല്ല. ഒരു വ്യക്തിക്കു രോഗം ബാധിക്കുന്നതോടെ കുടുംബം മുഴുവൻ രോഗത്തിന്റെ ദുരിതങ്ങളിലൂടെ കടന്നുപോകുന്നു. ഞാനും രോഗത്തിനെതിരായ പോരാട്ടത്തിലാണ്. ഉത്തരവാദിത്തങ്ങളും ചുമതലകളും പങ്കുവച്ചും വിഭജിച്ചും മുന്നോട്ട്. ഭാഗ്യമെന്നുതന്നെ പറയാം കുടുംബം എന്നോടൊപ്പമുണ്ട്. രണ്ടു ഭൂഖണ്ഡങ്ങളിലൂടെ നിരന്തരം യാത്രചെയ്ത് വിജയത്തിലേക്കുള്ള യാത്രയിലാണു ഞങ്ങൾ..സൊനാലി എഴുതുന്നു. 

ഭർത്താവിനു കടപ്പാടിന്റെ വാക്കുകളിലിലാണ് സൊനാലി വിവാഹവാർഷിക ആശംസ അവസാനിപ്പിക്കുന്നത്. എന്റെ ശക്തിയുടെ സ്രോതസ്സ് അങ്ങാണ്..എന്റെ പ്രണയവും സന്തോഷവും. എല്ലാ നിമിഷങ്ങളിലും എന്റെ കൂടെ നിൽക്കുന്ന എല്ലാമെല്ലാം. ഹൃദയത്തിൽതൊട്ട് ഞാൻ താങ്കൾക്കു നന്ദി പറയട്ടെ. എനിക്കു പ്രകടിപ്പിക്കാനുള്ള വികാരത്തെ നന്ദി എന്ന വാക്കിൽ ഒതുക്കാൻ ആവില്ലെന്ന് അറിയാഞ്ഞിട്ടല്ല. എന്റെ തന്നെ ഭാഗമായ വ്യക്തിയോട് ഞാൻ എങ്ങനെ നന്ദി പറയാൻ. വിവാഹ വാർഷികാശംസകൾ ഗോൾഡി.....