sections
MORE

എക്കാലത്തെയും ഹീറോ അച്ഛൻ: കുഞ്ഞിന്റെ ചിത്രം പങ്കുവച്ച് അമൃത

Amrutha Varshini With Her Newborn Baby
പ്രണയ്,അമൃത, കുഞ്ഞിനൊപ്പം അമൃത
SHARE

കുഞ്ഞുവാവ ഗർഭത്തിലിരിക്കെ മൂന്നാം മാസമാണ് അവന്റെ അച്ഛൻ  പ്രണയ് കൊല്ലപ്പെട്ടത്. കുഞ്ഞിന്റെ അമ്മ അമൃത വർഷിണിയുടെ അച്ഛൻ മാരുതി റാവു ഏർപ്പെടുത്തിയ ക്വട്ടേഷൻ ഗുണ്ടകളാണ് പ്രണയിയുടെ ജീവനെടുത്തത്. ജീവിത്തിലെ വേദന നിറഞ്ഞ കാലഘട്ടം താണ്ടിയാണ് അമൃത മകന് ജന്മം നൽകിയത്. ഭർത്താവ് പ്രണയിയുടെ പ്രണയസമ്മാനമായ ആ ആൺകുഞ്ഞ് അമൃതയുടെ ജീവിതത്തിലേക്കെത്തിയത് അവരുടെ വിവാഹവാർഷികത്തിലാണ്.

പ്രാണനോളം പ്രണയിച്ച പ്രണയി ഒപ്പമില്ലെന്ന നോവ് ഉള്ളു നീറ്റുമ്പോഴും അമൃത പിടിച്ചു നിൽക്കുന്നത് അവളുടെ കുഞ്ഞിനു വേണ്ടിയാണ്. ജാതിവെറി മൂത്ത് തന്റെ ഭർത്താവിനെ ഇല്ലാതാക്കിയവരോടുള്ള പ്രതികാരം ആ പെൺകുട്ടി നിറവേറ്റുന്നത് സ്വന്തം മകനെ ജാതിയില്ലാതെ വളർത്തിക്കൊണ്ടാണ്. രാജ്യത്തെ ഞെട്ടിച്ച തെലങ്കാന ദുരഭിമാനക്കൊലയുടെ ഇര പ്രണയിയുടെ ഭാര്യ അമൃത ആൺകുഞ്ഞിന് ജന്മം നൽകിയ വാർത്തയറിഞ്ഞ് ഒരുപാടുപേർ ആശംസകൾ അറിയിക്കുന്നുണ്ടെങ്കിലും അമൃതയുടെയും കുഞ്ഞിന്റെയും സുരക്ഷയുടെ കാര്യത്തിൽ ആശങ്കയുണ്ട് പ്രണയിയുടെ അച്ഛൻ ബാലസ്വാമിക്ക്. പ്രണയിയുടെ മരണശേഷം പ്രണയിയുടെ വീട്ടുകാർക്കൊപ്പമായിരുന്നു അമൃതയുടെ താമസം.

കൊലപാതകത്തിനു പിന്നിൽ തന്റെ അച്ഛനാണെന്ന് അമൃത ഉറപ്പിച്ചു പറഞ്ഞിരുന്നു. അന്വേഷണത്തിനൊടുവിൽ അമൃതയുടെ ആ ആരോപണം സത്യമാണെന്ന് പൊലീസ് തെളിയിച്ചു. മകൾ ജാതിയിൽ താഴ്ന്ന യുവാവിനെ പ്രണയിച്ചു വിവാഹം കഴിച്ചത് മാരുതി റാവു എന്ന അച്ഛനെ ചൊടിപ്പിച്ചിരുന്നു. വിവാഹശേഷവും അമൃതയോട് വീട്ടിലേക്ക് തിരികെ മടങ്ങി വരാൻ അയാൾ ആവശ്യപ്പെട്ടിരുന്നു. അമൃത ഗർഭിണിയാണെന്നറിഞ്ഞപ്പോൾ ഗർഭം അലസിപ്പിച്ച് ഭർത്താവിനെ ഉപേക്ഷിച്ച് വീട്ടിലേക്ക് മടങ്ങി വരണമെന്നായി ഭീഷണി. അച്ഛന്റെ ഭീഷണികൾക്കു മുന്നിൽ അമൃത വഴങ്ങാതെ വന്നതോടെയാണ് പ്രണയിയെ ക്വട്ടേഷൻ സംഘങ്ങളുടെ സഹായത്തോടെ കൊലപ്പെടുത്തിയത്.

വിവാഹശേഷവും അമൃതയും അമ്മയുമായി ഫോൺവിളികളുണ്ടായിരുന്നു. അമൃതയും അമ്മയും തമ്മിലുള്ള ഫോൺ സംഭാഷണങ്ങളിൽ നിന്നാണ് അവർ അമൃതയുടെ ചെക്കപ്പിനായി ആശുപത്രിയിൽ പോകുന്ന വിവരം മാരുതി റാവു അറിഞ്ഞത്. പ്രണയിയെ കൊല്ലാനായി ആ ദിവസം തന്നെ അവർ തിരഞ്ഞെടുത്തു. മൂന്നു മാസം ഗർഭിണിയായ അമൃതയ്ക്കൊപ്പം ആശുപത്രിയിൽ നിന്നും മടങ്ങുന്ന വഴിയാണ് പ്രണയ് ആക്രമിക്കപ്പെട്ടത്. നാൽഗോണ്ടയിലെ ജ്യോതി ആശുപത്രിക്കു സമീപമാണ് കൃത്യം നടന്നത്. ഗർഭിണിയായ അമൃതയുടെ കൺമുന്നിലിട്ടാണ് പ്രണയിയെ ക്വട്ടേഷൻ സംഘം വെട്ടിക്കൊലപ്പെടുത്തിയത്. അമൃതയുടെ പിതാവ് ടി. മാരുതി റാവു ഒരു കോടി രൂപ നല്‍കി ബീഹാറില്‍ നിന്നിറക്കിയ ക്വട്ടേഷന്‍ സംഘമാണ് പ്രണയിനെ വെട്ടി കൊലപ്പെടുത്തിയത്.

രാജ്യത്തെ നടുക്കിയ ദുരഭിമാനക്കൊലയ്ക്കു പിന്നിലുള്ള ഏഴുപ്രതികളെ പൊലീസ് പിന്നീട് അറസ്റ്റ് ചെയ്തു. ജാതിവെറിക്കെതിരെ പോരാടിയും ജനിക്കാൻ പോകുന്ന കൺമണിയെക്കുറിച്ചുള്ള പ്രതീക്ഷയിലുമാണ് അമൃത പിന്നീട് ജീവിതം മുന്നോട്ടു കൊണ്ടുപോയത്. പ്രണയിയുടെ ചിത്രത്തിനു സമീപം കുഞ്ഞിനെയെടുത്തു നിൽക്കുന്ന അമൃതയുടെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. അച്ഛൻ പ്രണയിയാണ് എക്കാലത്തെയും ഹീറോ എന്നും ചിത്രത്തിൽ കുറിച്ചിട്ടുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FAMILY CORNER
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA