Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിക്കിനെപ്പറ്റി അറിയില്ല, പ്രിയങ്ക ബന്ധങ്ങളിൽ സ്ഥിരതയുള്ളവൾ: ദീപിക പദുക്കോൺ

Priyanka Chopra, Nick Jonas, Deepika Padukone, Ranveer Singh പ്രിയങ്ക ചോപ്ര, നിക്ക് ജൊനാസ്,രൺവീർസിങ്,ദീപിക പദുക്കോൺ

ബോളിവുഡ് കണ്ട ഏറ്റവും വലിയ കല്യാണ മേളങ്ങൾ കഴിഞ്ഞ് ആഴ്ചകൾ പിന്നിടുമ്പോഴും ബിടൗൺ ചർച്ച ചെയ്യുന്നത് നവവധുക്കളായ പ്രിയങ്ക ചോപ്രയെക്കുറിച്ചും ദീപിക പദുക്കോണിനെയും കുറിച്ചാണെന്നാണ് ആരാധകർ പറയുന്നത്. വിവാഹത്തിനു ശേഷം താരങ്ങൾ നൽകുന്ന അഭിമുഖങ്ങൾക്കായി കാത്തിരിക്കുന്ന ആരാധകരെ നിരാശപ്പെടുത്താതെ അടുത്തിടെ നടന്നൊരു അഭിമുഖത്തിൽ പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും പ്രിയങ്കയോടുള്ള സൗഹൃദത്തെക്കുറിച്ചും മനസ്സു തുറക്കുകയാണ് ദീപിക പദുക്കോൺ.

പ്രിയങ്കയെക്കുറിച്ച് വളരെ കുറച്ചു കാര്യങ്ങളേ തനിക്കറിയുകയുള്ളൂവെന്നും ബന്ധങ്ങളിൽ ദൃഡത പുലർത്തുന്നവളാണ് പ്രിയങ്കയെന്നതാണ് അതിൽ ഏറ്റവും പ്രധാനമെന്നും ദീപിക പറയുന്നു. നിക്ക് ജൊനാസിനെ അത്ര പരിചയമില്ലെങ്കിലും പ്രിയങ്ക സെറ്റിൽ ആയി എന്നു തന്നെയാണ് കരുതുന്നതെന്നും ദീപിക പറയുന്നു. ''പ്രണയം കണ്ടെത്തുന്നതിൽ, ആ പ്രണയത്തിൽ 100 ശതമാനം ആത്മാർഥത പുലർത്തുന്നതിൽ, ബന്ധങ്ങളിൽ ദൃഡത പുലർത്തുന്നതിൽ എല്ലാം പ്രിയങ്ക വളരെ നന്നായി ശ്രദ്ധിക്കാറുണ്ട്. ഇക്കാര്യങ്ങളെല്ലാം അവളെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനവുമാണ്. ഒടുവിൽ അവൾ ആ കണ്ടെത്തൽ നടത്തിയതിൽ ഞാൻ ശരിക്കും ത്രില്ലടിച്ചിരിക്കുകയാണ്''.– ദീപിക പറയുന്നു.

സഞ്ജയ് ലീലാ ബൻസാലിയുടെ ബാജിറോവോ മസ്താനിയിലാണ് ദീപികയും പ്രിയങ്കയും ഒരുമിച്ചഭിനയിച്ചത്.സുഹൃത്തും സഹപ്രവർത്തകയുമായ പ്രിയങ്കയുടെ വിവാഹത്തെക്കുറിച്ച് സംസാരിക്കുവാൻ മാത്രമല്ല, രൺവീറുമായി പ്രണയത്തിലായതിനെക്കുറിച്ചും ജീവിതത്തിലുണ്ടായ മറ്റു പ്രണയങ്ങളെക്കുറിച്ചും മനസ്സു തുറന്നു സംസാരിക്കുവാനും ദീപിക തയാറായി. '' മുൻപും പലതവണ പ്രണയ ബന്ധത്തിൽപെടുകയും അപ്പോഴൊക്കെ വിശ്വാസം തകർപ്പെടുന്ന തരത്തിലുള്ള അനുഭവങ്ങളുണ്ടാവുകയും ചെയ്തിട്ടുണ്ട്. രൺവീറിനെ പരിചയപ്പെട്ടപ്പോൾ ഞാൻ വളരെ തളർന്ന അവസ്ഥയിലായിരുന്നു. ഒരു പ്രണയബന്ധത്തിലും പെടാതെ കുറേനാൾ ഒറ്റയ്ക്കു കഴിയണം എന്ന ചിന്തയിലായിരുന്നു. 13 വയസ്സു മുതൽ എനിക്ക് പ്രണയമുണ്ടായിരുന്നു. വിവാഹിതയായതുകൊണ്ടാണ് ഇപ്പോൾ ഇതൊക്കെ തുറന്നു പറയുന്നത്. അത് ചിലപ്പോൾ, ഒന്നോ രണ്ടോ, ചിലപ്പോൾ മൂന്നു വർഷങ്ങൾ മാത്രമോ നീണ്ടു നിന്ന പ്രണയങ്ങളായിരുന്നെങ്കിൽപ്പോലും 100 ശതമാനം ആത്മാർഥതയോടെയാണ് ഞാൻ പ്രണയിച്ചത്– ദീപിക പറയുന്നു.

2012 ൽ ഒരു പ്രണയബന്ധം അവസാനിപ്പിക്കേണ്ടി വന്നപ്പോൾത്തന്നെ കാഷ്വൽ ഡേറ്റിങ് എന്ന സങ്കൽപ്പത്തിൽ നിന്ന് ഞാൻ പുറത്തു കടന്നിരുന്നു. ആരുടെയും ചോദ്യങ്ങൾക്ക് മറുപടി പറയാൻ എനിക്ക് കഴിയുകയുമില്ലായിരുന്നു. 2012 ൽ രൺവീറിനെ പരിചയപ്പെടുമ്പോൾ പരസ്പരം കണക്റ്റ് ചെയ്യുന്ന തരത്തിൽ എന്തെങ്കിലും ഞങ്ങൾക്കിടയിലുള്ളതായി എനിക്ക് തോന്നിയില്ല. എനിക്കിഷ്ടമാണെന്നും പക്ഷേ ഒരു കമിറ്റ്മെന്റിന് താൽപര്യമില്ലെന്നും മാത്രമാണ് ഞാൻ രൺവീറിനോട് പറഞ്ഞത്. ആദ്യമൊന്നും ഈ ബന്ധത്തോട് വൈകാരികമായി പ്രതികരിക്കാനും ഞാൻ തയാറായിരുന്നില്ല. പക്ഷേ, ഇപ്പോൾ തിരിഞ്ഞു നോക്കുമ്പോൾ എനിക്ക് തോന്നാറുണ്ട് 6 മാസം വളരെ വൈകാരികമായാണ് ഞങ്ങൾ ഈ പ്രണയബന്ധത്തെ നോക്കിക്കണ്ടതെന്ന്. വിവാഹം കഴിഞ്ഞ് ഒരിക്കൽപ്പോലും അദ്ദേഹത്തെ അവിശ്വസിക്കേണ്ടിയും വന്നിട്ടില്ല.– ദീപിക പറയുന്നു.

അടുത്തിടെ മുംബൈയിൽ നടന്ന വെഡ്ഡിങ് റിസെപ്ഷനിൽ ഭർത്താക്കന്മാരോടൊപ്പം ആടിപ്പാടുന്ന താരസുന്ദരിമാരുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ തരംഗമായിരുന്നു.