sections
MORE

മല്‍സരത്തിനുശേഷം അമ്മയെ വിളിച്ചു, അലറിക്കൊണ്ട് അമ്മ പറഞ്ഞത്: നവോമി ഒസാക്ക

naomi-osaka
SHARE

ഇത്തവണത്തെ ഓസ്ട്രേലിയന്‍ ഓപ്പണ്‍ സെറീനയ്ക്കു തന്നെ എന്നായിരുന്നു പ്രവചനങ്ങള്‍. ടൂര്‍ണമെന്റ് ഫൈനല്‍ കഴിഞ്ഞപ്പോള്‍ ഉദിച്ചുയര്‍ന്നതാകട്ടെ സെറീനയ്ക്കു പകരം ‘പുതിയ സെറീന’. ജപ്പാന്റെ നവോമി ഒസാക്ക. യു എസ് ഓപ്പണിലും താരം ഒസാക്ക തന്നെയായിരുന്നു. ആ വിജയം യാദൃച്ഛികമല്ലെന്നും താന്‍ യഥാര്‍ഥ ചാംപ്യന്‍ തന്നെയാണെന്നു തെളിയിച്ചുമാണ് ഓസ്ട്രേലിയന്‍ ഓപ്പണിലും ഒസാക്കയുടെ പടയോട്ടം. കുറച്ചു വര്‍ഷങ്ങളായി ആദ്യ പത്തില്‍ എത്തണമെന്നു മാത്രമാണ് താന്‍ ആഗ്രഹിച്ചതെന്നും ഇപ്പോഴത്തെ വിജയവും ഒന്നാം നമ്പര്‍ പദവിയും തന്റെ സ്വപ്നങ്ങളില്‍പോലുമില്ലായിരുന്നെന്നുമാണ് ഈ ഇരുപത്തൊന്നുകാരി സുന്ദരി പറയുന്നത്. 

മല്‍സരത്തിനും പത്രസമ്മേളത്തിനും ശേഷം ഞാന്‍ അമ്മയെ വിളിച്ചു. അഭിനന്ദിക്കുകപോലും ചെയ്തില്ല അമ്മ. പോയിക്കിടന്നുറങ്ങാനായിരുന്നു അമ്മയുടെ അലര്‍ച്ച. അതാണു സ്നേഹം..ചിരിച്ചുകൊണ്ട് ഒസാക്ക പറയുന്നു. 

ഓസ്ട്രേലിയന്‍ ഓപ്പണില്‍ കടുത്ത എതിരാളികളെ നേരിട്ടാണ് ഒസാക്കയുടെ കുതിപ്പ്. ആദ്യപത്തിലുള്ള മൂന്നുതാരങ്ങളും അടിയറവ് പറഞ്ഞതോടെയാണ് കഴിഞ്ഞ 18 വര്‍ഷത്തിനിടെ ആദ്യമായി ഒരു സീസണില്‍ത്തന്നെ തുടര്‍ച്ചയായ രണ്ടു കിരീടങ്ങള്‍ നേടി പുതിയൊരു ചാംപ്യന്‍ വനിതാ ടെന്നിസില്‍ ഉദിച്ചുയരുന്നത്. 

മൂന്നു സെറ്റ് നീണ്ട പോരാട്ടത്തില്‍ ഫൈനലില്‍ വിജയം കൈപ്പിടിയിലൊതുക്കുമ്പോള്‍ ടെന്നിസ് സിംഗിള്‍സില്‍ ഒന്നാം നമ്പറില്‍ എത്തുന്ന ആദ്യ ഏഷ്യക്കാരിയുമായി ഒസാക്ക. ഏഷ്യയില്‍നിന്ന് ഇതുവരെ പുരുഷതാരങ്ങള്‍ക്കുപോലും ഈ നേട്ടത്തിലെത്താനും ആയിട്ടില്ല. കരോളിന വോസ്‍നിയാക്കിക്കുശേഷം ചാംപ്യനാകുന്ന ഏറ്റവും പ്രായം കുറഞ്ഞ താരവും ഈ ജപ്പാന്‍താരം തന്നെ. 

കഴിയാവുന്നത്ര നന്നായി കളിച്ച് മുന്നിലെത്തുക എന്നതുമാത്രമായിരുന്നു എന്റെ ലക്ഷ്യം. അതായിരുന്നു എന്റെ വഴി. ഓരോരുത്തരുടെയും മാര്‍ഗങ്ങള്‍ വ്യത്യസ്തമായിരിക്കും. അതുതന്നെയാണല്ലോ ജീവിതത്തിന്റെ വ്യത്യസ്തതയും. ഇനി കിരീടനേട്ടങ്ങളില്‍ എത്തിയാലും ഇല്ലെങ്കിലും ഒരുകാര്യം ഉറപ്പ്; ഈ നേട്ടം എന്നുമെന്റെ മനസ്സില്‍ ഉണ്ടായിരിക്കും- സ്വപ്നസാക്ഷാത്കാരമായി. 

കലിഫോര്‍ണിയയില്‍ നടന്ന ഒരു ചാംപ്യന്‍ഷിപ്പില്‍ മരിയ ഷറപ്പോവ ഉള്‍പ്പെടെയുള്ളവരെ തോല്‍പിച്ചുകൊണ്ടാണ് ഒസാക്ക ഈ വര്‍ഷം പടയോട്ടം തുടങ്ങിയത്. യുഎസ് ഓപ്പണില്‍ എത്തിയപ്പോഴേക്കും ഒരേയൊരു സെറ്റ് മാത്രം നഷ്ടപ്പെടുത്തി സെറീന വില്യംസിനെ തോല്‍പിച്ച് അവര്‍ കിരീടം ചൂടി. 72-ാം റാങ്കില്‍നിന്ന് ഒന്നാം റാങ്കിലേക്ക് കുതിച്ചുകയറിയ ഒസാക്കയ്ക്ക് 21 വയസ്സ് മാത്രമാണെങ്കിലും ഒരു മുതിര്‍ന്ന താരത്തിന്റെ പക്വത അവര്‍ പെരുമാറ്റത്തിലും കളിയിലും  പ്രദര്‍ശിപ്പിക്കുന്നു. 

ഇത്ര വേഗത്തില്‍ ഒന്നാം നമ്പര്‍....ഇല്ല അതെന്റെ സ്വപ്നങ്ങളില്‍പ്പോലുമില്ലായിരുന്നു. അതുകൊണ്ടുതന്നെ വികാരങ്ങളെ നിയന്ത്രിക്കാന്‍ ഞാനിപ്പോള്‍ പാടുപെടുന്നു...ആവേശഭരതയായി ഒസാക്ക തന്റെ സ്വപ്നനേട്ടത്തില്‍ മതിമറക്കാതെ ആഹ്ലാദിക്കുന്നു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE IN FAMILY CORNER
SHOW MORE
FROM ONMANORAMA