ADVERTISEMENT

ഒരു വിവാഹം കൂടി കോടതി കയറിയിരിക്കുന്നു. അതും വിവാഹിതരായവര്‍ തമ്മില്‍ ഒരു പ്രശ്നങ്ങളും ഇല്ലാതിരിക്കെത്തന്നെ. വില്ലന്‍ സമൂഹമാധ്യമങ്ങളിലെ വിദ്വേഷപ്രചാരണം തന്നെ. വിവാഹിതരായവരുടെ ചിത്രങ്ങള്‍ ഭാവനയ്ക്കനുസരിച്ച് അടിക്കുറിപ്പോടെ പ്രചരിപ്പിക്കുകയും ഒരു കൂട്ടര്‍ നിയമം കൈയിലെടുക്കാന്‍ തുനിയുകയും ചെയ്തതോടെയാണ് നവദമ്പതികള്‍ക്ക് കോടതിയുടെ സഹായം തേടേണ്ടി വന്നത്. പഞ്ചാബിലാണ് സംഭവം. 

67 വയസ്സുകാരനായ ഷംഷേര്‍ സിങ്ങും 24 വയസ്സുകാരി നവപ്രീത് കൗറുമാണ് വിവാദമായിരിക്കുന്ന വിവാഹത്തിലെ കഥാപാത്രങ്ങള്‍. ജനുവരിയിലാണ് ഇവര്‍ വിവാഹിതരായത്. വിവാഹച്ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചപ്പോഴാണ് സംഭവം വിവാദമായതും. എന്തായാലും ദമ്പതികളുടെ പരാതിയെത്തുടര്‍ന്ന് അവര്‍ക്ക് പൂര്‍ണ സംരക്ഷണം കൊടുക്കാന്‍ ഉത്തരവിട്ടിരിക്കുകയാണ് പഞ്ചാബ്-ഹരിയാന ഹൈക്കോടതി. 

ധുരി സബ്‍ഡിവിഷനില്‍പെട്ട ബലിയന്‍ ഗ്രാമവാസിയാണ് ഷംഷേര്‍. നവപ്രീതിനെ അദ്ദേഹം വിവാഹം കഴിക്കുന്നത് ചണ്ഡീഗഡിലെ ഒരു ഗുരുദ്വാരയില്‍വച്ച്. ജനുവരിയില്‍ വിവാഹം നടന്ന ഉടന്‍ ഇരുവരുടെയും ചിത്രങ്ങള്‍ ചിലര്‍ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിപ്പിച്ചു. ഇതിനെത്തുടര്‍ന്ന് തങ്ങളുടെ ജീവനു ഭീഷണിയുണ്ടെന്ന് കാണിച്ച് ദമ്പതികൾ ഹൈക്കോടതിയെ ‍സമീപിച്ചു. ബന്ധുക്കളും കുടുംബത്തിലുള്ളവരുമാണ് തങ്ങളെ വേട്ടയാടുന്നതെന്നും അവരില്‍നിന്നു സംരക്ഷണം വേണമെന്നുമായിരുന്നു ദമ്പതികളുടെ ആവശ്യം.

ദമ്പതികളുടെ  കുടുംബക്കാര്‍  വിവാഹത്തെ എതിര്‍ക്കുന്നതാണ് പ്രശ്നമെന്ന് ദമ്പതികളുടെ അഭിഭാഷകനായ മോഹിത് സാധന പറയുന്നു. പ്രായവ്യത്യാസമാണ് പ്രശ്നമായതെന്നും ഫെബ്രുവരി നാലിന് ദമ്പതികള്‍ക്ക് അനുകൂലമായി ഹൈക്കോടതി ഉത്തരവ് വന്നിട്ടുണ്ടെന്നും അഭിഭാഷകൻ പറയുന്നു. തങ്ങളുടെ വിവാഹത്തെക്കുറിച്ച് ദമ്പതികള്‍ പ്രതികരിക്കാന്‍ വിസമ്മതിച്ചെങ്കിലും വിവാഹം പൂര്‍ണമായും നിയമവിധേയമാണെന്നാണ് അഭിഭാഷകന്റെ വാദം‍. ഇരുവരും പ്രായപൂര്‍ത്തിയായവരാണ്. വിവാഹിതരാകാനുള്ള എല്ലാ അവകാശവും തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യവും അവര്‍ക്കുണ്ട്. രണ്ടുപേരും നേരത്തെ വിവാഹിതരായവരുമല്ല. അതുകൊണ്ടുതന്നെ വിവാഹത്തെ എതിര്‍ക്കാന്‍ ആര്‍ക്കും അവകാശമില്ല- അഭിഭാഷകന്‍ നയം വ്യക്തമാക്കുന്നു. 

ഹൈക്കോടതി ഉത്തരവ് കിട്ടിയതായും കോടതിനിര്‍ദേശമനുസരിച്ച് ദമ്പതികള്‍ക്ക് സംരക്ഷണം കൊടുക്കുമെന്നും പൊലീസും അറിയിച്ചു. ഷഷേറിന്റെ ബന്ധുക്കള്‍ക്കാണ് വിവാഹത്തില്‍ പ്രധാനമായും എതിര്‍പ്പുള്ളതെന്നു പറയുന്നു.  പക്ഷേ തങ്ങള്‍ സന്തുഷ്ടരാണെന്നും തങ്ങളെ ശല്യപ്പെടുത്താതിരുന്നാല്‍ മതിയെന്നുമാണ് ദമ്പതികളുടെ നിലപാട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com