sections
MORE

ആൺവേഷം കെട്ടി ജോലി ചെയ്തത് 4 വർഷം; അച്ഛനെ സംരക്ഷിക്കാൻ പെൺമക്കൾ ചെയ്തത്

beard-trimmed
SHARE

പെൺകുഞ്ഞുങ്ങൾ ശാപമാണെന്നു വിശ്വസിക്കുന്ന ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലൊന്നിൽ നിന്നാണ് ഒരു നന്മ വാർത്തയെത്തുന്നത്. ഉത്തർ പ്രദേശിലെ ഉൾനാടൻ ഗ്രാമത്തിലെ ഒരു ബാർബർഷോപ്പിൽ രണ്ടു ചെറുപ്പക്കാർ കസ്റ്റമേഴ്സിന്റെ മുടിവെട്ടിയും താടിവടിച്ചും ജീവിക്കാൻ തുടങ്ങിയിട്ട് വർഷം നാലായി. ബാർബർഷോപ്പ് നടത്തുന്ന ചെറുപ്പക്കാർ പുറം നാട്ടുകാർക്ക് ദീപക്കും രാജുവുമാണ്.

എന്നാൽ ഗ്രാമത്തിലുള്ളവർ അവരെ വിളിക്കുന്നത് ജ്യോതി കുമാരിയെന്നും നേഹയെന്നുമാണ്. ബാർബർഷോപ്പിലെ ചെറുപ്പക്കാർ .യഥാർഥത്തിൽ യുവാക്കളല്ല, സഹോദരിമാരാണ് എന്നു പറഞ്ഞുകൊണ്ട് ഗ്രാമീണർ ഉശിരുള്ള പെൺകുട്ടികളുടെ ജീവിത കഥ പറഞ്ഞു തുടങ്ങും. പെൺകുട്ടികളുടെ അച്ഛനായിരുന്നു മുൻപ് ബാർബർഷോപ് നടത്തിയിരുന്നത്. 2014 ൽ ആണ് അവരുടെ കുടുംബത്തെപ്രതിസന്ധിയിലാക്കിക്കൊണ്ട് അച്ഛൻ കിടപ്പിലായത്.

അച്ഛന്റെ ചികിൽസ, വീട്ടുചിലവ്, തങ്ങളുടെ വിദ്യാഭ്യാസച്ചിലവ് ഇങ്ങനെയുള്ള ചിലവുകളെല്ലാം ഒരു ചോദ്യചിഹ്നമായി ഉയർന്നപ്പോൾ കൗമാര പ്രായക്കാരായ ആ പെൺകുട്ടികൾ ഒന്നുറപ്പിച്ചു. വിദ്യാഭ്യാസം മുടങ്ങാതെ ചെയ്യാവുന്ന എന്തെങ്കിലും തൊഴിൽ കണ്ടെത്തണം. പകൽ സ്കൂളിൽ പോകുന്ന അവർ വൈകുന്നേരം മടങ്ങിയെത്തിയാലുടൻ ബാർബർ ഷോപ്പിലേക്ക് പോകും. അച്ഛൻ ചെയ്തിരുന്ന ജോലി തന്നെ അവരും തുടർന്നു. കൗമാരപ്രായത്തിലുള്ള പെൺകുട്ടികൾ ഒരു ബാർബർ ഷോപ്പിൽ ജോലിചെയ്യേണ്ടി വരുമ്പോൾ എന്തൊക്കെ ബുദ്ധിമുട്ടുകൾ സഹിക്കേണ്ടി വരുമെന്ന് ജീവിതം അവരെ പഠിപ്പിച്ചു.

തോറ്റു പിന്മാറാൻ ഒരുക്കമല്ലാതിരുന്ന അവർ ഒന്നു തീരുമാനിച്ചു. ഇനി ബാർബർ ഷോപ്പിലെത്തുക പെൺകുട്ടികളായിട്ടല്ല, ആൺകുട്ടികളായി. അന്നു തന്നെ ഇരുവരും പോയി മുടിമുറിച്ചു. ദീപക് എന്നും രാജുവെന്നും പേരു സ്വീകരിച്ചു. പിന്നെ ആരെയും ഭയക്കാതെ അന്തസ്സായി ജോലി തുടർന്നു. ദിവസവും 400 രൂപയോളം വരുമാനം ലഭിക്കുന്നുണ്ടെന്നും അതുകൊണ്ട് അച്ഛന്റെ ചികിൽസയും വീട്ടിലെ ചിലവും വിദ്യാഭ്യാസച്ചിലവുകളും അന്തസ്സായി മുന്നോട്ടു പോകുന്നുണ്ടെന്നും പെൺകുട്ടികൾ അഭിമാനത്തോടെ പറയുന്നു.

ബാർബർഷോപ്പ് നടത്തുന്നത് പെൺകുട്ടികളാണെന്ന് ഗ്രാമീണർക്കറിയാമെങ്കിലും പുറത്തു നിന്നെത്തുന്നവർക്കൊക്കെ അവരിപ്പോഴും ആൺകുട്ടികളാണ്. ഇവരെക്കുറിച്ചുള്ള വാർത്തയറിഞ്ഞ് ഈ മിടുക്കിപ്പെൺകുട്ടികൾക്ക് സർക്കാർ സഹായം വാഗ്ദാനം ചെയ്തു. തങ്ങളുടെ കഷ്ടപ്പാടുകൾ സർക്കാരും സമൂഹവും തിരിച്ചറിഞ്ഞതോടെ സഹോദരിമാരിൽ മുതിർന്നവളായ ജ്യോതി ആൺവേഷം ഉപേക്ഷിച്ചു. എന്നാൽ നേഹ ഉടനെന്നും രാജുവെന്ന പേരും രൂപവും ഉപേക്ഷിക്കാൻ തയാറല്ല.

ജ്യോതി കുമാരി ഇപ്പോൾ ബിരുദ വിദ്യാർഥിനിയും നേഹ സ്കൂൾ വിദ്യാർഥിനിയുമാണ്. പെൺകുട്ടികൾ നടത്തുന്ന ബാർബർ ഷോപ്പാണ് എന്നറിഞ്ഞു തന്നെ ഇപ്പോൾ ആളുകൾ എത്തുന്നുണ്ടെന്നും. ആളുകളുടെ അംഗീകാരം ലഭിച്ചതോടെ കൂടുതൽ സുരക്ഷിതത്വം തോന്നുന്നുണ്ടെന്നും അതുകൊണ്ടു തന്നെ ബാർബർഷോപ്പിന്റെ നടത്തിപ്പ് തുടരാൻ തന്നെയാണ് തീരുമാനമെന്നും ഇരുവരും പറയുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FAMILY CORNER
SHOW MORE
FROM ONMANORAMA