sections
MORE

ഭാര്യയ്ക്കായി വാങ്ങിക്കൂട്ടിയത് 55000 വസ്ത്രങ്ങൾ; കാരണം ഇത്തിരി സ്പെഷ്യലാണ്

paul-brockmann-with-his-wife-55
SHARE

ഒരുപാടൊരുപാട് വർഷങ്ങൾക്ക് മുൻപ് ഒരു ഡാൻസ്ഹാളിൽ വച്ചാണ് പോൾ ബ്രോക്ക്മാൻ തന്റെ പ്രണയിനിയെ ആദ്യമായി കണ്ടത്. മാർഗൊട്ട് എന്ന നല്ല പാതി  പോൾ മുത്തച്ഛന്റെ കൂടെക്കൂടിയിട്ട് ഇപ്പോൾ 61 വർഷങ്ങൾ പിന്നിടുന്നു.  അരിസോണയിലാണ് ഈ ദമ്പതികളുടെ താമസം. 83 കാരനായ  ഭർത്താവ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത് ഭാര്യയ്ക്കായി അയാൾ വാങ്ങിക്കൂട്ടിയ വസ്ത്രങ്ങളുടെ പേരിലാണ്.

വ്യത്യസ്ത തരത്തിലുള്ള 55000 ഗൗണുകളാണ് ഈ കാലത്തിനിടയ്ക്ക് അദ്ദേഹം മാർഗൊട്ടിന് വാങ്ങി നൽകിയത്. ഒരിയ്ക്കൽ ധരിക്കുന്ന വസ്ത്രം മറ്റൊരു ദിവസം കൂടി ഭാര്യ ആവർത്തിച്ച് ധരിക്കാതിരിക്കാനാണ് അദ്ദേഹം ഈ 'കടുംകൈ' ചെയ്തത്. ഭാര്യയുടെ വസ്ത്രങ്ങൾ മാത്രം സൂക്ഷിക്കാൻ 50 അടിവരുന്ന കൂറ്റനൊരു കണ്ടെയ്നറും അദ്ദേഹം ഒരുക്കിയിരുന്നു. 

''ആദ്യമായി ജർമനിയിലെ ഒരു ഡാൻസ് ഹാളിൽ വച്ചാണ് ഞങ്ങൾ കണ്ടത്. ആ രാത്രി വെളുക്കുവോളം ഞങ്ങൾ നൃത്തം ചെയ്തു.  അന്ന് ആ രാത്രിയിലാണ് ഞങ്ങൾക്കിടയിൽ പ്രണയം മൊട്ടിട്ടത്.  ഒരേ രീതിയിലുള്ള വസ്ത്രങ്ങൾ അവൾ ധരിച്ചു കാണുന്നത് എനിക്കിഷ്ടമല്ല. അതുകൊണ്ടു തന്നെ അവൾക്കായി വിവിധ ഡിസൈനുകളിലുള്ള ഗൗണുകൾ ഞാൻ വാങ്ങി. എന്റെ ഈ ഇഷ്ടം അറിയാവുന്ന വസ്ത്രവ്യാപാരികൾ ഡിസൈൻ മാറുന്ന മുറയ്ക്ക് എന്നെ വിളിച്ചറിയിക്കുകയും ന്യായമായ വിലയ്ക്ക് വസ്ത്രങ്ങൾ തരുകയും ചെയ്യും''.– പോൾ മുത്തച്ഛൻ പറയുന്നു.

2014 ഓടെ ഭാര്യയ്ക്ക് പുതുപുത്തൻ ഗൗണുകൾ വാങ്ങുന്ന ഏർപ്പാട് പോൾ മുത്തച്ഛൻ നിർത്തി. ഭാര്യയുടെ വസ്ത്രങ്ങൾ സൂക്ഷിക്കാനായി മുത്തച്ഛൻ ഒരുക്കിയ ഭീമൻ കണ്ടെയ്നർ  ഗൗണുകൾ കൊണ്ട് നിറഞ്ഞു കവിഞ്ഞപ്പോഴാണ് പുതിയ വസ്ത്രങ്ങൾ വാങ്ങുന്നത് അവസാനിപ്പിച്ചതും കൈയിലുള്ള വസ്ത്രങ്ങളിൽ ചിലത് വിൽക്കാൻ ആരംഭിച്ചതും.

ഇതുവരെ 7000 ഗൗണുകൾ മുത്തച്ഛൻ വിറ്റു. വരും വർഷങ്ങളിൽ ബാക്കിയുള്ള 48000 ഗൗണുകൾ വിൽക്കാൻ സാധിക്കുമെന്നാണ് കരുതുന്നതെന്നും  ഇദ്ദേഹം പറയുന്നു. അങ്ങനെ പറയുമ്പോഴും 200 ഗൗണുകൾ തനിക്ക് വളരെ സ്പെഷ്യൽ ആണെന്നും അതു വിൽക്കാതെ മാർഗൊട്ടിനു വേണ്ടി മാത്രം സൂക്ഷിക്കണം എന്നാണ് തന്റെ ആഗ്രഹമെന്നും പോൾ മുത്തച്ഛൻ പറയുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FAMILY CORNER
SHOW MORE
FROM ONMANORAMA