ADVERTISEMENT

വിവാഹം നടക്കുന്നതു സ്വര്‍ഗത്തിലോ ഭൂമിയില്‍ നിന്നകലെ ഏതെങ്കിലും സങ്കല്‍പ ലോകത്തിലോ ആയിക്കോട്ടെ; വിവാഹാനന്തരം ജീവിക്കേണ്ടതു ഭൂമിയില്‍തന്നെയാണ്. സന്തോഷത്തോടെയും സമാധാനത്തോടെയുമാണ് ജീവിതമെങ്കില്‍ ഭൂമിയും സ്വര്‍ഗമായി മാറും. അങ്ങനെയാണെങ്കില്‍ സൈന ഇപ്പോള്‍ സന്തോഷത്തിന്റെ സ്വര്‍ഗത്തിലാണ് ജീവിക്കുന്നത്; വെളിപ്പെടുത്തുന്നത് എയ്സുകളാലും തകര്‍പ്പന്‍ റിട്ടേണുകളാലും എതിരാളികളെ വിറപ്പിച്ച സൈന നെഹ്‌വാൾ തന്നെ. ലണ്ടന്‍ ഒളിംപിക്സിലെ വെങ്കല മെഡല്‍ ജേതാവ്. ഇന്ത്യയുടെ അഭിമാനം. 

saina-with-kashyap-03
സൈന നെഹ്‌വാൾ ഭർത്താവ് കശ്യപിനൊപ്പം

കായികതാരം തന്നെയായ പി.കശ്യപുമായുള്ള വിവാഹത്തിനുശേഷമുള്ള ജീവിതത്തെക്കുറിച്ച് സൈന പറയുന്നു: ഒരു സ്വപ്നം പോലെ. വ്യക്തിജീവിതത്തില്‍ മാത്രമല്ല വിവാഹനാന്തരം സൈന സന്തോഷത്തിലൂടെ കടന്നുപോകുന്നത്; കരിയറിലും അങ്ങനെ തന്നെയാണ്. ഇന്തോനേഷ്യന്‍ മാസ്റ്റേഴ്സ് വിജയം. അതും കിരീടനേട്ടമില്ലാത്ത രണ്ടുവര്‍ഷത്തെ വരള്‍ച്ചയ്ക്കും നിരാശയ്ക്കും ശേഷം. വിവാഹം ഭാഗ്യം കൊണ്ടുവന്നു എന്നാണോ ഉദ്ദേശിക്കുന്നതെന്നു ചോദിക്കുമ്പോള്‍ സംശയമില്ല സൈനയുടെ മുഖത്ത്- അതേ ഭാഗ്യം തന്നെ. 

Saina-Nehwal-at-lakme-fashion-week
സൈന നെഹ്‌വാൾ ലാക്മേ ഫാഷൻ വീക്ക് വേദിയിൽ

എല്ലാ കാര്യങ്ങളും ഉദ്ദേശിച്ചതുപോലെ തന്നെ നടക്കുന്നു. ഒരു വിജയത്തിനുവേണ്ടി ഞാന്‍ കുറച്ചുനാളായി ആഗ്രഹിക്കുന്നു. വിവാഹത്തിനുശേഷം ആഗ്രഹിച്ച കിരീടം ഇത്രവേഗം നേടാന്‍ കഴിയുമെന്ന് ഞാന്‍ വിചാരിച്ചിരുന്നില്ല. ഇപ്പോഴിതാ വിജയം അനുഗ്രഹിച്ചിരിക്കുന്നു- സന്തോഷത്തോടെ സൈന പറയുന്നു. സൂപ്പര്‍ സിരീസ് വിജയം കഴിഞ്ഞിട്ട് കുറച്ചായി. അതിനുശേഷം ഇപ്പോഴാണ് ഒരു സെമി ജയിച്ച് ഫൈനലില്‍ എത്തുന്നത്. പരുക്കിനെത്തുടര്‍ന്ന് കരോലിന മാരിനു പിന്‍മാറേണ്ടിവന്നു എന്നതു സത്യം തന്നെ. പക്ഷേ, ഭാഗ്യം എന്റെ കൂടെയല്ല എന്നാര്‍ക്കു പറയാന്‍ കഴിയും ? ഏഷ്യന്‍ ഗെയിംസ് ചാംപ്യന്‍ കൂടിയായ സൈന ലാക്മെ ഫാഷന്‍ വീക്കിലെ റാംപിലും അടുത്തിടെ ഒരു കൈ നോക്കി. വാണി രഘുപതി ഡിസൈന്‍ ചെയ്ത ലെഹങ്കയിലായിരുന്നു സൈനയുടെ ക്യാറ്റ്്‍വാക്ക്; അതും ഇഷ്ടനിറമായ മഞ്ഞയില്‍. 

വിവാഹം എല്ലാരീതിയിലും തനിക്കു ഭാഗ്യം കൊണ്ടുവന്നു എന്നുപറയുമ്പോള്‍ കളിക്കളത്തിലും ജീവിതത്തിലും കഠിനമായ അനുഭവങ്ങളിലൂടെ കടന്നുപോയ ഒരു താരത്തിന്റെ പരുക്കന്‍ ഭാവമല്ല സൈനയുടെ മുഖത്ത്; നവവധുവിന്റെ ലജ്ജ. സൈനയുടെ ഏറ്റവും വലിയ കരുത്തായി എതിരാളികളും ആരാധകരും ഒരുപോലെ സമ്മതിച്ചിരുന്നത് അവരുടെ മാനസികമായ കരുത്താണ്. മുന്‍ പരിശീലകന്‍ വിമല്‍കുമാര്‍ അടുത്തിടെയും അതേക്കുറിച്ച് സംസാരിച്ചിരുന്നു. വിമല്‍കുമാര്‍ പറയുന്നത് സൈനയും ശരിവയ്ക്കുന്നു. കുട്ടിക്കാലം മുതലേ ഞാന്‍ അങ്ങനെയായിരുന്നു. അതെനിക്കറിയമായിരുന്നു. എന്റെ മാനസികശക്തി. മല്‍സരങ്ങളില്‍ പിന്നില്‍നിന്നു പൊരുതിക്കയറാന്‍ എന്നെ സഹായിച്ചതും ആ ഗുണം തന്നെ. 

saina-nehwal-with-kashyap-02
സൈന നെഹ്‌വാൾ ഭർത്താവ് കശ്യപിനൊപ്പം

മാസനസികമായ കരുത്തുമൂലമാണ് എപ്പോഴും എനിക്ക് എതിരാളികളേക്കാള്‍ ഒരുപടി മുന്നില്‍ നില്‍ക്കാന്‍ കഴിയുന്നതും. പ്രതിഭയാല്‍ അനുഗ്രഹീതയായ കായികതാരമാണ് ഞാന്‍ എന്നത് ശരിയല്ല. സ്ട്രോക്ക് മേക്കിങ്ങില്‍ ഞാന്‍ പിന്നിലുമാണ്. പക്ഷേ, നിരന്തരമായി പഠിക്കാനുള്ള മനസ്സാണ് എന്നെ മുന്നിലെത്തിക്കുന്നത്. പരുക്കും സൈനയുടെ ജീവതത്തില്‍ കരിനിഴല്‍ വീഴ്‍ത്തിയിരുന്നു. പക്ഷേ പരുക്കുകളും തിരിച്ചുവരവുമൊക്കെ എല്ലാ കായികതാരങ്ങളുടെയും ജീവിതത്തിന്റെ ഭാഗമാണെന്ന് സൈന പറയുന്നു. അവയെ അംഗീകരിക്കാനും അതിജീവിക്കാനും പഠിക്കുക എന്നതേ ചെയ്യാനുള്ളൂ. 

നന്നായി പരിശീലിക്കുക. എപ്പോഴും ആരോഗ്യം കാത്തുസൂക്ഷിക്കുക. ബാക്കിയൊന്നു നമ്മുടെ കൈയിലല്ല. നല്ലകാലത്തിനു വേണ്ടി ക്ഷമയോടെ കാത്തിരിക്കുക..സൈന വിജയമന്ത്രങ്ങള്‍ ഒന്നൊന്നായി പറയുന്നു. ഓള്‍ ഇംഗ്ലണ്ട് ചാംപ്യന്‍ഷിപ് തുടങ്ങാന്‍ ഇനി ഒരുമാസം മാത്രമേ ബാക്കിയുള്ളൂ. മാര്‍ച്ച് ആറു മുതല്‍ 10 വരെ. വരാനിരിക്കുന്ന ആ വലിയ മല്‍സരത്തിനുവേണ്ടിയുള്ള ഒരുക്കത്തിലാണ് രാജ്യത്തിന്റെ പ്രിയതാരമായ സൈന. 2015-ല്‍ ഫൈനലില്‍ സൈനയ്ക്കു തോല്‍വി സമ്മതിക്കേണ്ടിവന്നു. അതിപ്പോഴും മനസ്സിലുണ്ട്. അതുകൊണ്ടുതന്നെ ഇത്തവണ എങ്ങനെയും വിജയിക്കുക എന്നതുതന്നെയാണ് താരത്തിന്റെ ലക്ഷ്യം. നാലുവര്‍ഷത്തിനുശേഷം ഒരു മധുരപ്രതികാരം. 

മുന്‍പ് ചില തെറ്റുകള്‍ വരുത്തിയിരുന്നു. അവ എന്തൊക്കെയാണെന്ന് എനിക്കു മനസ്സിലായിട്ടുണ്ട്. അവയെല്ലാം പരിഹരിച്ചു കഴിഞ്ഞു. ടൂര്‍ണമെന്റിലൂടനീളം ഫിറ്റനസ് കാത്തുസൂക്ഷിക്കാന്‍ കഴിഞ്ഞാല്‍ വിജയം എന്റെ വഴിയില്‍ വരുമെന്നാണ് പ്രതീക്ഷ- സൈന ആത്മവിശ്വാത്തിലാണ്. അതുതന്നെയാണ് രാജ്യത്തിന്റെ പ്രതീക്ഷയും. വിവാഹാനന്തരം രണ്ടാം കിരീടനേട്ടവുമായി സൈന വിജയശ്രീലാളിതയായി എത്താന്‍ കാത്തിരിക്കുന്നു ആരാധകര്‍; ഒപ്പം ഭര്‍ത്താവ് കശ്യപും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com