sections
MORE

'പ്രണയം തലയ്ക്കു പിടിച്ചു, തലമാറ്റി വയ്ക്കാൻ ഞാനില്ല'

valery-spiridonov-anastasia-panfilova-66
SHARE

പ്രണയ ബന്ധങ്ങൾ പലരുടെയും ജീവിതം തന്നെ മാറ്റിമറിക്കാറുണ്ട്. എന്നാൽ വാലെരി സ്പിരിഡൊനോവ് എന്ന 33 കാരന് അക്ഷരാർത്ഥത്തിൽ പ്രണയം തലയ്ക്കുപിടിച്ചിരിക്കുകയാണ്. ലോകത്തെ ആദ്യ തല മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കായി ശരീരം വിട്ടുകൊടുക്കാൻ തയാറെടുത്തിരുന്ന സ്പിരിഡൊനോവ് അതുകൊണ്ടുതന്നെ ആ പരീക്ഷണത്തിൽ നിന്ന് പിന്മാറി.

ശരീരത്തിലെ മസിലുകൾക്ക് തേയ്മാനം  വരുന്ന അസുഖത്തെത്തുടർന്ന് വീൽചെയറിൽ തന്നെ ജീവിതം തള്ളി നീക്കിയിരുന്ന സ്പിരിഡൊനോവ് ശാസ്ത്രലോകത്തിന് വേണ്ടി ചെയ്യുന്ന ത്യാഗം എന്നോണമാണ് തല മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയനാവാൻ സമ്മതം അറിയിച്ചത്. ഇറ്റാലിയൻ സർജനായ ഡോ. സർജിയോ കനോവെറോയാണ് ലോകത്തിലെ ആദ്യ തല മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തുന്നത്. തല മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയമായാൽ ആരോഗ്യമുള്ള ഒരു ശരീരവുമായി ജീവിക്കാനാകും എന്ന പ്രതീക്ഷയായിരുന്നു സ്പിരിഡൊനോവിന്.  

എന്നാൽ അതിനും വളരെ മുൻപുതന്നെ  അനസ്‌താസ്യ എന്ന സുന്ദരി സ്പിരിഡൊനോവിന്റെ ജീവിതത്തിൽ ഇടംനേടി. കെമിക്കൽ ടെക്നോളജിയിൽ മാസ്റ്റേഴ്സ് ബിരുദമുള്ള അനസ്താസ്യയെ ഒരു വർഷം മുൻപ് മോസ്കോയിൽ വച്ചാണ് സ്പിരിഡൊനോവ്‌ വിവാഹം കഴിച്ചത്. ഇക്കഴിഞ്ഞ നവംബറിൽ ഇരുവർക്കും പൂർണ ആരോഗ്യവാനായ ഒരു ആൺകുഞ്ഞ് പിറന്നു. ഇതോടെ ഭാര്യയും കുഞ്ഞുമൊത്ത് സാധാരണജീവിതം നയിക്കാൻ  സ്പിരിഡൊനോവ്‌ തീരുമാനിക്കുകയായിരുന്നു.

രണ്ടുവർഷം തല മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് ഉള്ള തയാറെടുപ്പുകളുമായി കഴിയുകയായിരുന്നു സ്പിരിഡൊനോവ്‌. ശസ്ത്രക്രിയ വിജയമാകുമെന്ന് ഡോ. സർജിയോ ഉറപ്പു പറയുന്നുണ്ടെങ്കിലും സന്തോഷകരമായ ജീവിതം ഇനി പരീക്ഷണത്തിന് വിട്ടുകൊടുക്കാൻ സ്പിരിഡൊനോവ്‌ തയാറല്ല.

100 മില്യൺ ഡോളർ ചെലവുവരുന്ന തല മാറ്റിവെക്കൽ ശസ്ത്രക്രിയക്കായി അനേകം വർഷങ്ങളായി ഉള്ള പരീക്ഷണത്തിലാണ് ഡോ. സർജിയോ. പരീക്ഷണാടിസ്ഥാനത്തിൽ മൃഗങ്ങളിൽ തല മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയത് വിജയമായിരുന്നുവെന്നും അതിനാൽ മനുഷ്യരിൽ തല മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയമാക്കാൻ സാധിക്കുമെന്നുമാണ് ഡോ. സർജിയോയുടെ വാദം. മറ്റൊരാളിൽ പരീക്ഷണം നടത്തി ഇൗ ഉദ്യമം യാഥാർത്ഥ്യം ആകട്ടെ എന്ന് താനും ആഗ്രഹിക്കുന്നുണ്ടെന്ന് സ്പിരിഡൊനോവ്‌ പറയുന്നു .

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FAMILY CORNER
SHOW MORE
FROM ONMANORAMA