ADVERTISEMENT

വിവാഹത്തിന് ഒരുങ്ങിയപ്പോള്‍ കരീം വലിയ പുലിവാലൊന്നും പ്രതീക്ഷിച്ചില്ല. വിവാഹം കഴിക്കുന്നത് അദ്ദേഹത്തിനു വലിയ പുതുമയല്ലതാനും. പക്ഷേ, ഇപ്പോള്‍ ഇനിയും ഒരു വിവാഹത്തിന് ഒരുങ്ങരുതെന്ന് മുന്നറിയിപ്പ് കിട്ടിയിരിക്കുകയാണ് കക്ഷിക്കിപ്പോൾ. ഒപ്പം വിവാഹഒരുക്കങ്ങള്‍ക്കുവേണ്ടി ചെലവായ രണ്ടു ലക്ഷം രൂപ വധുവിന്റെ വീട്ടുകാര്‍ക്ക് കൊടുക്കേണ്ട ഗതികേടും. ജാര്‍ഖണ്ഡിലാണ് സംഭവം. 

മൂന്നാമത്തെ വിവാഹത്തിന് തയാറാകുന്നതിനിടെയിലാണ് കരീം അറസ്റ്റിലായത്. വെള്ളിയാഴ്ചയായിരുന്നു സംഭവം. ആദ്യ രണ്ടു വിവാഹത്തിലെയും ഭാര്യമാരുടെ പരാതിയെത്തുടര്‍ന്നായിരുന്നു അറസ്റ്റ്. പക്ഷേ, അതുകൊണ്ടും കരീം പിന്നോട്ടുപോയില്ല. മൂന്നാമത് വിവാഹം യാഥാര്‍ഥ്യമാക്കാന്‍ അദ്ദേഹം തനിക്കുവേണ്ടി പകരക്കാരനെ അയച്ചു. കരീമിന്റെ സഹോദരൻ റഹീം ആയിരുന്നു ആ പകരക്കാരൻ. പക്ഷേ, വിവാഹസ്ഥലത്ത് കരീമിനു പകരം സഹോദരന്‍ വന്നതോടെ വധുവിന്റെ വീട്ടുകാര്‍ ബഹളം തുടങ്ങി. അവര്‍ കരീമിന്റെ പകരക്കാരനെ തടഞ്ഞുവച്ചുകൊണ്ട് നഷ്ടപരിഹാരം ആവശ്യപ്പെട്ടു.

ആദ്യരണ്ടു ഭാര്യമാരും ജീവിച്ചിരിക്കെ, മൂന്നാമത് വിവാഹം കഴിക്കാൻ ശ്രമിച്ചതാണ് കരീം കുടുങ്ങാൻ കാരണം. സംഭവമറിഞ്ഞ രണ്ടു ഭാര്യമാരും ബഹളം തുടങ്ങി. വിവരമറിഞ്ഞ് പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. വീണ്ടും വിവാഹം കഴിച്ചാലുള്ള പ്രത്യാഘാതത്തെക്കുറിച്ച്  അവർ കരീമിനെ ബോധ്യപ്പെടുത്തി. ഒടുവിൽ ഇപ്പോഴുള്ള ഭാര്യമാരുമായി ഒരുമിച്ചുപോകാനും മൂന്നാം വിവാഹം വേണ്ടെന്നുവയ്ക്കാനും അയാള്‍ തയാറായി. തന്റെ അമ്മയുടെ നിര്‍ബന്ധത്തെത്തുടര്‍ന്നാണ് മൂന്നാം വിവാഹത്തിന് താന്‍ തയാറായതെന്നാണ് കരീം പറയുന്നത്. എന്തായാലും മൂന്നാം  വിവാഹം എന്ന സ്വപ്നം ഉപേക്ഷിച്ചതോടെ കരീമിനെ പൊലീസ് സ്വന്തം വഴിക്കുവിട്ടു. 

കരീമും രണ്ടു ഭാര്യമാരും കൂടി ആറേഴു വര്‍ഷമായി ഒരുമിച്ചുജീവിക്കുകയാണ്. അവര്‍ തമ്മില്‍ നിലവില്‍ പ്രശ്നങ്ങളൊന്നുമില്ല. കരീമിനെക്കുറിച്ച് ഭാര്യമാര്‍ക്ക് പരാതിയും ഇല്ല. പക്ഷേ, ഇനിയും ഒരു പെണ്‍കുട്ടിയെ വിവാഹം കഴിക്കാനുള്ള പദ്ധതി അവര്‍ക്ക് ബോധിച്ചിട്ടില്ല.

നോമുണ്ടി എന്ന സ്ഥലത്തുനിന്നുമായിരുന്നു കരീം ആദ്യം വിവാഹം കഴിച്ചത്. കുമിര്‍ത എന്ന സ്ഥലത്തുനിന്നുള്ള ആദിവാസി വിഭാഗത്തില്‍പെട്ട യുവതിയാണ് രണ്ടാമത്തെ വധു. മൂന്നാം വിവാഹത്തിനുവേണ്ടി ഒരുങ്ങി, പരിവാരങ്ങളുമായി കരീം പുറപ്പെടാനൊരുങ്ങിയപ്പോഴായിരുന്നു പൊലീസിന്റെ വരവ്. നാട്ടുകാര്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്നാണ് പൊലീസ് എത്തിയത്. 

അപ്പോഴാണ്, കരീം സഹോദരന്‍ റഹീമിനെ വധുവിന്റെ വീട്ടിലേക്ക് അയച്ചത്. കരീമിനു പകരം റഹീമിനെ കണ്ടതോടെ വധുവിന്റെ വീട്ടുകാര്‍ ക്ഷുഭിതരായി. വിവാഹം നടക്കില്ലെന്നും പക്ഷേ വിവാഹച്ചെലവായി രണ്ടുലക്ഷം വേണമെന്നുമാണ് അവരുടെ ആവശ്യം. റഹീമിന്റെ അവര്‍ ബന്ദിയാക്കുകയും ചെയ്തു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com