Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇഷ അംബാനിയുടെ സംഗീത് ചടങ്ങിൽ കരിഷ്മയ്ക്കൊപ്പം ചുവടുവച്ച് ഐശ്വര്യ

karishma-aishwarya-01 കരിഷ്മ കപൂർ, ഐശ്വര്യ റായ് ബച്ചൻ

ബിടൗണിലെ ആഘോഷരാവുകളിലെല്ലാം പാപ്പരാസിക്കണ്ണുകൾ തേടിയലയാറുണ്ട് രണ്ട് താരസുന്ദരിമാരെ. മുൻലോക സുന്ദരി ഐശ്വര്യ റായിയെയും മുൻ ബോളിവുഡ് താരം കരിഷ്മ കപൂറിനെയും. പൊതുവെ പൊതുച്ചടങ്ങുകളിൽ ഒരുമിച്ച് പ്രത്യക്ഷപ്പെടാതിരിക്കാൻ ശ്രദ്ധിക്കുന്ന ഇരുവരും ഒരുമിച്ച് നൃത്തം ചെയ്യുന്ന ദൃശ്യങ്ങളാണിപ്പോൾ പുറത്തു വന്നിരിക്കുന്നത്.

മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും മകൾ ഇഷ അംബാനിയും വ്യവസായി ആനന്ദ് പിരാമലും തമ്മിലുള്ള വിവാഹാഘോഷത്തിനു മുന്നോടിയായി നടന്ന സംഗീത് ചടങ്ങിലാണ് താരസുന്ദരിമാർ വൈരം മറന്ന് ഒരുമിച്ചു കൈകോർത്ത് നൃത്തം ചെയ്തത്. പൊതുചടങ്ങുകളിൽ ഒരുമിച്ചെത്തിയാൽ പരസ്പരം ഒഴിവാക്കുന്ന പതിവ് താരസുന്ദരിമാർ തുടങ്ങിയതിനു പിന്നിൽ ഒരു കാരണമുണ്ട്.

ബോളിവുഡിലെ അതിശക്തരായ കപൂർ കുടുംബവും ബച്ചൻ കുടുംബവും തമ്മിലുള്ള ബന്ധം ശക്തമാക്കാൻ ഇരുകുടുംബങ്ങളും തീരുമാനിച്ചത് 2000 ന്റെ തുടക്കത്തിലാണ്. ഒരു വിവാഹബന്ധത്തിലൂടെ കുടുംബങ്ങൾ തമ്മിലുള്ള ബന്ധം ശക്തമാക്കാനായിരുന്നു അവരുടെ പദ്ധതി. അങ്ങനെ കപൂർ കുടുംബത്തിലെ അംഗവും ബോളിവുഡ് താരവുമായ കരിഷ്മ കപൂറും ബച്ചൻ കുടുംബത്തിലെ അംഗവും ബോളിവുഡ് താരവുമായ അഭിഷേക് ബച്ചനും തമ്മിലുള്ള വിവാഹനിശ്ചയം 2002ൽ നടന്നു. എന്നാൽ ബി ടൗണിനെ മുഴുവൻ ഞെട്ടിച്ചുകൊണ്ടാണ് പിറ്റേവർഷം ഒരു വാർത്തയെത്തിയത്. ആ വിവാഹം നടക്കില്ല. തുടർന്ന് പരസ്പരം പൊതുചടങ്ങുകളിൽ മുഖാമുഖമെത്തുന്ന പരിപാടി ഇരുകുടുംബങ്ങളും ഉപേക്ഷിച്ചു.

എന്നാൽ ഭൂതകാലത്തെ മോശം സംഭവങ്ങളെക്കുറിച്ച് മറക്കാൻ ഇരു കുടുംബങ്ങളും തയാറായെന്നാണ് ഇഷയുടെ സംഗീത് ചടങ്ങിന്റെ ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാക്കുന്നതെന്നും ആഘോഷവേളയിൽ ഒരേ കൂരയ്ക്കു കീഴിൽ കരിഷ്മയും ഐശ്വര്യയും, അഭിഷേകും, ആരാധ്യയും റൺവീർസിങ്ങും ദീപികയും നൃത്തമാടുന്ന വിഡിയോ ഏറെ സന്തോഷത്തോടെ ഏറ്റെടുത്തുകൊണ്ട് ആരാധകർ പറയുന്നു. സോനു കി ടിറ്റു കി സ്വീറ്റി എന്ന ചിത്രത്തിലെ ദിൽചോരി എന്ന ഗാനത്തിന് ചുവടുവയ്ക്കുമ്പോഴാണ് ഐശ്വര്യയും കരിഷ്മയും പരസ്പരം വിരൽ കോർത്ത് നൃത്തം ചെയ്തത്.

അഭിഷേകും കരിഷ്മയും തമ്മിൽ നിശ്ചയിച്ചിരുന്ന വിവാഹം മുടങ്ങിയിരുന്നെങ്കിലും അമിതാബ് ബച്ചന്റെ മകളും അഭിഷേകിന്റെ സഹോദരിയുമായ ശ്വേതയും കരിഷ്മയും തമ്മിലുള്ള സൗഹൃദത്തിന് ഉലച്ചിൽ തട്ടിയിരുന്നില്ല. ഡിസൈനർ മോനിഷ ജെയ്സിങ്ങുമായ് ചേർന്ന് ശ്വേത തുടങ്ങിയ ഫാഷൻ ലൈൻ, എംഎക്സ്എസിന്റെ ഉദ്ഘാടനത്തിന് ശ്വേത കരിഷ്മയെ ക്ഷണിക്കുകയും മുംബൈയിൽ നടന്ന ആ വിലയ ചടങ്ങിൽ കരിഷ്മ സന്തോഷത്തോടെ പങ്കെടുക്കുകയും തന്റെയും ശ്വേതയുടെയും ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുകയും ചെയ്തു.

ആ സംഭവത്തോടെ ഐശ്വര്യയും ശ്വേതയും തമ്മിലുള്ള ബന്ധത്തിൽ വിള്ളൽ വീണു എന്ന തരത്തിലുള്ള വാർത്തകളുമുണ്ടായിരുന്നു. അടുത്തിടെ ശ്വേതയുടെ അമ്മായി അച്ഛന്റെ മരണത്തെത്തുടർന്നു നടത്തിയ പ്രാർഥനാ ചടങ്ങിലും കരിഷ്മ പങ്കെടുത്തിരുന്നു. നിശ്ചയിച്ചു വച്ചിരുന്ന വിവാഹം മുടങ്ങിയതിനു ശേഷം പൊതുചടങ്ങുകളിൽ അഭിഷേകും കരിഷ്മയും മുഖാമുഖം വരാറില്ലായിരുന്നുവെങ്കിലും ബോളിവുഡ് താരം സോനം കപൂറിന്റെ ബന്ധു മോഹിത് മർവയുടെ വിവാഹത്തിന് ഇരുവരും ഒരേ വേദിയിലെത്തിയിരുന്നു. അന്നും കരിഷ്മയും ശ്വേതയും ചേർന്ന് മറ്റു സുഹൃത്തുക്കൾക്കൊപ്പമെടുത്ത ഗ്രൂപ് ഫോട്ടോ സമൂഹമാധ്യമങ്ങളിൽ തരംഗമായിരുന്നു.

ഒരു വജ്രമോതിരം സമ്മാനിച്ചു കൊണ്ടാണ് അഭിഷേക് ബച്ചൻ തന്നെ പ്രൊപ്പോസ് ചെയ്തതെന്നും, ആ വിവാഹാഭ്യർതനയോട് താൻ നോ എന്നു പറഞ്ഞില്ലെന്നും. തനിക്ക് യോജിച്ച ശരിയായ വ്യക്തിയെ അഭിഷേകിൽ കണ്ടെത്തുകയായിരുന്നുവെന്നും ബച്ചൻ കുടുംബത്തെപ്പോലെ നല്ലൊരു കുടുംബത്തെ തനിക്ക് ലഭിക്കില്ലെന്നും കരിഷ്മ നേരത്തെ നടന്ന ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. അഭിഷേകുമായി നിശ്ചയിച്ചിരുന്ന വിവാഹം മുടങ്ങിയ ശേഷം ഡൽഹിയിലെ ബിസിനസ്സ്മാനായ സഞ്ജയ് കപൂറിനെ 2003ൽ കരിഷ്മ വിവാഹം കഴിച്ചു. പക്ഷേ ആ വിവാഹബന്ധം അധികകാലം നീണ്ടു നിന്നില്ല 2010 ൽ അവർ വേർപിരിഞ്ഞു. ഭർത്താവുമായി പിരിഞ്ഞപ്പോൾ മക്കളായ സമൈറയെയും കിയാൻ രാജിനെയും കരിഷ്മ ഒപ്പം കൂട്ടുകയും മുംബൈയിലേക്കു മടങ്ങുകയും ചെയ്തു. 2016 ലാണ് കരിഷ്മ–സഞ്ജയ് നിയമപരമായി വേർപിരിഞ്ഞത്. അഭിഷേക് ബച്ചൻ 2007ൽ ഐശ്വര്യറായിയെ വിവാഹം ചെയ്തു. ആരാധ്യ ഇവരുടെ മകളാണ്.