Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിവാഹം കഴിഞ്ഞിട്ട് 30 വർഷം; ഭാര്യയുടെ പഴ്സ് ഒരിക്കലും പരിശോധിച്ചിട്ടില്ല

Shah Rukh Khan with his wife Gauri Khan ഷാരൂഖ് ഖാൻ, ഗൗരി ഖാൻ

ബി ടൗണിലെ കിങ്ഖാൻ ഷാരൂഖിനെപ്പോലെയുള്ള ഭർത്താവിനെ കിട്ടാൻ പ്രാർഥിക്കുകയാണ് ആരാധകരിപ്പോൾ. അടുത്തിടെ ഷാരൂഖ് ഒരു മാധ്യമത്തിനു നൽകിയ അഭിമുഖം കണ്ടതിനു ശേഷമാണ് സ്ത്രീ ആരാധകർക്ക് ഷാരൂഖ് എന്ന കുടുംബനാഥനോട് ഇഷ്ടം കൂടിയത്. പുതിയ ചിത്രമായ സീറോയുടെ റിലീസിന് ശേഷം ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ പ്രണയത്തെക്കുറിച്ചും ബന്ധങ്ങളെക്കുറിച്ചും ഷാരൂഖ് നടത്തിയ ചില പരാമർശങ്ങളാണ് ആരാധകരുടെ മനസ്സു കീഴടക്കിയത്.

ബോളിവുഡിലെ മീ ടൂ മൂവ്മെന്റിനെക്കുറിച്ചുള്ള ചോദ്യത്തിന് ഉത്തരം നൽകുമ്പോഴാണ് വ്യക്തി ജീവിതത്തിൽ താൻ പിന്തുടരുന്ന ചില കാര്യങ്ങളെക്കുറിച്ചും ഭാര്യയുമായും മക്കളുമായും താൻ കാത്തുസൂക്ഷിക്കുന്ന ഊഷ്മളമായ ബന്ധത്തെക്കുറിച്ചും ഷാരൂഖ് മനസ്സു തുറന്നത്.

''ആളുകളോട് ബഹുമാനമില്ലാതെ പെരുമാറുന്നത് ശരിയല്ലെന്ന് 21 വയസ്സുകാരനായ മകനെ ഞാൻ പഠിപ്പിച്ചിട്ടുണ്ട്. മീ ടൂവിനെക്കുറിച്ചല്ല, മറിച്ച് അടിസ്ഥാനപരമായ ബഹുമാനത്തെക്കുറിച്ച് സംസാരിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്. ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് 30 വർഷമായി ഇതുവരെ ഞാൻ എന്റെ ഭാര്യയുടെ പഴ്സ് പരിശോധിച്ചിട്ടില്ല. അവൾ വസ്ത്രം മാറ്റുന്ന അവസരമാണെങ്കിൽപ്പോലും മുറിയുടെ വാതിലിനു പുറത്തു നിന്ന് കൊട്ടിവിളിച്ചിട്ടേ അകത്തു പ്രവേശിക്കാറുള്ളൂ. അനുവാദത്തോടെ മാത്രമേ മകളുടെ മുറിയിലും പ്രവേശിക്കാറുള്ളൂ. ഞാൻ ഒരു ഭർത്താവാണ്, അച്ഛനാണ്. അത് അവർക്കറിയാം. പക്ഷേ അതിലുപരി മുറി അവരുടെ സ്വകാര്യ ഇടമാണ്. അവിടെ അനുവാദത്തോടെ പ്രവേശിക്കുന്നതാണ് ഉചിതം.''- ഷാരൂഖ് പറയുന്നു.

മീ ടൂ ക്യാംപെയിനെക്കുറിച്ച് ഒന്നുംതന്നെ പറയാൻ തയാറായില്ലെങ്കിലും താൻ ജീവിതത്തിൽ വിശ്വസിക്കുന്നത് മൂന്നു കാര്യങ്ങളാണെന്ന് അദ്ദേഹം തുറന്നു പറഞ്ഞു. ബഹുമാനം, ബഹുമാനം, ബഹുമാനം എന്നതാണ് ആ മൂന്നു കാര്യങ്ങൾ. ബഹുമാനമില്ലാത്തിടത്ത് പ്രണയം ഒരിക്കലും ഉണ്ടാവില്ലെന്നും അദ്ദേഹം പറയുന്നു. ബഹുമാനം എന്നാൽ സമത്വം എന്നാണ് താൻ അർഥമാക്കുന്നതെന്നും. ‍താൻ എത്രമാത്രം ദുർബലനാണെന്ന് അറിയിക്കുകയും, കരുതൽ ആവശ്യപ്പെടുകയും തിരിച്ച് കരുതൽ നൽകുകയും ചെയ്യുന്നതാണ് തന്റെ രീതിയെന്നും ഭാര്യയോടും സുഹൃത്തുക്കളോടും അങ്ങനെയാണ് താൻ പെരുമാറുന്നതെന്നും അദ്ദേഹം പറയുന്നു.